Joy of Love in Family
“തുറക്കൂ, ദയവായി വാതിൽ തുറക്കൂ.” ശാന്തിതേടി അലഞ്ഞ ഒരാത്മാവ് സ്വർഗകവാടത്തിൽ മുട്ടിക്കൊണ്ടു പറഞ്ഞു. ഉടനേ അകത്തുനിന്ന് ഉത്തരമുണ്ടായി: “വാതിൽ തുറക്കാം. പക്ഷേ അതിനു മുമ്പ് ദൈവത്തിന് ഏറ്റവും പ്രീതികരമായ കാഴ്ച വസ്തു കൊണ്ടുവരൂ.''
ദൈവത്തിന് ഏറ്റവും പ്രീതികരമായ കാഴ്ച വസ്‌തു തേടി ആ ആത്മാവ് ലോകംമുഴുവനും നടന്നു. അതിനിടയിൽ സ്വന്തം രാജ്യത്തിനുവേണ്ടി സധൈര്യം അടരാടിയ ഒരു പടയാളിയുടെ ഹൃദയത്തിലെ അവസാന രക്തത്തുള്ളി ആ ആത്മാവിനു ലഭിച്ചു. ആ രക്തത്തുള്ളിയുമായി ആത്മ്‌മാവ് സ്വർഗകവാടത്തിലെത്തി. പക്ഷേ, ദൈവത്തിന് ഏറ്റവും പ്രീതികരമായ കാഴ്ച വസ്‌തു അതായിരുന്നില്ല.
പിന്നീട് ഒരു കാമുകി മരിക്കാൻ പോകുന്ന തന്റെ കാമുകന്റെ നിറുകയിൽ നൽകിയ അന്ത്യ ചുംബനം കൊണ്ടുവന്നു. അതും ദൈവത്തിന് ഏറ്റവും സ്വീകാര്യമായ കാഴ്‌ച വസ്തുവല്ലായിരുന്നു.
വീണ്ടും ആത്മാവ് അലഞ്ഞുനടക്കുമ്പോൾ കൈകൾ കൂപ്പി പ്രാർഥിക്കുന്ന ഒരു പിഞ്ചുബാലനെ കാണാനിടയായി. ആ ബാലനെ ശ്രദ്ധിച്ചു കൊണ്ടു നിൽക്കുമ്പോൾ അടുത്തുനിൽക്കുന്ന ഒരു മനുഷ്യനെ ആത്മാവ് കണ്ടു. ആ മനുഷ്യനും നിഷ്കളങ്കനായ ആ ബാലന്റെ പ്രാർഥന ശ്രദ്ധിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പാപിയായ ആ മനുഷ്യന്റെ കണ്ണിൽനിന്ന് അനുതാപത്തിന്റെ ചുടുകണ്ണീർ വീഴുന്നത് ആത്മാവ് കണ്ടു. എത്രയുംവേഗം ആ കണ്ണീർക്കണങ്ങളിലൊന്നു ശേഖരിച്ച് ആത്മാവ് സ്വർഗകവാടത്തിലെത്തി. അപ്പോൾ സ്വർഗകവാടം താനേ തുറക്കപ്പെട്ടു. കാരണം, ദൈവത്തിന് ഏറ്റവും പ്രീതികരമായ കാഴ്ച വസ്തുവായിരുന്നു അനുതാപത്തിന്റെ ആ ചുടുകണ്ണീർക്കണം.
തിരുവചനം നോക്കൂ, “അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കാ 15 : 7)
ഇക്കാലത്തെ വല്ലാത്തൊരു ദുരന്തം നമ്മളൊക്കെ 'ഭയങ്കര വിശുദ്ധരായി ' മാറിക്കഴിഞ്ഞു എന്നതാണ്. ഒരു കുമ്പസാരക്കൂടിന്റെ സഹായം പോലുമില്ലാതെ ജീവിക്കാനാവും വിധം വിശുദ്ധരായി മാറിക്കഴിഞ്ഞവർ ഇന്ന് സഭയിൽ ഏറെയാണ്. യോഹന്നാൻ ശ്ളീഹ പറയുകയാണ്: “നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.” (1 യോഹന്നാന്‍ 1 : 8-9)
പണ്ടൊരു ചേട്ടന്റെ വാമൊഴി ഇങ്ങിനെയായിരുന്നു ''മത്തായി കള്ളും കുടിക്കും, പെണ്ണും പിടിക്കും പക്ഷേ മനഃസാക്ഷി വിട്ട് ജീവിക്കാറില്ല". കിടപ്പ് പന്നിക്കുഴിയിലാണ് എന്നിട്ടും ഇത്തരം 'മനസാക്ഷി’ ഉള്ളതുകൊണ്ട് വലിയ പ്രശ്നമില്ല. പ്രാർത്ഥിക്കാൻ പോയ ഫരിസേയൻ എങ്ങിനെയാണ് നീതികരിക്കപ്പെടാതെ മടങ്ങിപ്പോകേണ്ടി വന്നത്? നിരത്തി വച്ച സൽകർമ്മങ്ങളിലൊന്നും തമ്പുരാൻ വലിയ മഹിമ കണ്ടതുമില്ല. ചുങ്കക്കാരൻ ആത്മനിന്ദയോടെ തല കുനിച്ചതേയുള്ളൂ. ബാക്കിയെല്ലാം ഓ.കെ.!
