Page 2

LOAF TIDINGS

Joy of Love in Family

Director's Message

ഏക മനസ്സോടെ ജീവിക്കാൻ

ഈശോമിശിഹാ തന്റെ രക്ഷാകര കർമ്മങ്ങളിലൂടെ നമുക്ക് സംലഭ്യമാക്കിയ കൃപാവരം (വരപ്രസാദം) ദൃശ്യമായ അടയാളങ്ങളിലൂടെയും പ്രതികങ്ങളിലൂടെയും സൂചിപ്പിക്കുകയും നൽകുകയും ചെയ്യുന്ന സവിശേഷമായ സഭാത്മ കർമ്മങ്ങൾ ആണ് കൂദാശകൾ എന്ന് വിശ്വാസ പരിശീലന വേദിയിൽ നാം പഠിക്കുന്നതാണല്ലോ.

എന്നാൽ വിവാഹം എന്ന കൂദാശയെ കുറിച്ച് സഭ നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. മാമോദിസ സ്വീകരിച്ച പുരുഷനും സ്ത്രീക്കും മരണംവരെ വേർപിരിയാൻ കഴിയാത്തതും ഏറ്റവും അടുപ്പമുള്ളതും അനന്യവുമായ ഒരു കൂട്ടായ്മയിൽ പ്രവേശിക്കാനും പരസ്പരം സ്നേഹിച്ച് പ്രത്യുൽപാദനത്തിലൂടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാനും മക്കൾക്ക് ആത്മീയവും ഭൗതികവുമായ പരിശീലനം നൽകാനും ആവശ്യമായ കൃപാവരം നൽകുന്ന കൂദാശയാണ് വിവാഹം

വിവാഹം എന്ന കൂദാശയുടെ രണ്ട് പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് സ്നേഹം നൽകുക, ജീവൻ നൽകുക എന്നത്. വിവാഹത്തിൽ സ്ത്രീ പുരുഷന്മാർ ഒന്നാകുമ്പോൾ ശരീരവും മനസ്സും പൂർണമായി നൽകിക്കൊണ്ടുള്ള സ്നേഹത്തിന്റെ പ്രകാശനം സാധ്യമാകാന്നു. ഈ സ്നേഹത്തിന്റെ ദൈവീക ഫലങ്ങളാണ് മക്കൾ. ഇപ്രകാരം പരസ്പരം സ്നേഹിക്കാനും, ജീവനിലേക്ക് തുറവിയുള്ളവർ ആയിരിക്കാനും വിവാഹമെന്ന് കൂദാശ വഴി ദമ്പതികൾ പ്രാപ്തരാകുന്നു. ക്രിസ്തീയ വിവാഹത്തിന്റെ സവിശേഷതകളായ ഏകതയും (Unity) അഭിവാജ്യതയും ( Indissolubility) വിവാഹം എന്ന കൂദാശ വഴി ക്രിസ്തീയ ദമ്പതികൾക്ക് സംലഭ്യമാകുന്നു. വിവാഹമെന്ന കൂദാശയിലൂടെ രൂപപ്പെടുന്ന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കൂട്ടായ്മ ദമ്പതികളുടെയും മക്കളുടെയും കുടുംബത്തിന്റെയും നന്മയ്ക്കുവേണ്ടി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.

Story Image

റവ. ഡോ. ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി

ഡയറക്ടർ, ലോഫ്

From the President's Desk

വചനത്തിൽ അടിയുറച്ച വിശ്വാസജീവിതം- ഇന്നത്തെ കത്തോലിക്കാകുടുംബങ്ങളുടെ വിളി

Story Image

കത്തോലിക്കാ കുടുംബജീവിതം സ്നേഹത്തിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മ ഫലമായ യഥാർത്ഥ സന്തോഷത്തിന്റെ - ആനന്ദത്തിന്റെ പരിശീലന കളരിയും പ്രഘോഷണവേദികളും ആണ്. തിരുകുടുംബമാണ് നമ്മുടെ മാതൃക. പരിശുദ്ധ ത്രിത്വ കൂട്ടായ്മയാണ് കുടുംബത്തിലെ പരസ്പര ബന്ധത്തിന് അനുകരിക്കേണ്ടത്.

