Page 7

LOAF TIDINGS

Joy of Love in Family

Spiritual Ministry

LOAF Spiritual Eve (മാസ ധ്യാനം) – റിപ്പോർട്ട്

LOAF കുടുംബങ്ങളുടെ ആത്മീയ വളർച്ചയും ദാമ്പത്യ-കുടുംബ ബന്ധങ്ങളുടെ ശക്തീകരണവും ലക്ഷ്യമാക്കി എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തിവരുന്ന LOAF Spiritual Eve (മാസ ധ്യാനം) LOAF Spiritual & Intercession Team-ന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടത്തിവരുന്നു.

ബഹുമാനപ്പെട്ട വൈദികരുടെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന ഈ ആത്മീയ സായാഹ്നം LOAF കുടുംബങ്ങൾക്കും മറ്റ് വിശ്വാസി കുടുംബങ്ങൾക്കും ഒരുമിച്ച് പ്രാർത്ഥിക്കാനും ദൈവവചനത്തിൽ ആഴപ്പെടാനും ആത്മീയമായി നവീകരിക്കപ്പെടാനും ലഭിക്കുന്ന അനുഗ്രഹീത അവസരമാണ്.

മാസ ധ്യാനത്തിന്റെ ഭാഗമായി വൈകിട്ട് 6.15-ന് പ്രെയ്സ് ആൻഡ് വർഷിപ്പും ജപമാലയും ആരംഭിക്കുന്നു. തുടർന്ന് 6.45-ന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വചന പ്രഘോഷണവും വചനധ്യാനവും നടക്കുന്നു. കുടുംബജീവിതത്തെ ക്രിസ്തുവിൽ കേന്ദ്രീകരിക്കാനും വിശ്വാസജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും ദൈവവചനത്തിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ കുടുംബങ്ങൾക്ക് ഏറെ സഹായകരമാകുന്നു. ഇതിനോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കുന്നു. അനുരഞ്ജന കൂദാശയിലൂടെ ദൈവവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിലേക്ക് വളരുന്നതിനും ആത്മീയ ജീവിതത്തെ പുതുക്കുന്നതിനും കുടുംബങ്ങൾക്ക് അവസരം ലഭിക്കുന്നു.

തുടർന്ന് ദിവ്യകാരുണ്യ ആരാധനയും സൗഖ്യശുശ്രൂഷയും മദ്ധ്യസ്ഥ പ്രാർത്ഥനയും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ കുടുംബങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും തങ്ങളുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ആവശ്യങ്ങൾ കർത്താവിന്റെ തിരുമുമ്പിൽ സമർപ്പിക്കുകയും ചെയ്യുന്നു. ഈ സമയം പല കുടുംബങ്ങൾക്കും ആത്മീയ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും അനുഭവമായി മാറുന്നു. ജൂൺ 13-ാം തീയതിയും ജൂലൈ 11 -ാം തിയതിയും മഡോണ മൈനർ സെമിനാരി ചാപ്പലിലും, ആഗസ്റ്റ് 8-ാം തീയതി Family Apostolate Centre-ലും നടന്ന മാസ ധ്യാനങ്ങളിൽ നിരവധി LOAF കുടുംബങ്ങളും മറ്റ് വിശ്വാസി കുടുംബങ്ങളും സജീവമായി പങ്കെടുത്തു. പ്രാർത്ഥനയിലൂടെയും വചനത്തിലൂടെയും ദിവ്യകാരുണ്യ സന്നിധിയിലൂടെയും കുടുംബങ്ങൾ ആത്മീയ നവീകരണവും ദൈവാനുഗ്രഹങ്ങളും പ്രാപിച്ചു.

പരിപാടികളുടെ സമാപനത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും സഹോദര്യവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുന്നതിനുമുള്ള മനോഹരമായ അവസരമായി ഇത് മാറി.

ദൈവസന്നിധിയിൽ കുടുംബങ്ങളെ ഒന്നിപ്പിക്കുകയും, ക്രിസ്തുവിൽ കൂടുതൽ ആഴപ്പെടാനും കുടുംബജീവിതത്തെ വിശ്വാസത്തിൽ ശക്തിപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്ന ഈ മാസ ധ്യാനം LOAF കുടുംബങ്ങൾക്ക് വലിയൊരു ആത്മീയ അനുഗ്രഹമായി തുടരുന്നു.

