Page 5

LOAF TIDINGS

Joy of Love in Family

സാക്ഷികളുടെ സമൂഹം

" കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും. "( സങ്കീ 127:3)

നിങ്ങൾ ഇപ്പോൾ വായിച്ച ഈ തിരുവചനമാണ് ഞങ്ങൾ വിവാഹദിനത്തിന്റെ വചനമായി തിരഞ്ഞെടുത്തത്. 2011ൽ നവംബർ മാസത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം ആശീർവദിച്ച ബഹുമാനപ്പെട്ട ഫ്രാൻസിസ് ആളൂരച്ചൻ ഞങ്ങളെ LOAF എന്ന സംഘടനയിലേക്ക് ക്ഷണിച്ചു. ഷൈജൻ & ജെൻസി ദമ്പതികൾ തുടർന്നുള്ള മാസങ്ങളിൽ ഞങ്ങളെ ലോഫിലേക്ക് വരാൻ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ആ നാളുകളിൽ ജീസസ് യൂത്തിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2012 ഡിസംബർ മാസത്തിൽ ഫാമിലി അപ്പോസ്തോലറ്റിൽ വച്ച് നടന്ന ലോഫ് വാർഷിക ധ്യാനത്തിൽ സംബന്ധിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. തുടർന്ന് എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച നടക്കുന്ന ലോഫ് മാസധ്യാനത്തിൽ പങ്കെടുക്കുവാൻ തുടങ്ങി. 2013ൽ ആദ്യ കുഞ്ഞിനെയും 2016ൽ രണ്ടാമത്തെ കുഞ്ഞിനെയും ദൈവം ഞങ്ങൾക്ക് നൽകി. പക്ഷേ ജീവിതം മുന്നോട്ടുപോകും തോറും ജീവിത ചെലവുകളും കൂടിക്കൂടി വന്നു. ഇങ്ങനെയാണെങ്കിൽ അടുത്ത കുഞ്ഞു വന്നാൽ എങ്ങനെ മുന്നോട്ടു പോകുമെന്ന് തുടങ്ങിയ ചിന്തകൾ മനസ്സിനെ അലട്ടാൻ തുടങ്ങി. ആ സമയത്താണ് കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള ലോഫിലെ കുടുംബങ്ങളെ പറ്റി ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചത്. കുടുംബങ്ങളുടെ സന്തോഷവും ആനന്ദവും നേരിട്ട് അറിയാൻ ശ്രമിച്ചു. ആ കുടുംബങ്ങളിലുള്ള കുഞ്ഞുങ്ങളുടെ സ്നേഹവും പരിഗണനയും ഉത്തരവാദിത്വ ബോധവും കരുതലും ഒന്ന് വേറെ തന്നെയായിരുന്നു. അവരുടെ ദൈവാശ്രയ ബോധവും ദൈവത്തോടുള്ള ബന്ധവും വളരെ ആഴമുള്ളതാണ് എന്ന് മനസ്സിലാക്കി. വിവാഹദിനത്തിൽ എടുത്ത വചനം തന്നെയാണ് ശരി, മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ലോഫ് കൂട്ടായ്മ ഞങ്ങളെ സംബന്ധിച്ച് സാക്ഷികളുടെ ഒരു സമൂഹം ആയിരുന്നു. വചനം നമ്മെ പഠിപ്പിക്കുന്നത് അത് തന്നെ ആണല്ലോ! "നമുക്ക് ചുറ്റും സാക്ഷികളുടെ വലിയ സമൂഹം ഉള്ളതിനാൽ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്ക് നീക്കി കളയാം." (ഹെബ്രായർ 12 :1)

