Joy of Love in Family
ഞങ്ങളുടെ വിവാഹം 1995ൽ കഴിഞ്ഞു. പിജി പഠനത്തിന് ശേഷം 2000ൽ ആണ് ഞങ്ങൾക്ക് രണ്ടു പേർക്കും തൃശ്ശൂരിൽ ജോലി ലഭിച്ചത്. അന്ന് മുതൽ തൃശ്ശൂർ അതിരൂപതയിലെ പ്രോലൈഫ് മൂവ്മെൻ്റിൽ സജീവ പ്രവർത്തകരായിരുന്നു ടോണിയും ഞാനും. ആ കൂട്ടായ്മയിലെ പല ദമ്പതികളുമായി നല്ല സൗഹൃദം ഞങ്ങൾക്ക് ലഭിച്ചു. പലരും ജീസസ് യൂത്ത് അംഗങ്ങളായിരുന്നു. ഈ കാലയളവിൽ ഫാമിലി അപ്പസ്റ്റൊലേറ്റിലെ വിവാഹ ഒരുക്ക ക്ലാസുകളിൽ ഫാക്കൽറ്റി ആയും ഞങ്ങൾ ശുശ്രൂഷ ചെയ്തിരുന്നു. പലപ്പോഴും അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്, മാർ റാഫേൽ തട്ടിൽ പിതാക്കന്മാരുമായും ആശയ സംവാദം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രോലൈഫ് പ്രവർത്തനങ്ങൾ സജീവമാക്കാൻ കുടുംബങ്ങളെ ബോധവൽക്കരിക്കാൻ സംവിധാനം വേണം എന്ന് പ്രോ ലൈഫ് മൂവ്മെൻ്റ് ആവശ്യപ്പെട്ടു. ഇത് അഭിവന്ദ്യ പിതാക്കന്മാർ വളരെ പ്രാധാന്യത്തോടെ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രോത്സാഹനം നൽകാൻ വേണ്ടി കൂടുതൽ മക്കൾ ഉള്ള (നാലോ അതിലധികമോ) കുഞ്ഞുങ്ങളുടെ മാമ്മോദീസക്ക് അഭിവന്ദ്യ പിതാക്കന്മാർ കാർമികത്വം വഹിക്കാൻ ആരംഭിച്ചു.
ഇത്തരം ഒരു സംവാദത്തിൽ ആണ് ആൻഡ്രൂസ് താഴത്ത് പിതാവ് ആദ്യമായി കുടുംബങ്ങളുടെ സമർപ്പിത സമൂഹമെന്ന ആശയം മുന്നോട്ടു വെക്കുന്നത്. അന്ന് അത് ആരും കാര്യമായി എടുത്തില്ല. പിന്നീട് വൈസ് ചാൻസലർ ആയ ബഹുമാനപ്പെട്ട ഫ്രാൻസിസ് ആളൂർ അച്ചൻ ഞങ്ങളെ വിളിച്ച് ഈ ആശയം പിതാവ് ഗൗരവമായി നടപ്പാക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. പരിചയമുള്ള യുവ കുടുംബങ്ങളെ വിളിച്ചു ചേർക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി.
2009 ജനുവരി/ഫെബ്രുവരി മാസത്തിൽ ആണ് 10 കുടുംബങ്ങളുമായി ആദ്യ മീറ്റിങ്ങ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുറിയിൽ നടന്നത്. പിതാവ് ഞങ്ങളെ ചാപ്പലിൽ കൊണ്ടു പോയ ശേഷം ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരു സംഘടന ആരംഭിക്കേണ്ടതില്ല. പരിശുദ്ധാത്മാവിന്റെ പ്രേരണയും ഹിതവും ആണെങ്കിൽ മാത്രമേ നിങ്ങൾ ഇത് ആരംഭിക്കാവൂ. അത് കൊണ്ട് നന്നായി പ്രാർത്ഥിക്കുക. എത്ര കാലം വേണമെങ്കിലും എടുക്കാം. വ്യക്തമായ ബോദ്ധ്യം ലഭിച്ച ശേഷം മാത്രമേ നിങ്ങൾ യെസ് പറയാവൂ. ഇത് സാധാരണ സംഘടന പൊലെ ആകരുത്. നല്ല സമർപ്പണമുളള സഭയുടെ ഹൃദയത്തോട് ചേർന്ന് സഭയുടെ വക്താക്കൾ ആകുന്ന കുടുംബങ്ങളുടെ സമൂഹമായിരിക്കണം അത്.”
