Joy of Love in Family
ലിയോ പതിമൂന്നാമൻ മാർപാപ്പ ദൈവിക രഹസ്യം (Arcanum divinae) എന്ന തൻറെ ചാക്രിക ലേഖനത്തിൽ ക്രിസ്തീയ വിവാഹത്തെ "ദൈവിക ജ്ഞാനത്തിന്റെ നിഗൂഢമായ പദ്ധതി" (Hidden design of divine wisdom) യായിട്ടാണ് പ്രതിപാദിക്കുന്നത്. മുങ്ങിക്കൊണ്ടിരുന്ന ലോകത്തെ ദൈവികമായി പുതുക്കാൻ യേശുക്രിസ്തു ഭൂമിയിൽ വന്നു. പിതാവായ ദൈവത്തിന്റെ കല്പന നിറവേറ്റുന്നതിലൂടെ, കാലക്രമേണ ഉണ്ടായ ജീർണത ഇല്ലാതാക്കി ക്കൊണ്ട് യേശു എല്ലാത്തിനും ഒരു പുതിയ രൂപവും പുതുമയുള്ള സൗന്ദര്യവും നൽകി. നമ്മുടെ മർത്യവും നശ്വരവുമായ ശരീരങ്ങൾ ഒരു ദിവസം അമർത്യതയിലും സ്വർഗ്ഗത്തിന്റെ മഹത്വത്തിലും പങ്കാളികളാകുമെന്ന് ഉറപ്പുള്ള പ്രത്യാശ യേശു നൽകി.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഏക ശരീര വിവാഹബന്ധം ദൈവഹിതത്താൽ വളരെ അടുത്തും ശക്തമായും ഉറപ്പിക്കപ്പെട്ടതാണ്, ആർക്കും അത് ഇല്ലാതാക്കാൻ കഴിയില്ല എന്ന അവൻ പഠിപ്പിച്ചു. മത്തായി 19:4-6 നാം കാണുന്നു, അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ് ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചുവെന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. "അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല." (മത്താ 19: 8)
യേശു മനുഷ്യന്റെ അന്തസ്സ് പുനഃസ്ഥാപിച്ചു. യേശുവിൻ്റെ ആദ്യത്തെ അത്ഭുതമെന്ന നിലയിൽ അവിസ്മരണിയമാക്കപ്പെട്ട കാനായിലെ കല്യാണവിരുന്നിൽ അവിടുത്തെ കൃപയാൽ പുതിയ വിശുദ്ധിയുടെ തുടക്കം നൽകപ്പെട്ടു. അവിടുന്ന് വിവാഹത്തെ കൂദാശയുടെ മഹത്വത്തിലേക്ക് ഉയർത്തി. സ്വർഗ്ഗിയ കൃപകളാൾ അവിടുന്ന് വിവാഹത്തിലെ ഭാര്യ ഭർത്തൃ ബന്ധത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആദിയിൽ ദൈവം സൃഷ്ടിച്ചപ്പോൾ അവർക്കുണ്ടാകമണമെന്ന് അവിടുന്ന് ആഗ്രഹിച്ച ഐക്യത്തിലെത്തിച്ചേരാൻ സ്ത്രീക്കും പുരുഷനും വേണ്ട ശക്തിയും കുപാവരവും പ്രദാനം ചെയ്യുന്നു. വിവാഹത്തിൻ്റെ നൻമയുടെ ഉറപ്പാണ് സഭ അവിടെ കാണുന്നത്. അന്നു മുതൽ വിവാഹം ക്രിസ്തുവിൻ്റെ സാന്നിധ്യത്തിൻ്റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിൻ്റെ പ്രഖ്യാപനവുമാണത്. (CCC 1613)
നമ്മുടെ വിവാഹജീവിതത്തിലും ദൈവകൃപ ഉണ്ടെങ്കിൽ മാത്രമേ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോവുകയുള്ളു. ക്രൈസ്തജീവിതത്തിൻ്റെ മുഴുവൻ ഉറവിടമായ ക്രിസ്തുവിൻ്റെ കുരിശുമരണത്തിൻ്റെ യോഗ്യത തന്നെയാണ് ക്രൈസ്തവ വിവാഹത്തിൻ്റെ കൃപാവരവും. ക്രിസ്തീയ ജീവിതം മുഴുവനും ക്രിസ്തുവിന്റെയും സഭയുടെയും ദാമ്പത്യ സ്നേഹത്തിന്റെ അടയാളം വഹിക്കുന്നു. ദൈവജനത്തിലേക്കുള്ള പ്രവേശനമായ മാമ്മോദീസ തന്നെ ഒരു വൈവാഹിക രഹസ്യമാണ്. വിശുദ്ധ കുർബാനയാക്കുന്ന വിവാഹ വിരുന്നിനു മുൻപുള്ള വൈവാഹിക സ്നാനമായി അതിനെ കാണാം. ക്രിസ്തീയ വിവാഹം ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയാക്കുന്ന കൂദാശയുടെ ഫലദായകമായ അടയാളമായി മാറുന്നു. കൃപാവരത്തെ സൂചിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതുകൊണ്ടു, മാമ്മോദീസ സ്വീകരിച്ച വ്യക്തികൾ തമ്മിലുള്ള വിവാഹം പുതിയ ഉടമ്പടിയുടെ ഒരു യഥാർത്ഥ കൂദാശയാണ്.