Story Image

 സിത്താർ പനംകുളം & റെൻസി സിത്താർ

ലോഫ് സെക്രട്ടറി ദമ്പതികൾ

സമർപ്പിത കുടുംബങ്ങൾ സഭയുടെ നന്മയ്ക്ക്

മനോഹരമായ തലക്കെട്ടാണ് ഇപ്രാവശ്യത്തെ ലോഫ് ടൈഡിങ്സിൽ പങ്കുവയ്ക്കാനായി നൽകിയിരിക്കുന്നത്. LOAF എന്ന ലോകത്തിലെ ഏക സമർപ്പിത കുടുംബ കൂട്ടായ്മയെ ഇത്രയും ഉതകുന്ന രീതിയിൽ കാച്ചിക്കുറുക്കി ലോകത്തിലവതരിപ്പിക്കാൻ ഈ തലക്കെട്ട് തന്നെ ധാരാളം മതി. സമർപ്പിത കൂടുംബങ്ങൾ സഭയ്ക്ക് നന്മയാകുന്നത് ആ കുടുംബാംഗങ്ങൾ മുഴുവനായി ഈശോ മിശിഹായെ കണ്ടുമുട്ടി തങ്ങളെത്തന്നെ സമർപ്പിക്കുമ്പോഴും അതുവഴി സഭയിലൂടെ ഈശോ മിശിഹാ ലോകമെമ്പാടും പ്രഘോഷിക്കപ്പെടുമ്പോഴുമാണ്.

ഇത്തരത്തിൽ സമർപ്പിക്കപ്പെടാൻ കൂടുംബങ്ങളെ പ്രാപ്തമാക്കാൻ ലോഫ് വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. ചിട്ടയായ ക്രൈസ്തവ ജീവിത രീതി കുടുംബ ജീവിതത്തിൽ വളർത്തിയെടുക്കുവാൻ ലോഫിന് സാധിക്കുന്നു. കുടുംബപ്രാർത്ഥന, ദിവ്യബലി, മതബോധന പഠനം, സഹായ സഹകരണങ്ങൾ etc. എന്നിവയിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിച്ച് കൊണ്ട് കുടുംബങ്ങളെ ഈശോയ്ക്ക് സമർപ്പിച്ചു ജീവിതം നയിക്കാൻ ഉതകുന്ന എല്ലാ ചേരുവകളും അടങ്ങിയ തരത്തിൽ ലോഫ് പ്രവർത്തിക്കുമ്പോൾ സഭ നന്മയാൽ പൂരിതമാക്കപ്പെട്ട് വ്യാപിക്കുന്നതായി കാണപ്പെടുന്നു. യേശുവിനെ അറിയുന്നതിലുമുപരി യേശുവിനെ കണ്ടുമുട്ടുവാൻ ഈ കുടുംബങ്ങൾ വഴി ലോകത്തിന് സാധ്യമാകുന്നു.

ദൈവം സൃഷ്ടിച്ച ആദ്യ കൂട്ടായ്മ കൂടുംബമാണെന്ന പ്രസ്താവം തികച്ചും അന്വർത്ഥമാക്കാൻ ലോഫിനാകുന്നു എന്നതിലൂടെ ദൈവകൃപ വിളഞ്ഞു നിൽക്കുന്ന വിളനിലമാകാൻ ഈ കുടുംബങ്ങൾക്ക് സാധിക്കുന്നത് അവരുടെ സമർപ്പണത്തിലൂടെയാണ്. അതുവഴി ആത്മീയവും മാനനസികവും ശാരീരികവുമായി ഒന്നു ചേർന്ന് നീങ്ങുന്ന ഈ ലോകയാത്രയ്ക്ക് അതിന്റെ ലക്ഷ്യസ്ഥാനമായ ദൈവരാജ്യം കൈവരിക്കാനാകുന്നു.

ആ ലക്ഷ്യം തെറ്റാതെ മുന്നേറാൻ ഈ കാലഘട്ടത്തിൽ സമൂഹത്തിൽ നിന്നു കൊണ്ട് മറ്റ് കൂടുംബങ്ങളിൽ വെളിച്ചം തെളിച്ച് ക്രിസ്തു കാണിച്ചു തന്ന വഴി തുറന്ന് കൊടുക്കാൻ അക്ഷരാർത്ഥത്തിൽ ലോഫിന് സാധിക്കുന്നു. ഇതാണ് സമർപ്പിത കുടുംബങ്ങൾ സഭക്ക് നൽകുന്ന യഥാർത്ഥ നന്മ.

