Page 4

LOAF TIDINGS

Joy of Love in Family

ഭാര്യഭർത്തൃലയം

ദൈവം ഭൂമിയിൽ സൃഷ്ടിച്ച ഏറ്റവും ഗാഢവും നിഗൂഢവും വിശുദ്ധവുമായ ബന്ധമാണ് ദമ്പതികൾ തമ്മിലുള്ളത്. വിവാഹം എന്ന കൂദാശയിലൂടെ ഒഴുകുന്ന കൃപാവരവും ചേർക്കപ്പെടുമ്പോൾ അത് അതിവിശിഷ്ടമാകുന്നു. വിശുദ്ധരായ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ വിശുദ്ധരായി തീരുമെന്നത് വാസ്തവം തന്നെ.

ഈയിടെ എന്റെ ഓഫീസിൽ നടന്ന ഒരു സംഭവം ഓർക്കുന്നു. ഞങ്ങളുടെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ പിതാവ് വളരെ ദേഷ്യത്തോടെ ഫോൺ ചെയ്തു. തന്റെ മകളുടെ പഠന കാര്യങ്ങൾ ഒന്നും എനിക്ക് അറിയാൻ സാധിക്കുന്നില്ല, ഞങ്ങൾ കുറച്ചു മാതാപിതാക്കൾക്ക് ഈ പരാതിയുണ്ട് എന്ന് അറിയിച്ചു. ഇങ്ങനെ ഒരു പരാതി ആദ്യമായിട്ട് ആയതുകൊണ്ടും കാര്യങ്ങൾ വ്യക്തമായി മാതാപിതാക്കളെ അറിയിക്കുന്ന ഒരു സിസ്റ്റം കോളേജിൽ നിലനിൽക്കുന്നത് കൊണ്ടും ഇടയ്ക്കിടെ വിളിച്ച് കോളേജിലെ സ്റ്റാഫിനെ മുഴുവൻ വഴക്ക് പറയുന്നതു കൊണ്ടും ആ പിതാവിനെ കേൾക്കാൻ തീരുമാനിച്ചു.

വളരെ വേദനാജനകമായ കാര്യങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവെച്ചത്. മകൾ അപ്പനോട് സംസാരിച്ചിട്ട് ഏഴെട്ട് മാസങ്ങളായി, അവളുടെ യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞെന്ന് പോലും അപ്പൻ അറിയുന്നത് അയൽക്കാർ പറയുമ്പോഴാണ്. വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്തു ധാരാളം പണം സമ്പാദിച്ചിട്ടുള്ളയാൾ, അനുദിന വിശുദ്ധബലി മുടക്കാത്തയാൾ,... എന്നാൽ മകളെ വിളിച്ച് സംസാരിച്ചപ്പോഴാണ് അപ്പന്റെ വീട്ടിലെ പെർഫോ൪മൻസിനെ കുറിച്ച് മനസ്സിലാക്കുന്നത്. എപ്പോഴും ആക്രോശവും വഴക്കും ബഹളവും.... ബന്ധുക്കളും അയൽക്കാരുമായും യാതൊരു സമ്പർക്കവുമില്ല. പപ്പയുടെ ആക്രോശം മകൾ ഫോണിലൂടെ കേൾപ്പിച്ചു തന്നപ്പോൾ മകളെ ഉപദേശിക്കാൻ വിളിച്ച എന്റെ കണ്ണ് നിറഞ്ഞു പോയി.

കുറച്ചു മാസങ്ങൾക്ക് ശേഷം നമ്മുടെ സുഹൃത്ത് വീണ്ടും ഓഫീസ് സ്റ്റാഫിനെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. തന്റെ ഭാര്യയെ ഞാൻ ഉപദേശിക്കണം എന്നതാണ് ആവശ്യം, ഭാര്യ ടീച്ചർ ആണ്, ഒരു പാവം സ്ത്രീ .

താൻ കടന്നുപോകുന്ന വേദനകളും സഹനങ്ങളും സ്വാതന്ത്ര്യമില്ലായ്മയും, അധിക്ഷേപിക്കലുകളും ഒരു നിറഞ്ഞ പുഞ്ചിരിയുമായി മുന്നിലിരുന്ന് സംസാരിച്ച ഒരു പാവം ഭാര്യ ....നിസ്സഹായയായ അമ്മ. വളരെ നാളുകളായി ഹൃദയത്തിൽ കെട്ടിക്കിടന്ന ദുഃഖങ്ങൾ ഇറക്കിവെച്ച് യാത്ര പറയുമ്പോൾ അവർ എന്റെ മുഖത്ത് നോക്കി ഒന്ന് മാത്രം പറഞ്ഞു എല്ലാം അവസാനിപ്പിക്കാം എന്ന് വച്ചാണ് ഞാൻ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇവിടെ വന്നപ്പോൾ എനിക്ക് മുൻപോട്ടു പോകാൻ ഒരു ശക്തി കിട്ടിയതുപോലെ.