സ്വർഗീയനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ തന്റെ സിനഡാനന്തര അപ്പോസ്തലിക ആഹ്വാനം സ്നേഹത്തിന്റെ ആനന്ദത്തിൽ പ്രത്യേകം എടുത്തു പറയുന്നു “Narcissism (സ്വാനുരാഗം), Consumerism (ഉപഭോക്തൃ വാദം) ഒക്കെ അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ആധുനികകാലത്ത് കുടുംബ അജപാലനത്തിൽ ഏർപ്പെടുന്നവർ, ദമ്പതികൾ തമ്മിലുള്ള കൂട്ടായ്മ കഴിവുകേടുകൾ പരസ്പരം മായിച്ച് കഴിവുകളെ ആവോളം വളർത്തി പരസ്പരം താങ്ങും തണലുമായി വാർദ്ധക്യത്തിലെത്തി തമ്പുരാന്റെ പദ്ധതി നമ്മിൽ നിറവേറ്റണം നമ്മൾ.

മക്കൾക്ക് നല്ല ശീലങ്ങൾക്കുള്ള പരിശീലന കളരികൾ ആവണം നമ്മുടെ കുടുംബങ്ങൾ. ലോകത്തിന്റെ തെറ്റായ ആസക്തികളിൽ നിന്നും നമ്മെയും നമ്മുടെ തലമുറകളെയും കാത്തു സംരക്ഷിക്കാം.

ഇടവക ദേവാലയം കേന്ദ്രീകരിച്ച് നമ്മുടെ ആധ്യാത്മിക പിതാവായ വികാരിയച്ചന്റെ നേതൃത്വത്തിലുള്ള മനോഹരമായ നമ്മുടെ ഇടവക കൂട്ടായ്മയുടെ ശക്തി നമുക്ക് തിരിച്ചറിയാം .

കുടുംബജീവിതത്തിൽ സ്നേഹത്തിന്റെ യഥാ൪ത്ഥ ആനന്ദം അനുഭവിക്കുന്നതിൽ വിവാഹം എന്ന കൂദാശയിലെ കൃപാവരം നമ്മെ അനുദിനം വളർത്തുകയും ഉറപ്പിക്കുകയും ചെയ്യട്ടെ.

കൽപ്പനകളും, കടമകളും, നിയമങ്ങളും പറഞ്ഞു കുടുംബങ്ങളെ മടുപ്പിക്കരുത്. പ്രത്യുത സ്നേഹത്തിന്റെ യഥാർത്ഥ ആനന്ദം ആസ്വദിക്കാൻ, പ്രഘോഷിക്കാൻ, പരിശീലിക്കാൻ ഉതകുന്ന ചെറിയ ചെറിയ നിർദ്ദേശങ്ങൾ നിരന്തരം നൽകി അവരെ അനുധാവനം ചെയ്യണം.

വിവാഹം എന്ന കൂദാശയിലൂടെ ലഭിക്കുന്ന വലിയ കൃപ ഇത്തരത്തിൽ നമുക്ക് തിരിച്ചറിയാം അതിൽ അനുദിനം വളരാം. വർത്തമാനകാലത്തെ അതിന്റെ സകല നിറവോടും കൂടി നമുക്ക് ആസ്വദിക്കാം. നമ്മുടെ കുടുംബങ്ങളിൽ ഭൂതകാലത്തിന്റെ പശ്ചാത്താപവും, നിരാശയും, ഭാവികാലത്തിന്റെ ആകുലതകളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങില്ല. അത് തമ്പുരാനെ ഏൽപ്പിക്കുക. തമ്പുരാന്റെ ആഗ്രഹത്തിനനുസരിച്ച് വർത്തമാനകാലത്തിൽ ചരിക്കുക.

Story Image

 ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി തോമസ്

ലോഫ് പ്രസിഡന്റ് ദമ്പതികൾ

"നിനക്ക് എന്റെ കൃപ മതി"

ദാമ്പത്യ ജീവിതത്തിൽ കൃപ നൽകുന്ന ശക്തിയെപ്പറ്റി പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് . ഒരു ജീവിതാനുഭവം പറഞ്ഞു കൊണ്ടാണ് ഞങ്ങൾ തുടങ്ങുന്നത് .