Story Image

 ഡാർവിൻ & ലിസ്മോൾ

Retreat Ministry

തൃശ്ശൂർ അതിരൂപതയിലെ ദമ്പതികളുടെ സമർപ്പിത കൂട്ടായ്മയായ ലോഫ് കുടുംബങ്ങളും, കുടുംബ പ്രേക്ഷിത മേഖലയിലെ ബഹുമാനപ്പെട്ട അഭിഷിക്തരും ഒരുമിച്ച് നേതൃത്വം നൽകുന്ന ദമ്പതി ധ്യാനം 2026 ഫെബ്രുവരി 13,14,15 തീയതികളിൽ ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അച്ചന്റെയും Spiritual Director റവ.ഫാ. അനീഷ് കുത്തൂരിന്റെയും നേതൃത്വത്തിൽ നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു.

വിശുദ്ധ കുർബാന, ധ്യാന ചിന്തകൾ, ഫാമിലി ഷെയറിങ് (കൗൺസിലിംഗ്), വിവാഹ ഉടമ്പടി നവീകരണം, ആന്തരിക സൗഖ്യ ആരാധന, പാനൽ ഷെയറിങ്, അഭിഷേക പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കുടുംബജീവിതത്തിലെ അനുദിന വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ശുശ്രൂഷകൾ അനേകരുടെ ആത്മ വിശുദ്ധീകരണത്തിന് കാരണമായി.

അടുത്ത ധ്യാനങ്ങൾ: June മാസത്തിലെ ധ്യാനം12, 13, 14 തീയതികളിലും ഓഗസ്റ്റ് മാസത്തിലെ ധ്യാനം 7, 8, 9 തിയതികളിലും നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു.

തൃശ്ശൂർ അതിരൂപത ഫാമിലി അപ്പസ്തോലറ്റും LOAF മൂവ്മെൻറും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ദമ്പതി ധ്യാനത്തിലേക്ക് കുടുംബങ്ങളെ പറഞ്ഞയക്കുവാൻ ബഹുമാനപ്പെട്ട വികാരിയച്ചന്മാരോടും ബന്ധപ്പെട്ടവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

ഓഫീസ് നമ്പർ : 8921049153

Spiritual Ministry

ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച പൂർണ്ണ ദണ്ഢവിമോചനം സ്വീകരിക്കാൻ ലോഫ് കുടുംബങ്ങൾ മരിയാപുരം എം എം ബി പ്രൊവിൻഷ്യാൾ ഹൗസിലെ ചാപ്പലിൽ മാസ ധ്യാനത്തിൽ പങ്കെടുത്തു. ഫ്രാൻസിസ്കൻ ആത്മീയതയും സെന്റ് ഫ്രാൻസിസ് ജൂബിലി വർഷവും സംബന്ധിച്ച സെഷൻ ബ്ര. ജോസ് ചുങ്കത്ത് MMB, പ്രൊവിൻഷ്യൽ (Recipient of the Archdiocesan Award 2026) നയിച്ചു. തുടർന്ന് എം എം ബി ആശ്രമ ദേവാലയത്തിൽ വിശുദ്ധ വാതിൽ കടന്നു പൂർണ്ണ ദണ്ഢവിമോചനം സ്വീകരിച്ചു.

Outreach Ministry

“യേശുനാഥൻ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.” മര്‍ക്കോസ്‌ 16 : 15

ലോഫിന്റെ നാൾ വഴിയിലെ ഒരു പുതിയ ചരിത്രം പിറന്ന സമയമായിരുന്നു മാർച്ച് - ഏപ്രിൽ മാസങ്ങൾ. നോമ്പ് കാലത്തിന്റെ ആത്മ വിശുദ്ധിയുമായി ഒരു പുതിയ മിഷൻ ചൈതന്യവുമായി ഇടവകകളിലേക്ക് വാർഷിക ധ്യാനങ്ങൾ നടത്തുവാനായി ലോഫ് കുടുംബങ്ങൾ ഒന്നായി കടന്നുവന്നത് വലിയ ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നു.