ഇനി ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരോടും; നമുക്ക് കുടുംബങ്ങളിൽ ഒത്തിരി നന്മ വിതയ്ക്കാൻ സാധിക്കും. അത് നമ്മുടെ കുടുംബങ്ങളിലാവാം, മറ്റ് കുടുംബങ്ങളിലാവാം, ഒന്നുറപ്പ് നാളെയുടെ മക്കൾ ഇന്നത്തെ ഭാര്യ ഭർത്താവ് ബന്ധങ്ങളുടെ പ്രതിഫലനമാണ്. ഓരോ ദമ്പതികൾക്കും ഒരു വിശുദ്ധനെയോ ഒരു ഗുണ്ടയേയോ രൂപപ്പെടുത്താൻ സാധിക്കും. നമുക്ക് കുടുംബങ്ങളിൽ പോയി രാപ്പാർക്കാം ......

Story Image

 ഡോ. ബെറ്റ്‌സി തോമസ്

പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,

അമല മെഡിക്കൽ കോളേജ്, തൃശൂർ.

വിവാഹത്തിൻ്റെ കൗദാശികത

മനുഷ്യ ജീവിത ചരിത്രത്തിൽ കാലഘട്ടങ്ങൾക്കനുസൃതമായി ഇന്നുവരെ വിവാഹം പല രീതിയിൽ നടത്തിവരുന്നു. ഇത് വിവിധങ്ങളായ ഘടങ്ങളെ അടിസ്ഥാനമാക്കി വേർതിരിക്കപ്പെട്ടതാണ്. ഇതിലെല്ലാം അന്തർലീനമായിരിക്കുന്ന ഒരേയൊരു ഘടകം മനുഷ്യൻ്റെ ജഡികതയെ, ലൗകികതയെ തലമുറയിലേക്ക് കൈമാറ്റപ്പെടുന്ന തരത്തിലാണ്. ഇവിടെയാണ് സാക്ഷാൽ ദൈവപുത്രൻ്റെ ഇടപെടലിലൂടെ ഈ പ്രവർത്തി കൗദാശികമായിത്തീർന്നതും ദൈവീക സാന്നിദ്ധ്യ സ്പർശമായതും. ചേർന്ന ഇണകളെ യോജിപ്പിക്കുന്നതും അതിലൂടെ സന്താനപുഷ്ടി വരുത്തുന്നതുമായ പ്രക്രിയ ഇവിടെ നടത്തുന്നത് സാക്ഷാൽ കർത്താവായ ദൈവമാണെന്ന് നീ അറിഞ്ഞില്ലെങ്കിൽ അറിഞ്ഞോളൂ എന്ന വെല്ലുവിളി നിറഞ്ഞ സ്നേഹഭാഷണമാണ് ഈശോ നടത്തിയ മാതാപിതാക്കളിൽ നിന്നും വേർതിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള പഠനങ്ങളിൽ മുഴങ്ങുന്നത് - അതിനാൽ അത് ദൈവ വരപ്രസാദമുള്ള കൗദാശികമായിത്തീരുന്നു . ദൗർഭാഗ്യകരമെന്ന് പറയട്ടെ മൃഗീയ ഭൂരിപക്ഷം ക്രിസ്ത്യാനികളും ഇതിലെ കൗദാശികത മറന്ന് ജീവിതമാരംഭിക്കുന്ന നിലയിലായതിനാൽ ക്രമക്കേടുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ക്രിസ്തുവിൻ്റെ പീഢാ സഹനവും കുരിശുമരണവും ഉത്ഥാനവും അവരവരുടെ വിവാഹ ജീവിതത്തിൽ നിറവേറ്റാൻ സാധിക്കുന്നതോർത്ത് കർത്താവിനു നന്ദി പറയാൻ തുടങ്ങുന്ന അന്ന് മുതൽ വിവാഹത്തിൻ്റെ കൗദാശിക ഫലങ്ങൾ സ്വജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങുന്നത് ഏവർക്കും അനുഭവവേദ്യമാകും. അല്ലാത്ത പക്ഷം ഈ മഹാസമ്പത്തിൽ വിലാപവും പല്ലുകടിയും നിറഞ്ഞുനിൽക്കും, മാത്രമല്ല ആ സന്ദർഭത്തെ ഉപയോഗിക്കാൻ കഴുകൻമാർ വന്ന് കൂടും എന്നത് അച്ചട്ടാണ്. ഗ്രഹിക്കാൻ കഴിവുള്ളവൻ /വൾ ഗ്രഹിക്കട്ടെ!

Story Image

 ഡാർവിൻ & ലിസ്മോൾ.

