Joy of Love in Family
ലളിത ജീവിതം ദാരിദ്ര്യമോ; സൗകര്യങ്ങളെ പൂർണമായും ഉപേക്ഷിക്ക ലോ അല്ല മറിച്ച് ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ലഭിച്ചതിന് നന്ദിയോടെ ജീവിച്ച് മറ്റുള്ളവരുമായി പങ്കുവെച്ച് ദൈവത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്ന മനോഭാവമാണ്. ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിൽ ആണ് യഥാർത്ഥ സമ്പത്ത്.
1. യേശുവിന്റെ ജീവിതം- ലാളിത്യത്തിന്റെ മാതൃക
ലൂക്ക- 9:58 യേശു പറഞ്ഞു കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യ പുത്രന് തലചായ്ക്കാൻ ഇടമില്ല. നസ്രത്തിലെ തിരുകുടുംബം നമുക്ക് എന്നും ലാളിത്യത്തിന്റെ അടിസ്ഥാന മാതൃകയാണ്. നമ്മുടെ കുടുംബത്തിൽ ക്രിസ്തു എത്രമാത്രം ജീവിക്കുന്നു എന്നതിലാണ് നമ്മുടെ കുടുംബത്തിന്റെ മഹത്വം.
2. "നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും" മത്തായി 6 -19:21
ഭൂമിയിൽ നിങ്ങൾക്കായി നിക്ഷേപം കരുതി വയ്ക്കരുത്. സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതി വയ്ക്കുക. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും. പണം സമ്പാദിക്കുന്നതോ സ്വത്ത് കൈവശം വയ്ക്കുന്നതോ തെറ്റല്ല. എന്നാൽ സമ്പത്ത് നമ്മുടെ ഹൃദയത്തെ കീഴടക്കുമ്പോഴാണ് പ്രശ്നം. എനിക്ക് ഇത് ശരിക്കും ആവശ്യമാണോ? എന്ന ചോദ്യം ഓരോ വാങ്ങലിനു മുമ്പ് ചോദിക്കുന്നത് ലളിത ജീവിതത്തിലേക്കുള്ള നല്ലൊരു പരിശീലനമാണ്.
3. ഉള്ളതുകൊണ്ട് സംതൃപ്തരാവുക
വിശുദ്ധ പൗലോസ് പറയുന്നു (ഫിലിപ്പി 4:11)" ഏതു സാഹചര്യത്തിലും സംതൃപ്തൻ ആയിരിക്കുവാൻ ഞാൻ പഠിച്ചിരിക്കുന്നു" സംതൃപ്തിയാണ് ലളിത ജീവിതത്തിന്റെ ഹൃദയം. മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യരുത്.' ദൈവമേ എനിക്ക് നൽകിയിരിക്കുന്നതിന് നന്ദി 'എന്ന് പറയാൻ നമ്മുടെ കുടുംബം പഠിക്കണം.