ഈ ശുശ്രൂഷകൾ അനുഗ്രഹീതവും വിജയകരവുമാക്കാൻ ആത്മീയ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട വൈദികർക്കും, പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും, ആത്മാർത്ഥതയോടും സമർപ്പണത്തോടും കൂടി സേവനം ചെയ്ത LOAF Spiritual & Intercession Team അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. ദൈവം എല്ലാ LOAF കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏

Academic Ministry

ലോഫ് അക്കാഡമിക് സെഷൻ - ജൂൺ – ജൂലൈ – ഓഗസ്റ്റ് 2026

ലോഫ് കുടുംബങ്ങളെ വിശ്വാസത്തിലും കുടുംബജീവിതത്തിന്റെ വിവിധ മേഖലകളിലും കൂടുതൽ ആഴത്തിൽ വളർത്തുന്നതിനും, കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ ക്രിസ്തീയ മൂല്യങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നതിനും, കുടുംബങ്ങളെ പ്രാപ്തരാക്കുന്നതിനുമായി ലോഫ് അക്കാഡമിക് ടീമിന്റെ നേതൃത്വത്തിൽ എല്ലാ നാലാം ഞായറാഴ്ചയും അക്കാഡമിക് സെഷൻ നടത്തിവരുന്നു

ജൂൺ 28-ന്, ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ വച്ച് നടന്ന അക്കാഡമിക് ഈവിൽ “മാധ്യമ ജാഗ്രത നവ കുടുംബങ്ങളിൽ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. കൃത്രിമ ബുദ്ധിയുടെ ലോകത്ത് കുടുംബങ്ങളും യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, മാധ്യമങ്ങളും അനന്തസാധ്യതകളും തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. Media Catholica ഡയറക്ടർ റവ. ഫാ. അൽജോ കരേറക്കാട്ടിൽ ക്ലാസ് നയിച്ചു. കുടുംബജീവിതത്തിൽ മാധ്യമങ്ങളെയും കൃത്രിമബുദ്ധിയെയും വിവേകപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും, അതോടൊപ്പം ഉയർന്നുവരുന്ന സാധ്യതകളും വെല്ലുവിളികളും ക്ലാസിൽ വിശദീകരിച്ചു.

ജൂലൈ 26-ന്, “കുടുംബ ജീവിതത്തിൽ കുടുംബാംഗങ്ങളുടെ പങ്ക്” എന്ന വിഷയത്തിൽ അക്കാഡമിക് സെഷൻ സംഘടിപ്പിച്ചു. “ഗാർഹിക സഭയിൽ അപ്പൻ, അമ്മ, മക്കൾ എന്നിവരുടെ പങ്ക് എന്താണ്?” എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസ്. കാത്തലിക് കപ്പിൾസ് മൂവ്മെന്റ് (CCM), ഇരിങ്ങാലക്കുട രൂപതയിലെ അഡ്വ. ജോൺസൺ – ഡോ. സെൽബിയ കുടുംബം ക്ലാസ് നയിച്ചു. കുടുംബത്തിലെ ഓരോ അംഗത്തിനും ഗാർഹിക സഭയിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും, പരസ്പര സ്നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ കുടുംബജീവിതത്തിന്റെ പ്രാധാന്യവും ക്ലാസിൽ പങ്കുവച്ചു.

ഓഗസ്റ്റ് 23-ന്, “ജീവന്റെ മൂല്യം – ജീവനോട് തുറവിയുണ്ടാകാൻ, ജീവന് വേണ്ടി നിലകൊള്ളാൻ, ജീവന്റെ വക്താക്കളാകുവാൻ” എന്ന വിഷയത്തിൽ പ്രത്യേക അക്കാഡമിക് സെഷൻ നടന്നു. ലോഫ് സ്ഥാപക കുടുംബമായ ജെയിംസ് ആഴ്ചങ്ങാടൻ – ജെസ്സി ജെയിംസ് കുടുംബം ക്ലാസ് നയിച്ചു. ഓരോ മനുഷ്യജീവന്റെയും മഹത്വവും മൂല്യവും തിരിച്ചറിയുകയും, ജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം കുടുംബങ്ങളിൽ വളർത്തേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ വിശദീകരിച്ചു. പ്രത്യേകിച്ച് യുവജനങ്ങൾ ഉൾപ്പെടെയുള്ള ലോഫ് കുടുംബങ്ങൾ ജീവന്റെ സംരക്ഷകരും വക്താക്കളുമായി മാറേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.