വഴിവിളക്കുകൾ

മുപ്പിരി ചരടിന്റെ ഉറപ്പ്

Story Image

 അമ്മ: മോനേ കടയിൽ പോയി മുപ്പിരി കയറു വാങ്ങിയിട്ടു വാ...... മകൻ: ആ അമ്മേ.... കുറച്ചു കഴിഞ്ഞു മതിയോ? അമ്മ: വേഗം വേണം മോനെ.... തെങ്ങ് കയറാൻ യോഹന്നാൻ ചേട്ടൻ വന്നിരിക്കുന്നു. വേഗം പോയിട്ട് വാ... മകൻ: എന്തിനാണ് അമ്മേ മുപ്പിരി കയർ വാങ്ങുന്നത്? കടയിൽ വേറെയും കയറുകൾ ഉണ്ടല്ലോ? അമ്മ: മോനേ... മൂന്ന് ചരടുകൾ ചേർന്നാൽ ആണ് മുപ്പിരി കയർ. നാളികേരവും പട്ടയും കൊതുമ്പും മറ്റും ഉറപ്പോടെ കെട്ടി വയ്ക്കാൻ മുപ്പിരി കയർ തന്നെ വാങ്ങിയിട്ട് വരണം.

വിവാഹം കഴിഞ്ഞ് 23 വർഷങ്ങൾക്കിപ്പുറം വിവാഹത്തിന്റെ അന്ന് വൈദികൻ പറഞ്ഞ മുപ്പിരി ചരടിന്റെ കാര്യം അറിയാതെ ഓർത്തുപോയി.

ഭർത്താവും ഭാര്യയും കർത്താവും ഒരൊറ്റ ചരടായി കൂട്ടി ഇണ ക്കുന്ന വിവാഹബന്ധം ഒരു മുപ്പിരി ചരട് ആയി ഏറെ ബലമുള്ള ഒരു ബന്ധമായി തുടരുന്നു. വിവാഹ വേദിയിലെ ദമ്പതികളാണ്ആ കൂദാശയിലെ ശുശ്രൂഷകർ. "ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ" പറയുന്നതുപോലെ "Three to get married in a Christian marriage". വിവാഹം എന്ന കൂദാശയിലൂടെ ലഭിക്കുന്ന ദൈവവര പ്രസാദം ഓരോ ബലി യർപ്പണത്തിലൂടെയും ദമ്പതികളെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

തമ്പുരാനിൽ ആണ് എന്നെയും ഭാര്യയെയും ചേർത്ത് ഇണക്കിയിരിക്കുന്നത് എന്ന ശക്തമായ ബോദ്ധ്യം, പരസ്പരം സ്നേഹിക്കുവാനും, പരസ്പരം ക്ഷമിക്കുവാനും, പരസ്പരം ബഹുമാനിക്കുവാനും എന്നെ ശക്തിപ്പെടുത്തുന്നു.

പരിശുദ്ധ അൾത്താരയുടെ മുൻപിൽ ഭാര്യയും ഭർത്താവും കർത്താവും വിവാഹം എന്ന കൂദാശയിലൂടെ ഒന്നാകുന്ന നിമിഷത്തിൽ തനിക്ക് ഈശോ നൽകിയ ജീവിതപങ്കാളി ജീവിതാവസാനം വരെ തുണയായി കൂടെ നിന്ന് തനിക്ക് സൗഖ്യം നൽകുന്ന ഒരു ശക്തിസ്രോതസാകുന്നു.

തിരുവചനം ഇങ്ങനെ പറയുന്നു സഭാ പ്രസംഗകൻ (4:9-12) “രണ്ടുപേർ ഒരാളെക്കാൾ മെച്ചമാണ് കാരണം അവർക്കു ഒരുമിച്ച് ഫലപ്രദമായി അദ്ധ്വാനിക്കുവാൻ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവൻ വീണാൽ താങ്ങാൻ ആരുമില്ല. അവന്റെ കാര്യം കഷ്ടമാണ് രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് ചൂട് കിട്ടും.. തനിച്ചായായാൽ എങ്ങനെ ചൂടു കിട്ടും. ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്തുവാൻ സാധിച്ചേക്കാം. രണ്ടു പേരാണെങ്കിൽ ചെറുക്കാൻ കഴിയുമോ? മുപ്പിരി ചരട് വേഗം പൊട്ടിപ്പോകുകയില്ല”

ഈശോയിൽ ആരംഭിച്ച്, ഈശോയിൽ തുടർന്ന്, ഈശോയിൽ വളർന്ന് അനേകർക്ക് നന്മ ചെയ്തു ജീവിക്കുവാൻ ദൈവമേ ഞങ്ങളെ ശക്തിപ്പെടുത്തണമേ.

Story Image

 ബിജു ആന്റണി & ഹിമ ബിജു.

സീനിയർ മാനേജർ ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,

നെല്ലായ ബ്രാഞ്ച്.

1 2 3 4
5 6 7 8
1 2 3 4
5 6 7 8