4. കുടുംബത്തിൽ ലളിത ജീവിതം എങ്ങനെ പ്രാവർത്തികമാക്കാം
(i) വാങ്ങലുകളിൽ ലാളിത്യം. ആവശ്യത്തിന് മാത്രം വാങ്ങുക. ഉപയോഗിക്കാത്ത വസ്ത്രങ്ങളും സാധനങ്ങളും ആവശ്യക്കാരുമായി പങ്കിടുക (ii) ഭക്ഷണത്തിൽ ലാളിത്യം. ഭക്ഷണം പാഴാക്കാതിരിക്കുക സാധാരണ ഭക്ഷണത്തിൽ സന്തോഷിക്കുക,കുട്ടികളെ അങ്ങനെ പരിശീലിപ്പിക്കുക. ഭക്ഷണത്തിനു മുൻപ് നന്ദി പ്രാർത്ഥന നടത്തുക. (iii) വസ്ത്രധാരണത്തിൽ ലളിത്യം. വൃത്തിയും മാന്യതയും സൗന്ദര്യവും വേണം. പ്രദർശനം,അനാവശ്യ മത്സരം, ബ്രാൻഡുകളുടെ പുറകെ പോക്ക് ഒഴിവാക്കുക. (iv) വീട്ടിൽ ലാളിത്യം. ഉപയോഗമില്ലാത്ത സാധനങ്ങൾ നിരന്തരം കൂട്ടിവെക്കാതിരിക്കുക (v) ആഘോഷങ്ങളിൽ ലാളിത്യം. ജന്മദിനം, വിവാഹ വാർഷികം, കുടുംബാഘോഷങ്ങൾ എന്നിവ സ്നേഹത്തിന്റെ അവസരങ്ങൾ ആക്കുക. ആഘോഷ ചിലവിന്റെ ഒരു ഭാഗം ആവശ്യക്കാരുമായി പങ്കിടുന്ന കുടുംബശീലം വളർത്തണം
5. കുട്ടികളെ ലളിത ജീവിതത്തിലേക്ക് പരിശീലിപ്പിക്കുക
കുട്ടികൾക്ക് ആവശ്യപ്പെടുന്നതെല്ലാം ഉടൻ വാങ്ങി കൊടുക്കരുത്. കാത്തിരിക്കാനും പങ്കുവയ്ക്കാനും ചെറിയ കാര്യങ്ങൾക്ക് നന്ദി പറയാനും അവരെ പഠിപ്പിക്കണം. കുട്ടികൾക്ക് ചെറിയൊരു തുക സമ്മാനം നൽകുമ്പോൾ അതിനെ ചെലവ്- സമ്പാദ്യം- ദാനം എന്നിങ്ങനെ വിഭജിക്കാൻ പഠിപ്പിക്കണം.
6. ഡിജിറ്റൽ ജീവിതത്തിലും ലാളിത്യം.
മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.കുടുംബ ഭക്ഷണ സമയത്ത് ടെലിവിഷൻ മൊബൈൽ ഒഴിവാക്കുക.ദിവസത്തിൽ ഒരു നിശ്ചിത സമയം screen -free-family time ആക്കുക. കുടുംബ പ്രാർത്ഥന അനുദിനം മുടക്കാതിരിക്കുക. ഞായറാഴ്ച ആചരണം, ഞായറാഴ്ച സോഷ്യൽ മീഡിയ കഴിയുന്നതും ഒഴിവാക്കാൻ പരിശ്രമിക്കാം.
7. പങ്കുവെക്കുന്ന കുടുംബമാവുക
അപ്പ.പ്രവർത്തനങ്ങളിൽ 2: 45 "അവൻ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യനുസരണം എല്ലാവർക്കുമായി വീതിച്ചു. " അനാവശ്യ ചെലവുകൾ കുറച്ച് ആ തുക മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കാം.
8. കടബാധ്യതയും സാമ്പത്തിക അച്ചടക്കവും
വരുമാനത്തിനനുസരിച്ച് ജീവിക്കുക ആഡംബരത്തിനായി കടം വാങ്ങി കൂട്ടാതിരിക്കുക. കുടുംബ ബജറ്റ് തയ്യാറാക്കുക .സമ്പാദ്യവും ദാനവും ശീലമാക്കുക.
9. പ്രകൃതിയോടുള്ള ഉത്തരവാദിത്വം
ദൈവം സൃഷ്ടിച്ച ലോകത്തിന്റെ പരിപാലകരാണ് നാം. അതിനാൽ വെള്ളവും, വൈദ്യുതിയും, ഭക്ഷണവും പാഴാക്കാതിരിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക .സാധനങ്ങൾ കഴിയുന്നത്ര പുനരുപയോഗിക്കുക. പ്രകൃതിയെ സംരക്ഷിക്കുന്ന ശീലങ്ങൾ മക്കൾക്ക് നൽകുക.