ഈ വാക്കുകൾ ഞങ്ങൾ ഗൗരവമായി എടുത്തു. ഒരു വർഷം നീണ്ട പ്രാർത്ഥനയും ചർച്ചകളും നടന്നു. മൂന്ന് ദിവസം പ്രത്യേക ഒരുക്ക ധ്യാനം നടത്തി. അതിന് ശേഷം പിതാവിനെ കണ്ടു സമ്മതം അറിയിച്ചു. ആ ചർച്ചകളിൽ പരിശുദ്ധാത്മാവ് പലരിലൂടെ പലവിധത്തിൽ വെളിപ്പെട്ടു. വളരെ മനോഹരമായ ഒരു നിയമാവലി അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട ഫ്രാൻസിസ് ആളൂർ അച്ചന്റെയും നേതൃത്വത്തിൽ തയ്യാറാക്കി. 2009 ഡിസംബർ 18ന് മൈലാപ്പൂർ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ ഡിക്രിയാൽ ഒരു ഭക്ത സമൂഹമായി (Pious Association) ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് സ്ഥാപിതമായി. ആദ്യ പത്ത് കുടുംബങ്ങൾ 2009 ഡിസംബർ 27ന് തിരുക്കുടുംബ തിരുനാൾ ദിനത്തിൽ പ്രഥമ താൽക്കാലിക വ്രത വാഗ്ദാനം ചെയ്തു.അടുത്ത വർഷങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ഞങ്ങളോട് ചേർന്നു. അഞ്ച് വർഷങ്ങൾ നീണ്ട പരിശീലന ശേഷം ആദ്യ പത്ത് കുടുംബങ്ങളിൽ അഞ്ച് കുടുംബങ്ങൾ നിത്യ വ്രതം സ്വീകരിച്ച് സ്ഥിരം അംഗങ്ങളായി. 2017ൽ അവരിൽ മൂന്നു കുടുംബങ്ങൾ കൂടി നിത്യ വ്രതം സ്വീകരിച്ചു. തുടർന്ന് മറ്റു കുടുംബങ്ങൾ പിന്നീട് നിത്യ വ്രതം സ്വീകരിച്ചു. ഇപ്പോൾ 2026ൽ വീണ്ടും ഏതാനും കുടുംബങ്ങൾ നിത്യ വ്രതം സ്വീകരിച്ച് സ്ഥിരം അംഗങ്ങളാകുന്ന ആനന്ദത്തിൽ ആണ് നാം.
അഭിവന്ദ്യ പിതാവ് അന്ന് വിഭാവനം ചെയ്തത് പോലെ ലോഫ് സമൂഹം ഇന്ന് സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷയിൽ തങ്ങളുടേതായ വ്യത്യസ്ത രീതികളിൽ, പുളിമാവായും പീഠത്തിൽ ഉയർത്തി വച്ച ദീപമായും മലയിൽ ഉയർത്തിയ പട്ടണമായും പ്രശോഭിക്കുവാൻ അശ്രാന്തം പരിശ്രമിക്കുന്നു. അതിനായി വിവിധ ശുശ്രൂഷകൾക്ക് ലോഫ് നേതൃത്വം നൽകുന്നു. മറ്റു കുടുംബങ്ങൾക്ക് വേണ്ടി ധ്യാനങ്ങൾ, സെമിനാറുകൾ, കുട്ടികളുടെ രൂപീകരണം, പാരന്റിങ്ങ് ഗൈഡൻസ്, കുടുംബങ്ങൾ തമ്മിലുള്ള ഷെയറിങ്ങ് സെഷനുകൾ, എന്നിവ കൂടാതെ ഇടവക കുടുംബ നവീകരണ ധ്യാനങ്ങളും നടത്തി വരുന്നു. അംഗങ്ങളുടെ ദശാംശം കൊണ്ട് ആവശ്യങ്ങൾ ഉള്ള കുടുംബങ്ങളെ, പ്രത്യേകിച്ച് വലിയ കുടുംബങ്ങളെ ചെറിയ രീതിയിൽ സാമ്പത്തികമായും സഹായിക്കുന്നു. ലോഫ് മീഡിയ മിനിസ്ട്രി വഴി യൂട്യൂബ് വീഡിയോകൾ, ഓൺലൈൻ ന്യൂസ് ലെറ്ററുകൾ, കുടുംബങ്ങൾക്ക് പ്രചോദനം നൽകുന്ന പുസ്തകങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.