തങ്ങളെത്തന്നെ പരിത്യജിച്ച് സ്വന്തം കുരിശെടുത്തു ക്രിസ്തുവിനെ അനുധാവനം ചെയ്യുമ്പോഴാണു ദമ്പതികൾക്ക് വിവാഹത്തിൻ്റെ അർത്ഥം ഉൾക്കൊള്ളാനും ക്രിസ്തുവിൻ്റെ സഹായത്തോടെ അതനുസരിച്ചു ജീവിക്കാനും സാധിക്കുന്നത്. നമ്മുടെ ജീവിതത്തിലെ അനുദിന സഹനങ്ങൾ ഈ ബോധ്യത്തോടെ, അവിടുത്തെ കൃപയിൽ ആശ്രയിച്ച്, സന്തോഷത്തോടെ പ്രത്യാശയോടെ സ്വീകരിക്കാനും സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനും നമ്മുക്ക് പരിശ്രമിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
ബൈബിളിൽ യേശു ചെയ്ത ആദ്യ അത്ഭുതം കാനായിലെ കല്യാണത്തിൽ വെള്ളം വീഞ്ഞാക്കിയത് (യോഹന്നാൻ 2:1–11) ആണ്. ഈ സംഭവം വെറും ഒരു അത്ഭുതമല്ല; മറിച്ച് വിവാഹം എന്ന കൂദാശയുടെ ദൈവീക മഹത്വത്തെയും കുടുംബജീവിതത്തിന്റെ പരിശുദ്ധതയെയും വെളിപ്പെടുത്തുന്ന ഒരു ദൃശ്യമാണ്, അടയാളമാണ്. ഈശോ ആദ്യം തന്നെ ഇടപെട്ടത് ഒരു കുടുംബത്തിൽ ആണ്.
കാനായിലെ കല്യാണത്തിൽ യേശുവും മാതാവായ മറിയവും ശിഷ്യന്മാരും പങ്കെടുത്തു. ഒരു വിവാഹവിരുന്നിൽ യേശു സന്നിഹിതനാകുന്നതിലൂടെ തന്നെ, വിവാഹബന്ധം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്തിനും സാന്നിധ്യത്തിനും അർഹമാണെന്ന് വ്യക്തമാക്കുന്നു. കുടുംബജീവിതം ദൈവത്തിന്റെ പദ്ധതിയിലാണ് ആരംഭിക്കുന്നതെന്നും ദൈവം അതിനെ സംരക്ഷിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നു എന്നും ഇതിലൂടെ നമുക്ക് മനസ്സിലാകുന്നു.
വിവാഹം സഭയിൽ ഒരു കൂദാശയായി കണക്കാക്കപ്പെടുന്നത്, പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം ക്രിസ്തുവിനും സഭയ്ക്കുമിടയിലെ ബന്ധത്തിന്റെ പ്രതീകമാണെന്ന സത്യത്തെ അടിസ്ഥാനമാക്കിയാണ് (എഫേ 5:25–32). ഈ ബന്ധം സ്നേഹവും ത്യാഗവും വിശ്വാസവും അടിസ്ഥാനം ആക്കിയതാണ്. കാനയിലെ കല്യാണത്തിൽ വെള്ളം വീഞ്ഞായി മാറിയതുപോലെ, ദൈവസാന്നിധ്യത്തിൽ സാധാരണ മനുഷ്യബന്ധം അത്ഭുതകരമായ ആത്മീയബന്ധമായി പരിവർത്തനം ചെയ്യപ്പെടുന്നു.
മറിയത്തിന്റെ ഇടപെടലും ഈ സംഭവത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. “അവർക്ക് വീഞ്ഞ് ഇല്ല” എന്ന് മറിയം യേശുവിനോട് അറിയിച്ചതിലൂടെ, കുടുംബജീവിതത്തിലെ ആവശ്യങ്ങൾ ദൈവത്തോട് സമർപ്പിക്കേണ്ടതിന്റെ മാതൃക നമുക്കു നൽകുന്നു. “അവൻ നിങ്ങളോട് പറയുന്നതെല്ലാം ചെയ്യുക” എന്ന വാക്കുകൾ, ദാമ്പത്യജീവിതത്തിലും ദൈവത്തിന്റെ കല്പനകൾ അനുസരിക്കേണ്ടതിന്റെ സന്ദേശമാണ്.
വിവാഹം ഒരു ദിനത്തിന്റെ ചടങ്ങല്ല, ജീവിതകാലം മുഴുവൻ നീളുന്ന ഒരു വിളിയുമാണ്. കാനായിലെ കല്യാണത്തിൽ യേശു നൽകിയ വീഞ്ഞ് മികച്ചതായിരുന്നുവെന്നത്, ദൈവസാന്നിധ്യത്തിൽ നയിക്കുന്ന ദാമ്പത്യജീവിതം കൂടുതൽ സമ്പന്നവും ആനന്ദകരവുമാകുമെന്ന് സൂചിപ്പിക്കുന്നു. സ്നേഹത്തിൽ ആരംഭിച്ച ബന്ധം ക്ഷമയിലും സഹനത്തിലുമാണ് വളരേണ്ടത്.
ഇന്നത്തെ ലോകത്തിൽ വിവാഹബന്ധങ്ങൾ പലവിധ വെല്ലുവിളികൾ നേരിടുമ്പോൾ, കാനായിലെ കല്യാണം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: യേശുവിനെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ദാമ്പത്യങ്ങൾക്കു അവരുടെ പ്രശ്നങ്ങൾ അതിജീവിക്കാനുള്ള ശക്തിയും കൃപയും ലഭിക്കും. വിവാഹം എന്ന കൂദാശ, ദൈവത്തിന്റെ സ്നേഹത്തിന്റെ സജീവ സാക്ഷ്യമാണ്.
 വിജോ വിൽസൺ & സിനി ചാക്കോ.
എഡിറ്റർ, ലോഫ് മീഡിയ.