10. ലളിത ജീവിതത്തിന്റെ ആത്മീയ രഹസ്യം
ദൈവപരിപാലനത്തിനുള്ള വിശ്വാസം മത്തായി 6 :31- 3 അതിനാൽ എന്തു ഭക്ഷിക്കും, എന്ത് പാനം ചെയ്യും,എന്ത് ധരിക്കും എന്ന് വിചാരിച്ച് നിങ്ങൾ ആകുലരാകേണ്ട, നിങ്ങൾക്ക് അവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു നിങ്ങൾ ആദ്യം അവിടുത്തെ രാജ്യം അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും. ലളിതജീവിതം ഒരു ആത്മീയ ശീലമാണ്. വസ്തുക്കളോടുള്ള അമിത ബന്ധത്തിൽ നിന്ന് ഹൃദയത്തെ സ്വതന്ത്രമാക്കി ദൈവത്തോടും ജീവിതപങ്കാളിയോടും മക്കളോടും സഹജീവികളോടും കൂടുതൽ അടുക്കാനുള്ള വഴിയാണത്.
ലളിത ജീവിതം എന്നത് ഒന്നുമില്ലാതെ ജീവിക്കുക എന്നതല്ല. ഉള്ളതിന്റെ അടിമയാകാതെ ജീവിക്കുക എന്നതാണ്. ആവശ്യത്തിന് ഉപയോഗിക്കുക, ലഭിച്ചതിന് നന്ദി പറയുക, മിച്ചം ഉള്ളത് പങ്കുവയ്ക്കുക,എല്ലാറ്റിനും ദൈവത്തെ ഒന്നാമൻ ആക്കുക ഇതാവട്ടെ നമ്മുടെ ജീവിത ശൈലി.
ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി
ലോഫ് പ്രസിഡന്റ് ദമ്പതികൾ
ലാളിത്യം ജീവിക്കുന്ന സുവിശേഷം
"ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; അവരുടേതാണ് സ്വർഗ്ഗരാജ്യം." (മത്തായി 5:3)
LOAF കുടുംബങ്ങളുടെ ലളിത ജീവിത വ്രതം സാമ്പത്തിക ദാരിദ്ര്യത്തിനുള്ള ആഹ്വാനമല്ല; മറിച്ച്, സ്വത്തിനും സൗകര്യത്തിനും മുമ്പിൽ ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്ന സുവിശേഷ ജീവിതമാണ്. ഉപഭോക്തൃ സംസ്കാരത്തിൽ നിന്ന് മോചിതരായി, കൂടുതൽ സ്നേഹിക്കാനും സേവിക്കാനും നൽകാനും കഴിയുന്ന ജീവിതത്തിലേക്കാണ് ഇത് കുടുംബങ്ങളെ നയിക്കുന്നത്.
1. സ്വത്തുക്കളുടെ ലാളിത്യം
എല്ലാം ദൈവത്തിന്റെ ദാനമാണ്; മനുഷ്യൻ അതിന്റെ കാര്യസ്ഥൻ മാത്രമാണ്. അതിനാൽ ഓരോ വസ്തുവും സ്വന്തമാക്കുന്നതിന് മുമ്പ് LOAF കുടുംബങ്ങൾ ചോദിക്കുന്നു: “ഇത് ദൈവത്തെ സ്നേഹിക്കാനും കുടുംബത്തെയും ദൗത്യത്തെയും സേവിക്കാനും സഹായിക്കുമോ?” ആവശ്യമായത് മാത്രം സ്വന്തമാക്കുക, പാഴ്‌ചെലവ് ഒഴിവാക്കുക, ഉള്ളത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക, വീടും വാഹനവും മറ്റ് വിഭവങ്ങളും ശുശ്രൂഷയ്ക്കും ആതിഥ്യത്തിനും പങ്കുവെക്കുക എന്നിവയാണ് ഈ ലാളിത്യത്തിന്റെ പ്രകടനങ്ങൾ. “നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.” (മത്തായി 6:21)
2. ജീവിതശൈലിയുടെ ലാളിത്യം
ആഡംബരത്തിനും പ്രദർശനത്തിനും പകരം മാന്യതയും മിതത്വവും തിരഞ്ഞെടുക്കുകയാണ് ക്രിസ്തീയ ലാളിത്യം. എളിമയുള്ള ആഘോഷങ്ങൾ, ഉത്തരവാദിത്തമുള്ള ചെലവ്, കടം ഒഴിവാക്കൽ, പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണ ഉപയോഗം, താരതമ്യത്തിനുപകരം കൃതജ്ഞത എന്നിവ ഇതിന്റെ അടയാളങ്ങളാണ്. സന്തോഷം വാങ്ങാനാവില്ലെന്നും യഥാർത്ഥ സമ്പത്ത് ദൈവത്തിലുള്ള സ്വാതന്ത്ര്യമാണെന്നും ഈ ജീവിതം സാക്ഷ്യം വഹിക്കുന്നു.
