Page 6

LOAF TIDINGS

Joy of Love in Family

ഗലീലിയിലെ കാന – വിശ്വാസത്തിലേക്കുള്ള ഒരു യാത്ര
Story Image

ഗലീലിയിലെ കാനയിലേക്ക് പോകുന്ന വഴി തന്നെ മനസ്സിൽ ഒരു പ്രത്യേക ശാന്തിയും ഭക്തിയും നിറഞ്ഞിരുന്നു. പച്ചപ്പുള്ള കുന്നുകളും ശാന്തമായ ഗ്രാമവും കടന്ന്, യേശു തന്റെ ആദ്യ അത്ഭുതം നടത്തിയ ആ വിശുദ്ധ സ്ഥലത്തേക്കാണ് ഞങ്ങൾ എത്തിയത് എന്ന ചിന്ത തന്നെ ഹൃദയം നിറച്ചു.

കാനയിലെ പള്ളി ദൂരത്ത് തന്നെ കാണുമ്പോൾ, അത് വെറും ഒരു കെട്ടിടമല്ല — വിശ്വാസത്തിന്റെ ചരിത്രം ജീവിച്ചിരിക്കുന്ന ഒരു സ്മാരകമാണെന്ന് തോന്നി. അകത്തേക്ക് കയറുമ്പോൾ, “ഇവിടെ തന്നെയാണ് യേശു വെള്ളം വീഞ്ഞാക്കി മാറ്റിയത്” എന്ന വാക്കുകൾ ഹൃദയത്തിൽ മുഴങ്ങി. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ആ വിവാഹ വിരുന്നിന്റെ ശബ്ദങ്ങൾ ഇന്നും ഇവിടെ മുഴങ്ങുന്നുവെന്ന് തോന്നി. ആ പള്ളിക്കുള്ളിൽ നിൽക്കുമ്പോൾ പരിശുദ്ധ മറിയത്തിന്റെ സ്നേഹപൂർവ്വമായ ഇടപെടൽ മനസ്സിൽ തെളിഞ്ഞു. “അവൻ നിങ്ങളോട് പറയുന്നതെല്ലാം ചെയ്യുക” എന്ന അവളുടെ വാക്കുകൾ യാത്രയുടെ ആത്മീയ മാർഗ്ഗദീപമായി മാറി.

നമ്മുടെ കൂടെയുണ്ടായിരുന്ന വൈദികർ അവിടെ കുർബാന ചൊല്ലുകയും വിവാഹ ആശീർവാദം പുതുക്കിത്തരുകയും ചെയ്തത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു. വിവാഹ ഉടമ്പടിയുടെ certificate അവിടെ നിന്നും ലഭിച്ചു.

അവിടെ കണ്ട വലിയ ജലപാത്രങ്ങൾ, അത്ഭുതത്തിന്റെ നിശബ്ദ സാക്ഷികളായി നിലകൊണ്ടു. ഇത് പോലുള്ള കൽഭരണികൾ ആണ് അന്ന് ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കാൻ കൂടെയുള്ള ലീഡർ ആയ ജയിംസ് അച്ചൻ്റെ വിവരണത്തിലൂടെ സാധിച്ചു.

പുറത്ത് ഇറങ്ങിയപ്പോൾ കുറെ വൈൻ ഷോപ്പുകൾ കാണാൻ കഴിഞ്ഞു. എല്ലാ യാത്രക്കാരും അവിടെ നിന്ന് കാനായിലെ വീഞ്ഞ് വാങ്ങിയിരുന്നു.

കാനായിൽ നിന്നു മടങ്ങുമ്പോൾ, ഈ യാത്ര ഒരു സ്ഥലസന്ദർശനം മാത്രമല്ല, മറിച്ച് വിശ്വാസത്തിലേക്കുള്ള ഒരു ആന്തരിക യാത്രയാണെന്ന് തിരിച്ചറിഞ്ഞു. വിവാഹത്തിന്റെ വിശുദ്ധതയും, മനുഷ്യജീവിതത്തിലെ കുറവുകളിൽ ദൈവകൃപ നിറയുന്നതിന്റെ പ്രത്യാശയും ഹൃദയത്തിൽ നിറഞ്ഞിരുന്നു.

Story Image

  സിനി ചാക്കോ

ടൂത്ത് പേസ്റ്റും വിവാഹവും

ടൂത്ത് പേസ്റ്റിന് വിവാഹത്തിൽ എന്ത് കാര്യം എന്ന് നിങ്ങൾക്ക് തോന്നിയോ? വിവാഹത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ കേവലം ഒരു ടൂത്ത് പേസ്റ്റ് ട്യൂബിനും കഴിയും. ഞങ്ങളുടെ വിവാഹത്തിൻ്റെ ആദ്യ കാലത്ത് ഉണ്ടായ ഒരു അഭിപ്രായ വ്യത്യാസവും അത് പരിഹരിക്കാൻ ദൈവം ഇടപെട്ട വിധവും നിങ്ങളുമായി പങ്കുവെക്കാം എന്ന് കരുതുന്നു.

