Joy of Love in Family
ദൈവം അബ്രാഹത്തിന് കൊടുത്ത വാഗ്ദാനമാണ് മേൽപ്പറഞ്ഞ വചനം ഇതിൽ സന്തതി എന്ന് പരാമർശിക്കുന്നത് യേശുക്രിസ്തുവിനെ കുറിച്ചാണ് എന്ന് സ്പഷ്ടമാണ് . എല്ലാ ക്രിസ്തീയ കുടുംബങ്ങളും യേശുക്രിസ്തുവിനാൽ സ്ഥാപിതമാണ്. വിവാഹജീവിതം യേശുവിനെ കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ല.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. ഞാനും എൻറെ പങ്കാളിയും വളരെയധികം കുറവുകളുള്ള വ്യക്തികളാണ്. ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ മാനുഷികമായ പരിമിതികൾ ഉണ്ട് . കാനായിലെ കല്യാണത്തിന് വീഞ്ഞ് തീർന്നു പോയ അവസ്ഥ.
അത്തരം സന്ദർഭങ്ങളിൽ അതിസ്വാഭാവികമായ ദൈവകൃപ കൂടാതെ പങ്കാളിയെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കുമ്പോൾ വീണ്ടും സ്നേഹിക്കാൻ ഈശോ തന്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന അനുഭവം ഒരുപാട് തവണ ഞാൻ അനുഭവിച്ചിട്ടുണ്ട് . ഈശോയുടെ വീഞ്ഞിന്ന് ആദ്യത്തെ വീഞ്ഞിനേക്കാൾ വീര്യം ഉണ്ടായിരുന്നതുപോലെ ഈശോയിലൂടെ സ്നേഹിക്കുമ്പോൾ പങ്കാളിയോടുള്ള സ്നേഹം മറ്റൊരു തലത്തിലേക്ക് ഉയരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
വിവാഹ ജീവിതത്തിൽ പലപ്പോഴും പങ്കാളിയുടെ പെരുമാറ്റം ഉൾക്കൊള്ളുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുക സാധാരണമാണ്. ആ സമയത്ത് ഞാൻ ചെയ്തിരുന്ന ഒരു കാര്യം പങ്കാളിയെ ആരിൽ നിന്നാണോ സ്വീകരിച്ചത് ആ വ്യക്തിയുടെ അടുത്തേക്ക് തന്നെ ഞാൻ പോകും. അൾത്താരയ്ക്ക് മുന്നിൽ ഈശോയിൽ നിന്നാണല്ലോ എൻറെ പങ്കാളിയെ ഞാൻ സ്വീകരിച്ചത്. അൾത്താരയ്ക്ക് മുന്നിൽ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ ഈശോയുടെ മുമ്പിൽ ചെന്ന് ഈശോയെ ആരാധിക്കുമ്പോൾഈശോ പറഞ്ഞുതരും എൻറെ പങ്കാളിയുടെ പ്രശ്നം എന്താണെന്നും പങ്കാളി എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതിന്നും. എൻറെ പങ്കാളിയെ പൂർണമായി മനസ്സിലാക്കാൻ കഴിവുള്ള ഈശോ കൂടെയുള്ളതിനാൽ എനിക്ക് പങ്കാളിയെ മനസ്സിലാക്കാൻ സാധിക്കും.
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം എല്ലാവരും പതറിപ്പോവുക സ്വാഭാവികമാണ്. എന്നാൽ അത്തരം സന്ദർഭത്തിൽ എന്നെ ശക്തിപ്പെടുത്തിയ ചിന്ത ഇതാണ്. എൻറെ കുടുംബം ഈശോയാൽ സ്ഥാപിതമാണ്. അതിനെ മുന്നോട്ടുകൊണ്ടുപോകേണ്ട ആളും ഈശോ തന്നെ. ഈശോയിൽ ശരണം വെച്ചാൽ മാത്രം മതി അവിടുന്ന് എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളും.
വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളിലെ മധുവിധു കഴിഞ്ഞ് പച്ചയായ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും നിസ്സാര കാര്യങ്ങളിൽ തർക്കങ്ങളും ഉണ്ടാവുക സാധാരണമായി. ആ സമയങ്ങളിൽ എന്നെ സ്വാധീനിച്ച ഒരു ചിന്ത ഇതായിരുന്നു. വിവാഹം നടക്കുന്നത് മൂന്നുപേർ തമ്മിലാണ് വധുവും വരനും അവരെ കൂട്ടിച്ചേർക്കുന്ന ഈശോയും. തർക്കങ്ങളും വാഗ്വാദങ്ങളും നടക്കുമ്പോൾ മാത്രം ഈശോയെ ഈ കൂട്ടായ്മയിൽ നിന്ന് എന്തിനാണ് മാറ്റിനിർത്തുന്നത്. അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ ഞാൻ ഈശോയോട് പറയും ഈശോയും ഈ വാഗ്വാദത്തിൽ പങ്കു ചേരണം മാത്രമല്ല അടുത്ത മറുപടി ഞാൻ പറയുന്നത് ഈശോ പറഞ്ഞു തരുന്ന കാര്യമായിരിക്കും. ഇങ്ങനെ ഈശോയോട് ചോദിക്കുമ്പോൾ ഈശോ ഒരു കാര്യം പറഞ്ഞു തരും അത് പറയുന്നതോട് കൂടി പ്രശ്നങ്ങൾ അവസാനിക്കും.