ജപമാല പ്രാർത്ഥന, ഫാമിലി ഷെയറിംഗ്, ആരാധന, ലോഫ് ജനറൽ ബോഡി മീറ്റിംഗ്, സ്നേഹ വിരുന്ന് എന്നിവ ഉൾപ്പെടുത്തിയത് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലായിരുന്നു

സമൂഹത്തിലും കുടുംബങ്ങളിലും കാലാനുസൃതമായി ഉയർന്നുവരുന്ന വിവിധ വെല്ലുവിളികളെ തിരിച്ചറിയാനും, അവയെ ക്രിസ്തീയ വിശ്വാസത്തിന്റെയും കുടുംബമൂല്യങ്ങളുടെയും വെളിച്ചത്തിൽ നേരിടാനും ലോഫ് കുടുംബങ്ങളെ കൂടുതൽ പ്രാപ്തരാക്കുന്നതിൽ അക്കാഡമിക് സെഷനുകൾ ഏറെ സഹായകമാകുന്നു.

LOAF Youth Gathering Report 22 ആഗസ്റ്റ് 2026 Saturday

ലോഫ് കുടുംബങ്ങളിലെ 8-ാം ക്ലാസ് മുതലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച LOAF Children’s Gathering 2026 ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഭക്തിനിർഭരവും ആവേശഭരിതവുമായി നടന്നു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും പരസ്പര സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്.

പരിപാടികൾ ഉച്ചയ്ക്ക് 1.30-ന് പ്രെയ്സ് ആൻഡ് വർഷിപ്പും ഐസ് ബ്രേക്കിംഗ് സെഷനുമായി ആരംഭിച്ചു. കുട്ടികൾ സജീവമായി പങ്കെടുത്ത ഈ സമയം പരസ്പരം പരിചയപ്പെടാനും കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചു.

തുടർന്ന് 2.30 മുതൽ 3.30 വരെ Rev. Fr. Tijo Mullakkara നയിച്ച “Theology of the Body” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് നടന്നു. കൗമാരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ക്രൈസ്തവ കാഴ്ചപ്പാടിൽ മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു സെഷൻ.

3.30 മുതൽ 3.45 വരെ Doubt Clearance Session സംഘടിപ്പിച്ചു. കുട്ടികൾക്ക് തങ്ങളുടെ സംശയങ്ങൾ തുറന്നു ചോദിക്കാനും വ്യക്തത നേടാനും ഈ സമയം അവസരമായി.

തുടർന്ന് 3.45-ന് ഹൈ ടീ നൽകി. സൗഹൃദവും സന്തോഷവും പങ്കുവെച്ചുകൊണ്ട് കുട്ടികൾ ഈ സമയം രുചികരമായ അപ്പവും ചിക്കൻ കറിയും ആസ്വദിച്ചു.

4.45 മുതൽ 5.30 വരെ കുട്ടികളുടെ നേതൃത്വത്തിൽ ജപമാല പ്രാർത്ഥന നടത്തി.

ശേഷം 5.30-ന് Turf-ലേക്ക് കൂട്ടമായി നടന്ന് പോയി. 5.45 മുതൽ 6.00 വരെ Warm-up Session നടത്തി. തുടർന്ന് 6.00 മുതൽ 7.00 വരെ ആവേശകരമായ Football Games നടന്നു.

7.30 മുതൽ 8 മണി വരെ വിശുദ്ധ കുർബാന നടന്നു. കുട്ടികളും യുവജനങ്ങളും ഒരുമിച്ച് ദൈവസന്നിധിയിൽ പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും പങ്കുചേർന്നു.

ആത്മീയത, പഠനം, സൗഹൃദം, വിനോദം, കായിക പ്രവർത്തനം എന്നിവ സമന്വയിപ്പിച്ച ഈ കുട്ടികളുടെ സംഗമം LOAF കുടുംബങ്ങളിലെ യുവതലമുറയ്ക്ക് ഏറെ പ്രയോജനകരവും സന്തോഷകരവുമായ ഒരു അനുഭവമായി മാറി. കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനും പരസ്പര സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനും ഈ സംഗമം സഹായകമായി.

"നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും." (മത്തായി 6:33)

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12