ലോഫിന്റെ വിളിയും ചൈതന്യവും മനസ്സിലാക്കി രൂപത വൈദികരും ലോഫ് കുടുംബവും ഒന്നായി ഒരേ മനസ്സോടെ ഇടവക വാർഷിക ധ്യാനം നടത്തുവാൻ പഴുവിൽ, കോലഴി ഇടവകകളിലേക്ക് കടന്നു ചെല്ലുകയുണ്ടായി.

ഇടവക വികാരിമാരുടെ നിർലോഭമായ സഹകരണവും ഇടവക സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവും ഈ ധ്യാനങ്ങൾ വലിയ ഒരു അഭിഷേകത്തിന്റെ ദിനങ്ങളായി തീർത്തു.

മാർച്ച് മാസം 27 28 29 ദിവസങ്ങളിൽ പഴുവിൽ നടന്ന ഇടവക വാർഷിക ധ്യാനം ലോഫ് ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി, സ്പിരിച്ച്വൽ ഡയറക്ടർ ഫാ. അനീഷ് കുത്തൂർ, ഫാ അലെക്സ് മരോട്ടിക്കൽ, ഫാ. ബിജു ജോസഫ് ആലപ്പാട്ട് എന്നീ വൈദീക ശ്രേഷ്ഠരും മറ്റു ലോഫ് കുടുംബാംഗങ്ങളും ചേർന്ന് നയിക്കുകയുണ്ടായി.

അതിനുശേഷം വന്ന കോലഴി ഇടവകയിലെ കുടുംബ നവീകരണ ധ്യാനം മാർച്ച് 30, ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെൻറ് ബെനഡിക്റ്റ് ദൈവാലയത്തിൽ നടക്കുകയുണ്ടായി. ട്വിങ്കിൾ അച്ചൻ, അനീഷ് അച്ചൻ എന്നിവരോട് ചേർന്ന് രൂപതയിലെ മറ്റു വൈദീകരായ അലക്സ് മരോട്ടിക്കൽ, പോൾ കൂനമ്മാവ് എന്നിവരുടെ ആത്മാഭിഷേകം നിറഞ്ഞ വചന പ്രഘോഷണം ധ്യാനത്തെ ആത്മീയ ചൈതന്യത്താൽ നിറച്ചു.

ലോഫ് കുടുംബം ഒന്നായിത്തന്നെ ഈ ധ്യാനങ്ങളിലേക്ക് കടന്നുവരികയും ദിവ്യ കാരണ്യ ആരാധന, പേഴ്‌സണൽ ഷയറിംഗ് മറ്റും ക്ലാസുകൾ നയിക്കുവാനും നേതൃത്വം നൽകുകയുണ്ടായി.

ലോഫ് ഔട്ട്റീച്ച് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ നടന്ന ഈ രണ്ടു ധ്യാനങ്ങളുടെ വിജയത്തിനായി ഒരു മാസം മുഴുവൻ മദ്ധ്യത്ഥപ്രാർത്ഥന നടത്തുകയുണ്ടായി.

ഈ രണ്ട് ധ്യാനങ്ങളുടേയും വിജയത്തിനായി പ്രാർത്ഥിച്ചവരേയും പ്രവർത്തിച്ചവരേയും ഏറെ സ്‌നേഹത്തോടെ ഓർക്കുന്നു; നന്ദി പറയുന്നു.

Story Image
Story Image
Story Image
May 2026| Vol: 12 © Trimonthly Newsletter of LOAF https://www.loaffamilies.com
1 2 3 4
5 6 7 8
1 2 3 4
5 6 7 8