ഞങ്ങളുടെ വിവാഹം മാതാപിതാക്കൾ ആലോചിച്ച് തീരുമാനിച്ച ‘അറേഞ്ച്ഡ് മാര്യേജ്’ ആയിരുന്നു. ഇപ്പോഴത്തെ യുവജനങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധം 1995 ജൂലൈ 22ന് ആദ്യമായി കണ്ട ശേഷം ഓഗസ്റ്റ് 15ന് മനസ്സമ്മതവും സെപ്റ്റംബർ 9ന് ഞങ്ങളുടെ വിവാഹവും നടന്നു. ഏതോ സിനിമയിൽ പറയുന്നത് പോലെ “എല്ലാം വളരെ പെട്ടെന്നായിരുന്നു….”

ഞങ്ങൾ അന്ന് തിരുവനന്തപുരത്ത് ആണ് താമസിച്ചിരുന്നത്. ഡാഡി (ഡോ. എം. വി. തോമസ് ആരോഗ്യ വകുപ്പിൽ അഡീഷണൽ ഡയറക്ടറായി റിട്ടയർ ചെയ്ത ശേഷം രണ്ട് സ്വകാര്യ ആശുപത്രിയിൽ സർജനായി ജോലി ചെയ്യുകയായിരുന്നു. ഞാനും ടോണിയും എംബിബിഎസ് പഠനം കഴിഞ്ഞതേയുളളൂ. ഞങ്ങളുടെ ഹണിമൂൺ യാത്രകൾ കഴിഞ്ഞപ്പോൾ ഞാനും ടോണിയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ മെഡിക്കൽ ഓഫീസർമാരായി ജോലി ആരംഭിച്ചു. ഞാൻ ജനറൽ മെഡിസിൻ വിഭാഗത്തിലും ടോണി ഗൈനക്കോളജി വിഭാഗത്തിലും ജൂനിയർ ഡോക്ടർമാരായി. അങ്ങനെയൊരു ദിവസം ഡാഡിയും മമ്മിയും എന്റെ വല്ല്യപ്പനും (അപ്പച്ചൻ) കൂടെ പെരിന്തൽമണ്ണയിൽ വന്ന് ഞങ്ങളെ പിജി പഠനത്തിന് ഒരുങ്ങാൻ നല്ലത് തിരുവനന്തപുരം ആണെന്ന് ടോണിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി ഞങ്ങളെയും കൂട്ടി തിരുവനന്തപുരത്ത് എത്തി. അങ്ങനെ ഒരു ദിവസമാണ് ടൂത്ത് പേസ്റ്റ് ഞങ്ങളുടെ ഇടയിൽ ചെറിയ ഒരു വില്ലനായി മാറുന്നത്….

ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കുമ്പോൾ അറ്റത്ത് നിന്ന് തുടങ്ങി ഞെക്കിയില്ലെങ്കിൽ കൂടുതൽ പേസ്റ്റ് നഷ്ടപ്പെടും എന്ന വാദം ഉയർത്തിയത് ടോണി ആയിരുന്നു. ഞാൻ അങ്ങനെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഇതേക്കുറിച്ച് ഞങ്ങൾക്കിടയിൽ ഒരു സംസാരം ഉണ്ടായി. ഇത് ഇടക്കിടെ ആവർത്തിച്ചിരുന്നു. എവിടെ ഞെക്കി തുടങ്ങിയാലും വ്യത്യാസം ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഈ തർക്കം ഇടക്കിടെ ഉണ്ടാകും എന്നല്ലാതെ ഞങ്ങളുടെ സ്നേഹത്തിന് ഒരു കുറവും ഇല്ലായിരുന്നു.

അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ഈ തർക്കം ഡാഡി ശ്രദ്ധിച്ചു. വളരെ ശ്രദ്ധയോടെ ഞങ്ങളുടെ രണ്ടു പേരുടെയും വാദങ്ങൾ കേട്ട ശേഷം ഡാഡി ഒരു ചോദ്യം ചോദിച്ചു. എവിടെ ഞെക്കി തുടങ്ങിയാലും വ്യത്യാസം എന്താണ്? ടോണി പറഞ്ഞു അറ്റം മുതൽ ആരംഭിക്കുമ്പോൾ പേസ്റ്റ് ട്യൂബിൽ നിന്ന് പരമാവധി പേസ്റ്റ് നമുക്ക് ലഭിക്കും. നടുക്ക് നിന്ന് ആരംഭിക്കുമ്പോൾ ഇത് സാദ്ധ്യമല്ല. ഡാഡി താൻ ബ്രഷ് ചെയ്യുന്നിടത്ത് നിന്ന് ഉപയോഗിച്ച് തീർന്ന ഒരു ട്യൂബ് എടുത്ത് ടോണിക്ക് നൽകിയ ശേഷം ചോദിച്ചു: ഇത് ഞാൻ നടുക്ക് നിന്ന് ഞെക്കി തുടങ്ങിയ ട്യൂബ് ആണ്. ഇതിൽനിന്ന് ഇനിയും പേസ്റ്റ് എടുത്ത് കാണിക്കാമോ? ടോണി അത് വാങ്ങി നോക്കിയിട്ട് ഇല്ല എന്ന് പറഞ്ഞ് തിരിച്ചു നൽകി. എവിടെ ഞെക്കി തുടങ്ങിയാലും പൂർണ്ണമായി ഉപയോഗിക്കാൻ കഴിയും എങ്കിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ തർക്കിക്കുന്നത് എന്ന് ഡാഡി ചോദിച്ചു. അതോടെ ഞങ്ങളുടെ തർക്കം അവസാനിച്ചു. ഇത് ടോണി തന്നെ ഈ അടുത്ത് ഒരു ക്ലാസ്സിൽ പറഞ്ഞപ്പോൾ ആണ് ഞാൻ വീണ്ടും ഓർത്തത്!

ദാമ്പത്യ ജീവിതത്തിൽ പല തർക്കങ്ങളും വാക്കുകൾ, ചെറിയ ചെയ്തികൾ, ശീലങ്ങൾ എന്നിവയെക്കുറിച്ച് ആയിരിക്കും ആരംഭിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികം ആണ്. എന്നാൽ അവ പരിഹരിക്കാൻ നമുക്ക് കൃപ നൽകുന്നത് നമ്മുടെ വിവാഹം എന്ന കൂദാശയിൽ എപ്പോഴും സന്നിഹിതനായിരിക്കുന്ന ഈശോ ആണ്. അപ്പോഴാണ് ഇവ പരിഹരിക്കാനുളള മറ്റു വ്യക്തികളുടെ ഇടപെടൽ നമുക്ക് സ്വീകരിക്കാൻ തോന്നുന്നത്. എന്റെ ഡാഡി അന്ന് ടോണിക്ക് അത് പറഞ്ഞു കൊടുത്തപ്പോൾ അത് സ്വീകരിച്ച് ആ തർക്കം അവസാനിപ്പിക്കാതെ എന്റെ ശീലം തിരുത്തി ടോണിയുടെ ശീലം പോലെയാക്കാൻ പരിശ്രമിച്ചു എങ്കിൽ ഞങ്ങളുടെ വിവാഹം ഇന്നുളളത് പോലെ സന്തോഷകരമാകുമോ എന്ന് എനിക്ക് അറിഞ്ഞു കൂടാ….

വിവാഹം എന്ന കൂദാശ ദമ്പതികൾക്ക് നൽകുന്ന ഏറ്റവും വലിയ കൃപ ഐക്യത്തിൻ്റെ കൃപയാണ്. അത് രണ്ട് പേരും ഒരേ സ്വഭാവവും ഒരേ ചിന്തയും ഉള്ളവരാകുക എന്നതല്ല. വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും നിലനിൽക്കുമ്പോൾ പോലും പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു കൊണ്ട് ദമ്പതികളുടെ ഉപരി നന്മയിലേക്ക് വളരുന്നതിനുളള കൃപയാണ്! ഈ കൃപ നമ്മുടെ കർത്താവായ ഈശോ മിശിഹാ നിങ്ങളുടെ ദാമ്പത്യത്തിലും ധാരാളമായി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു! ആമേൻ!

Story Image

 ഡോ സുനി തോമസ്

പ്രൊഫസ്സർ, റേഡിയോഡയഗ്നോസിസ്

മെഡിക്കൽ കോളേജ്, തൃശ്ശൂർ.

‘വിവാഹം കഴിക്കുന്നതു രണ്ടുപേരല്ല, മൂന്നുപേരാണ് - ഭർത്താവും കർത്താവും ഭാര്യയും’

-- വിവാഹിതരാകാൻ മൂന്നുപേർ, ധന്യൻ ആർച്ച് ബിഷപ്പ് ഫുൾട്ടൻ. ജെ. ഷീൻ
1 2 3 4
5 6 7 8
1 2 3 4
5 6 7 8