18 വർഷത്തെ ദാമ്പത്യം പിന്നിടുന്ന ഞങ്ങളുടെ കുടുംബ ജീവിതം ഇപ്പോൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്വർഗ്ഗീയ അനുഭവങ്ങളുടെയും വിളനിലം ആകുന്നതിന്റെ പിന്നിൽ മൂന്നാമത്തെ വ്യക്തിയുടെ നിറഞ്ഞ സാന്നിധ്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും വിവാഹം എന്ന കൂദാശയുടെ പ്രധാന കാർമി കനും മൂന്നാമത്തെ വ്യക്തിയുമായ ഈശോയെ നാം മറന്നു പോകുമ്പോഴാണ്. ഈശോയെ നാം എപ്പോഴും കൂട്ടുപിടിച്ചാൽ വിവാഹജീവിതം തീർച്ചയായും സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം തന്നെയാണ്.
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ
'കൂദാശ' ഒരു വസ്തുവോ ഒരു അധികാരമോ അല്ല. എന്തെന്നാൽ അതിൽ ക്രിസ്തു അവരിൽ തന്നെ ക്രൈസ്തവ ദമ്പതികളെ കണ്ടുമുട്ടുന്നു. അവിടുന്ന് അവരോട് കൂടെ വസിക്കുന്നു. അവരുടെ കുരിശുകൾ വഹിക്കുവാനും അങ്ങനെ അവിടുത്തെ അനുഗമിക്കുവാനും വീഴ്ചകളിൽ നിന്ന് അവർ എഴുന്നേൽക്കാനും പരസ്പരം ക്ഷമിക്കാനും, പരസ്പരം ഭാരങ്ങൾ വഹിക്കാനും അവർക്ക് ശക്തി നൽകുന്നു. കുരിശിൽ മുദ്രവച്ച ഉടമ്പടിയിൽ ക്രിസ്തു തന്റെ സഭയെ എത്രമാത്രം സ്നേഹിച്ചു എന്നതിന്റെ അടയാളമാണ് ക്രൈസ്തവ വിവാഹം. (സ്നേഹത്തിന്റെ സന്തോഷം -73 Pope Francis).
ക്രൈസ്തവ കുടുംബജീവിതത്തിന്റെ താക്കോൽ എന്നത് ദൈവം എപ്പോഴും ഭാര്യ ഭർത്താക്കന്മാരുടെ കൂടെയുണ്ട് എന്ന സത്യമാണ്. ജീവിതത്തിൽ ഏറെ വർഷങ്ങൾ പിന്നിട്ട പലരെയും നാം കണ്ടുമുട്ടാറുണ്ട്. അവരെല്ലാം തന്നെ ഒന്നുപോലെ സമ്മതിക്കുന്ന കാര്യമാണിത് - ദൈവം ഇല്ലെങ്കിൽ ഇവിടം വരെ എത്തുമായിരുന്നില്ല എന്ന സത്യം.
വിവാഹ ജീവിതത്തിന്റെ 26 വർഷങ്ങൾ പിന്നിടുമ്പോൾ നിസ്സംശയം പറയാൻ ഞങ്ങൾക്ക് കഴിയും ദൈവസാന്നിധ്യമാണ്, കൂടെ നടക്കുന്നതുകൊണ്ടാണ് ഇത്രയും വർഷം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞത്.
ക്രൈസ്തവ വിവാഹത്തിന്റെ കൗദാശികതയെ കുറിച്ച് ചിന്തിക്കുമ്പോൾ ക്രിസ്തുവിൽ ഒന്നായ ഭാര്യ ഭർത്താക്കന്മാരും ഒരിക്കലും ഉപേക്ഷിക്കാത്ത കുരിശിലെ സ്നേഹത്തെ ഈ ലോകത്തിൽ സമർപ്പിക്കുന്നു. 'ഒരിക്കലും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല' എന്ന പിതാവായ ദൈവത്തിന്റെ നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ് കുരിശിലെ 'ഈശോയുടെ ബലി'. താലിയിൽ മുദ്രിതമായ കുരിശിനു ഭാര്യ ഭർത്താക്കന്മാരെ ഈ സ്നേഹത്തിൽ ജീവിക്കാൻ ശക്തിപ്പെടുത്തുന്നു - ഞാൻ ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ല.
വിവാഹത്തിന്റെ അന്ന് മാത്രം താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്റെ മുഖം കണ്ട ഒരു സ്ത്രീ ഒരിക്കൽ എന്നോട് പങ്കുവെച്ചത് ഓർക്കുന്നു. ഞങ്ങൾ ഇരുവരും പിണങ്ങിയിട്ട് ഉറങ്ങിയിട്ടില്ല. വാർദ്ധക്യത്തിൽ എത്തിയപ്പോഴും ഈ വളരുന്ന ദാമ്പത്യ സ്നേഹത്തിന്റെ ഉറവിടം വിവാഹത്തിന്റെ കൗദാശികത തന്നെയാണെന്ന് അവർ ഏറ്റു പറയുന്നു.
വിവാഹത്തിലൂടെ നമ്മിലേക്ക് ഇറങ്ങിവരുന്ന ദൈവം അനുദിനം സ്വാർത്ഥതയില്ലാതെ പരസ്പരം സ്നേഹിക്കാൻ, ദാനമായി തീരാൻ, സഹനങ്ങൾ ഒരുമിച്ച് ഏറ്റെടുക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളിലും, പരസ്പരം ക്ഷമിക്കാനാകാത്ത ചില സാഹചര്യങ്ങളിലും, കുരിശിലൂടെ വെളിപ്പെട്ട ഈ സ്നേഹം എല്ലാം വിട്ടുകൊടുക്കാനും, വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവം നമ്മോടുകൂടെ - Emmanuel!