3. ഹൃദയത്തിന്റെ ലാളിത്യം
ലളിത ജീവിതത്തിന്റെ അടിസ്ഥാനം ഹൃദയത്തിന്റെ സ്വാതന്ത്ര്യമാണ്. അത്യാഗ്രഹത്തിനും അസൂയക്കും പകരം കൃതജ്ഞത, സംതൃപ്തി, ഔദാര്യം, വിനയം, ദൈവപരിപാലനത്തിലുള്ള വിശ്വാസം എന്നിവ വളർത്തുകയാണ് ലക്ഷ്യം. “എന്തു സാഹചര്യത്തിലും സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചു.” (ഫിലിപ്പിയർ 4:11)
4. ദൗത്യത്തിനായുള്ള ലാളിത്യം
ദൈവം നൽകുന്ന സമയം, കഴിവുകൾ, സമ്പത്ത് എന്നിവ അവന്റെ രാജ്യനിർമ്മാണത്തിനുള്ള ദാനങ്ങളാണ്. അതിനാൽ LOAF കുടുംബങ്ങൾ പ്രാർത്ഥനയ്ക്കും കുടുംബരൂപീകരണത്തിനും ഇടവക ശുശ്രൂഷയ്ക്കും സുവിശേഷവൽക്കരണത്തിനും ദരിദ്രസേവനത്തിനും സമയം നൽകുന്നു. തങ്ങളുടെ തൊഴിൽപരമായ കഴിവുകൾ സഭയുടെ നന്മയ്ക്കായി ഉപയോഗിക്കുകയും വരുമാനത്തിന്റെ ഒരു ഭാഗം ദശാംശമായി സഭയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമർപ്പിക്കുകയും ചെയ്യുന്നു. “സന്തോഷത്തോടെ നൽകുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7)
ഉപസംഹാരം
LOAF കുടുംബങ്ങളുടെ ലളിത ജീവിത പ്രതിജ്ഞ സ്വത്തുക്കളുടെ, ജീവിതശൈലിയുടെ, ഹൃദയത്തിന്റെ, ദൗത്യത്തിന്റെ ലാളിത്യം ജീവിക്കാനുള്ള വിളിയാണ്. ഇതിലൂടെ അവർ സ്നേഹിക്കാനും സേവിക്കാനും നൽകാനും ക്രിസ്തുവിനെ പിന്തുടരാനും സ്വതന്ത്രരാകുന്നു. വ്യക്തിപരമായ ഉടമസ്ഥാവകാശം ഉപേക്ഷിക്കാതെ, സുവിശേഷ സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്തമുള്ള കാര്യസ്ഥത്വത്തോടും കൂടിയ കുടുംബജീവിതം നയിക്കുന്ന ഈ സാക്ഷ്യം, നസറത്തിലെ വിശുദ്ധ കുടുംബത്തിന്റെ ജീവിക്കുന്ന പ്രതിരൂപമായി ലോകത്തിനുമുന്നിൽ പ്രകാശിക്കുന്നു.
ഡോ ടോണി ജോസഫ്
ഓർത്തോപീഡിക് സർജൻ
"ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; അവരുടേതാണ് സ്വർഗ്ഗരാജ്യം."
(മത്തായി 5:3)