“അങ്ങയുടെ മുഖപ്രകാശത്തിൽ എന്റെ രഹസ്യ പാപങ്ങൾ വെളിവാകുന്നു” (സങ്കീ 90 :8) അകലം കുടുംതോറും ഒന്നും മനസിലാകണമെന്നില്ല. ക്രിസ്തുവിനടുത്തേക്ക് ലേശം കൂടെ അടുത്തപ്പോൾ വി.അഗസ്റ്റിനും, പത്രോസ് ശ്ളീഹയുമൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു “കർത്താവേ, അകന്നു പോകണമേ ഞാൻ പാപിയാണേ”. (ലൂക്ക5: 8) ഒരാൾ ആത്മഗതമായി പറയുന്നു “നമ്മുടെ കാലത്തെ ഒരു സവിശേഷത മനുഷ്യരിൽ പാപം വർദ്ധിക്കുകയും, പാപബോധം വറ്റിപ്പോവുകയും ചെയ്തു എന്നതാണെന്ന്”
എത്ര ഹീനമായ കാര്യത്തിലും ഒരു മടിയും (വ്യസനവും) കൂടാതെ ഉൾച്ചേരാനാവും വിധം നമ്മുടെ മനഃസാക്ഷി (വിശിഷ്യാ ക്രിസ്തീയ മനഃസാക്ഷി) വശീകരിക്കപ്പെട്ടു കഴിഞ്ഞു. ആത്മനിന്ദയോടെ ജീവിതത്തെ നോക്കുമ്പോഴാണ് അൻപത്തിയൊന്നാം സങ്കീർത്തനം നമ്മുടെ ജീവിതത്തിൽ പിറക്കുകയുള്ളൂ. എന്തൊക്കെ ഏറ്റുപറച്ചിലാണ് ഒരു രാജാവായിരുന്നിട്ടും ദാവീദിന്റെ ഉള്ളിൽ നിന്നു വരുന്നത്. ക്രിസ്തുവിൽ നമ്മുടെ ആത്മാനുതാപം കുറ്റബോധത്തിന്റെയല്ല, മറിച്ച് പാപബോധത്തിൻ്റേതാണ്. നഷ്ടപ്പെട്ട (കളങ്കപ്പെട്ട) വെളുത്ത മേലങ്കിക്ക് പകരം മറ്റൊന്നിന് വേണ്ടി അമ്മയോട് കേഴുന്ന ഒരു കുഞ്ഞിന്റെ ആശ്രയ ബോധം!
ശശി ഇമ്മാനുവേൽ
പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
വളരെ യാദ്യശ്ചികമായിട്ടാണ് ഞങ്ങൾ ലോഫിലേയ്ക്ക് കടന്നുവരുന്നത്. ഞാൻ ചീകിത്സിച്ച ഒരു രോഗിയുടെ സഹോദരി കന്യാസ്തിയിലൂടെയാണ് സമർപ്പിത സമൂഹത്തെക്കുറിച്ച് ഞങ്ങൾ അറിയാനിടയായത്. ആദ്യമാദ്യം കൂട്ടായ്മയിലേക്ക് കടന്നുചെല്ലാൻ മടിയായിരുന്നെങ്കിലും മറ്റ് കുടുംബങ്ങളുടെ സമർപ്പണവും ജീവിത മാർഗ്ഗങ്ങളും പരസ്പരമുള്ള ഷെയറിങ്ങും ഞങ്ങളെ ലോഫിലേക്ക് ആകർഷിച്ചു.