2009 മുതൽ 2022 വരെ 14 വർഷങ്ങൾ ലോഫിന്റെ പ്രസിഡൻ്റ് ദമ്പതികൾ എന്ന നിലയിലും അതിന് ശേഷം ലോഫ് മീഡിയ മിനിസ്ട്രിയുടെ ഭാഗമായും ശുശ്രൂഷ ചെയ്യാൻ ഞങ്ങളെ വിളിച്ച് അഭിഷേകം ചെയ്തതിന് നല്ല ദൈവത്തിന് ഒത്തിരി നന്ദി!
ഡോ സുനി തോമസ്
പ്രൊഫസ്സർ, റേഡിയോഡയഗ്നോസിസ്
മെഡിക്കൽ കോളേജ്, തൃശ്ശൂർ.
നമുക്കറിയാവുന്ന ഉപമയാണല്ലോ നല്ല സമരിയക്കാരന്റെത്.
യഹൂദനായ വ്യക്തി ജെറുസലേമിൽ നിന്നും ജെറിക്കോയിലേക്ക് പോകുന്നതിനെ ദൈവം വസിക്കുന്ന ദേവാലയം നിലകൊള്ളുന്ന ജെറുസലേമിൽ നിന്നും വളരെ ദൂരെ വിജനമായ ദേശത്തേക്ക് പോകുന്നതിനെ സൂചിപ്പിക്കുന്നു. അതായത് ദൈവത്തിൽ നിന്നും അകന്നു പോകുന്ന കുടുംബം.
അവിടെ വെച്ച് ആ യഹൂദനായ വ്യക്തി ആക്രമിക്കപ്പെടുന്നു, പാപം നിറഞ്ഞ അവസ്ഥയിൽ ദമ്പതികൾ മുറിവേറ്റിരിക്കുന്നു.
ആ പാപ അവസ്ഥയിൽ അവരുടെ മുറിവുണക്കാൻ നല്ല സമരിയക്കാരനായി കുടുംബത്തിൽ വരേണ്ടത് ഈശോ തന്നെയാണ്, മറ്റാരുമല്ല. ഈശോയ്ക്ക് മാത്രമേ മുറിവ് വെച്ച് കെട്ടാനും അവരെ സുഖപ്പെടുത്താനും സാധിക്കുകയുള്ളൂ...
ഈശോയാകുന്ന നല്ല സമരിയക്കാരൻ മുറിവ് വെച്ചുകെട്ടി അവരെ സംരക്ഷിക്കുവാനും നോക്കാനും ഏൽപ്പിക്കുന്നത് സത്രം സൂക്ഷിപ്പുകാരനെയാണ്, അതുപോലെ മുറിവേറ്റ പങ്കാളിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദൈവം ഏൽപ്പിച്ചിട്ടുള്ളത് പങ്കാളിയെ തന്നെയാണ്. അതിനാൽ തന്നെ കുടുംബത്തിൽ പരസ്പരം മുറിവുണക്കുന്നവരും സംരക്ഷിക്കേണ്ടവരും അവർ തന്നെയാണ്. ഒരാളെ കംഫർട്ടബിൾ ആക്കുന്നതിന്റെ ഉത്തരവാദിത്വം പങ്കാളിക്ക് തന്നെയാണ്.
അവിടെ ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വം തന്നെയാണ് നിറവേറ്റപ്പെടുന്നത്.
സമർപ്പിത കുടുംബങ്ങൾ പരസ്പരം കംഫർട്ട് ആക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി ബെറ്റർ ലൈഫ് ആയി ജീവിക്കാൻ ശ്രമിക്കുന്നു.
“അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.” ലൂക്കാ 10 : 35
നമുക്കും കുടുംബത്തിൽ നല്ല സത്രം സൂക്ഷിപ്പുകാരാകാം!
 വിജോ വിൽസൺ
എഡിറ്റർ, ലോഫ് മീഡിയ.
“നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.”
-- 1 പത്രോസ് 2 : 9