'വിവാഹം ഒരു കൂദാശയാണ്' എന്ന സത്യം മനസ്സിലാക്കിയ ഒരു അമ്മ തന്റെ ജീവിതത്തെ ദൈവത്തിനായി സമർപ്പിച്ചു. വിവാഹത്തിന്റെ ആഘോഷങ്ങൾ എല്ലാം അവസാനിച്ചപ്പോഴാണ് തന്റെ ഭർത്താവ് മദ്യപാനിയാണ് എന്നത് ആ അമ്മ തിരിച്ചറിയുന്നത്. ആദ്യ നാളുകളിൽ 'പിന്നീട് തന്റെ ഭർത്താവ് നന്നാകും എന്ന് കരുതി' മുന്നോട്ടുപോയി. എന്നാൽ വർഷങ്ങൾ കഴിയുംതോറും തന്റെ ഭർത്താവ് കൂടുതൽ മദ്യപാനത്തിന് അടിമയാകുകയാണ് എന്ന സത്യം അവർ തിരിച്ചറിയുകയായിരുന്നു. പതിയെ അദ്ദേഹം ദേഹോപദ്രവവും തുടങ്ങി. ഭക്ഷണപദാർത്ഥങ്ങൾ വലിച്ചെറിഞ്ഞു. മദ്യം ആ മനുഷ്യനെ ഒരു ഭ്രാന്തനാക്കി എന്ന് ആ അമ്മ തിരിച്ചറിഞ്ഞു. ഉപദേശം കൊണ്ടോ, ചർച്ചകൾ കൊണ്ടോ, സ്നേഹം കൊണ്ടോ ഒന്നും തന്റെ ഭർത്താവിന് മാറ്റം വരുന്നില്ല എന്ന് കണ്ട് അമ്മ തീർത്തും നിരാശയായി.

'വിവാഹം ഒരു കൂദാശയാണ്' അതിനാൽ തന്നെ വിവാഹത്തിന് മറ്റൊരു വ്യക്തിയെ അല്ലെങ്കിൽ തന്നെ തന്നെ സുഖപ്പെടുത്താൻ കഴിയും എന്ന് ആ അമ്മ മനസ്സിലാക്കി. പിന്നീട് ബൈബിൾ തുറന്നു വായിച്ചപ്പോൾ ലഭിച്ച വചനമായിരുന്നു 'നിനക്ക് എന്റെ കൃപ മതി' ( 2 കോറി. 12 : 9 ). ഈ വചനം ആ അമ്മയെ വളരെയധികം സൗഖ്യപ്പെടുത്തി. ദൈവത്തിൽ ആശ്രയിക്കാനും തന്റെ ജീവിതപങ്കാളി ദൈവം അറിഞ്ഞു നൽകിയതാണെന്ന് തിരിച്ചറിയാനും ആ അമ്മയ്ക്ക് സാധിച്ചു. തുടർന്ന് തന്റെ ഭർത്താവിന്റെ മാനസാന്തരത്തിനുള്ള പ്രാർത്ഥന തീവ്രമായി ആരംഭിച്ചു.

ദൈവത്തിന്റെ കൃപയാണ് ദാമ്പത്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. പ്രശ്നങ്ങൾ ഇല്ലാത്ത ദാമ്പത്യ ജീവിതങ്ങൾ ഇല്ല. കൃപ എന്ന വാക്കിന് ഇംഗ്ലീഷിൽ GRACE എന്നാണ് പറയുന്നത്. അതിലെ G മാറ്റിയാൽ പിന്നെ അതൊരു RACE മാത്രമാണ്. അതിനാൽ GOD ഉള്ള ഒരു RACE ആകട്ടെ നമ്മുടെ ദാമ്പത്യജീവിതങ്ങൾ. ഓരോ കൂദാശകളിലൂടെയും ദൈവം നൽകുന്ന കൃപ സ്വന്തമാക്കാൻ നമുക്ക് പരിശ്രമിക്കാം. അപ്പോൾ ഈശോ പൗലോസ് ശ്ലീഹായോട് പറഞ്ഞതുപോലെ നമ്മോടും പറയും 'നിനക്ക് എന്റെ കൃപ മതി'.........

Story Image

 സിത്താർ പനംകുളം & റെൻസി സിത്താർ

1 2 3 4
5 6 7 8
1 2 3 4
5 6 7 8