ഞങ്ങളുടെ ആത്മീയ പിതാവായ ആൻഡ്രൂസ് താഴത്ത് പിതാവ്,ടോണി പിതാവ്, ഡയറക്ടർമാരായ ആളുരച്ചൻ, ഡെന്നിയച്ചൻ ഇപ്പോഴത്തെ ഡയറക്ടറായ ട്വിങ്കിളച്ചൻ, മുൻ സ്പിരിച്ചൽ അസിസ്റ്റന്റ് വൈദികർ എന്നിവരുടെ ജീവിത മാതൃകയും സഹഗമനവും ഞങ്ങളെ വളരെ സ്പർശിച്ചു. ഞങ്ങളുടെ മാസ ധ്യാനങ്ങളും, അക്കാദമിക് സെക്ഷനുകളും, മറ്റു കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന ധ്യാനങ്ങളും, ഞങ്ങൾ പങ്കെടുക്കുന്ന വാർഷിക ധ്യാനങ്ങളും ഞങ്ങളെ ആത്മീയമായി മാത്രമല്ല ഭൗതികമായും വളർത്തുവാൻ ഉപകരിച്ചു. ഞങ്ങൾ ആണ്ട്തോറും നവീകരിക്കുന്ന ഞങ്ങളുടെ മൂന്നു വ്രതങ്ങൾ അനുസരണം - ലളിതജീവിതം - ദാമ്പത്യവിശുദ്ധി, ഞങ്ങളെ നിത്യജീവിതത്തിലേക്കുള്ള യാത്രയിൽ കർത്താവിനോട് ചേർന്ന് സഞ്ചരിക്കുവാൻ സഹായിക്കുന്നു. ഞങ്ങൾ ഈശോയ്ക്ക് മാറ്റിവച്ചിരിക്കുന്ന സമയവും പ്രയത്നങ്ങളും ലോകത്തിന്റെ ദൃഷ്ടിയിൽ പലപ്പോഴും ഭോഷത്തരമായി തോന്നുമെങ്കിലും ഞങ്ങൾക്കുറപ്പുണ്ട് കർത്താവ് അതിനെ വിലമതിക്കുന്നുവെന്ന്. ഞങ്ങളുടെ കൂടെയുള്ളവരെയും ഈ കൂട്ടായ്മയ്ക്ക് പുറത്തുള്ളവരെയും ഈശോയിൽ ചേർത്ത് പിടിക്കുന്നത് വഴി ഈ ആത്മീയ യുദ്ധത്തിൽ വീണുപോകുമ്പോഴൊക്കെ മുറിവേൽക്കാതെ ചാടി എഴുന്നേൽക്കാൻ നമ്മെ കൈപിടിച്ചുയർത്തുന്ന സാക്ഷികളുടെ ഒരു കൂടാരം തന്നെ നമ്മുടെ ചുറ്റുമുണ്ട്. പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ പ്രാർത്ഥനകൾ എന്നിവയിൽ സ്ഥിരതയോടെ നിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ പോലെ ലോഫ് സമൂഹം നമ്മുടെ പിതാക്കന്മാരോടും വൈദികരോടും ചേർന്ന് നിന്നുകൊണ്ട് മലമുകളിലെ ദീപം പോലെ പ്രകാശിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിൽ ഒരുപക്ഷേ നമുക്ക് മുഖംമൂടിയണിയാൻ സാധിച്ചേക്കും. എന്നാൽ എന്റെയും ജീവിതപങ്കാളിയുടെയും പച്ചയായ ജീവിതം കാണുന്നത് നമ്മുടെ മക്കളാണ്. ലോഫിൽ ചേർന്നതിനുശേഷം ഡാഡിക്കും മമ്മിക്കും നല്ല മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന മക്കളുടെ സർട്ടിഫിക്കറ്റ് ആണ് ഒരു പക്ഷേ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം. അവൻ അവരോട് പറഞ്ഞു നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ (വിശുദ്ധ മാർക്കോസ് 16: 15) കർത്താവ് ഇതു നമ്മെ ഓരോരുത്തരെയും നോക്കി ഉരിയാടുന്നു. നമുക്ക് ലോകമെങ്ങും പോകാൻ സാധിച്ചില്ലെങ്കിലും നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ നമ്മൾ ആയിരിക്കുന്ന അവസ്ഥകളിൽ കർത്താവിനെ പ്രഘോഷിക്കാം.നമുക്ക് കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം….
ഡോ. ബെറ്റ്‌സി തോമസ്
പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
“"നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് ഇതുവഴി എല്ലാവരും അറിയും"”
-- യോഹന്നാൻ 13:35