Joy of Love in Family
അനാദി മുതലേ നമ്മുടെ തമ്പുരാൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങൾ അല്ലാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല, തമ്പുരാന്റെ പദ്ധതികൾ തിരിച്ചറിയാൻ അതിന് നമ്മെ തന്നെ വിട്ടുകൊടുക്കുവാൻ നമ്മൾ സന്നദ്ധരായാൽ.... ജീവിതത്തിന്റെ കഴിഞ്ഞ ഏടുകൾ ചികഞ്ഞാൽ ഈ ബോധ്യം വീണ്ടും വീണ്ടും ഉറക്കുന്നു.
സമർപ്പിത കുടുംബക്കൂട്ടായ്മയായ ലോഫിനെ കുറിച്ച് ഞാൻ അറിഞ്ഞത് ജീവിതത്തിൽ ആദ്യമായി കാണുന്ന രണ്ട് വ്യക്തികൾ വഴിയാണ്. ഈ രണ്ടുപേർക്കും ഇന്ന് ലോഫുമായി വലിയ ബന്ധം ഒന്നുമില്ല എന്നതും സാന്ദർഭികമാകാം.
ലോഫിൽ പങ്കെടുത്ത ആദ്യത്തെ വാർഷിക ധ്യാനത്തിന്റെ ആദ്യദിവസം വളരെ ഗുരുതരമായ ഒരു അപകടത്തിൽ നിന്ന് എന്റെ അപ്പനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ തമ്പുരാൻ അത് അന്നത്തെ കൗൺസിലിംഗിനിരുന്ന ചേട്ടനിലൂടെ വെളിപ്പെടുത്തുകയും ചെയ്തത് എങ്ങോട്ടാണ് നടക്കേണ്ടത് എന്ന് എന്നെ വീണ്ടും ഓർമ്മപ്പെടുത്തുന്നതായിരുന്നു.
സമർപ്പിത കുടുംബകൂട്ടായ്മയിലെ ജീവിതത്തിൽ നിന്നും ലഭിച്ച ഏറ്റവും വലിയ ബോധ്യം എന്നത് നമ്മുടെ വ്യക്തിജീവിതത്തിന്റെ നവീകരണത്തിൽ സ്വന്തം കുടുംബത്തിന്റെ ആത്മീയ വളർച്ചയെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യമാണ്. നമ്മുടെ വ്യക്തിജീവിതം, നമ്മുടെ കുടുംബജീവിതം, എത്രകണ്ട് വിശുദ്ധമാക്കാമോ അതിനായി നമ്മൾ പരിശ്രമിക്കണം. അതാണ് സഭയ്ക്ക് സമൂഹത്തിന് നമ്മൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സമർപ്പിത ശുശ്രൂഷ.
LOAF സമൂഹത്തിന്റെ ഭാഗമായി നിന്ന് എടുത്ത വ്രതങ്ങൾ (അനുസരണം, ലളിതജീവിതം, ദാമ്പത്യവിശുദ്ധി) ഇവയെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമ്മുടെ വ്യക്തി കുടുംബ ജീവിതത്തെ എത്ര കണ്ട് അടുക്കും ചിട്ടയോടും കൂടി മുന്നോട്ടു കൊണ്ടു പോകണമെന്ന് നമ്മുടെ തമ്പുരാൻ ആഗ്രഹിക്കുന്നുവെന്ന് നമുക്ക് അനുഭവിക്കാൻ സാധിക്കും.
ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനമാർഗങ്ങളായ അനുദിന വിശുദ്ധ ബലിയർപ്പണം, കൂടെ കൂടെയുള്ള കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന, കുടുംബ പ്രാർത്ഥന ഇവയുടെ പ്രാധാന്യം കൂടെ ഓർമിപ്പിക്കുന്നതാണ് ലോഫിന്റെ ഓരോ പരിപാടികളും. ഇവയോടൊപ്പം സഭയ്ക്കും സമൂഹത്തിനും ചെയ്യേണ്ട പദ്ധതികൾ കണ്ടുപിടിക്കുകയും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു നമ്മുടെ കൂട്ടായ്മയിലൂടെ.
സമർപ്പിത സമൂഹത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് സ്വന്തം വ്യക്തി ജീവിതത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, വിശുദ്ധിക്കായി പരിശ്രമിക്കുന്നതാണ് കൂട്ടായ്മയുടെ വിജയം. കൂട്ടായ്മയിലെ കുടുംബങ്ങളുടെ ജീവിത മാതൃകയിലൂടെ സഭയ്ക്ക് മുതൽക്കൂട്ടാകാൻ ലോഫ് സമൂഹത്തിന് സാധിക്കട്ടെ.
ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി
ലോഫ് പ്രസിഡന്റ് ദമ്പതികൾ
2015 മാർച്ച് 15നാണ് ഇരിങ്ങാലക്കുട രൂപതയിൽ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് കാത്തലിക് കപ്പിൾസ് മൂവ്മെന്റിന് (CCM) രൂപം കൊടുക്കുന്നത്. രൂപതയിലെ യുവദമ്പതിമാർക്കു വേണ്ടിയുള്ള ഒരു ആത്മീയ സൗഹൃദ കൂട്ടായ്മയാണ് സി.സി.എം.
വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് സ്വർഗീയ മധ്യസ്ഥൻ. വി.കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വി. ലൂയി മാർട്ടിനും വി. സ്വെലി ഗ്വരിനുമാണ് സഹമധ്യസ്ഥർ. “ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ” എന്നതാണ് സി.സി.എമ്മിന്റെ ആപ്തവാക്യം.
ഏഴ് പ്രതിബദ്ധതകളാണ് സി.സി.എം. ദമ്പതികൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കേണ്ടത്:
1. പ്രാർത്ഥനയും ബൈബിൾ വായനയും
2. കുമ്പസാരവും വി.കുർബാനയും
3. ഞായറാഴ്ച ആചരണം
4. വിശുദ്ധീകരണ യത്നം
5. ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം
6. മാതാപിതാക്കളോടും മക്കളോടുമുള്ള കരുതൽ
7. ദരിദ്ര കുടുംബത്തിനുള്ള സഹായം.
2015ൽ തന്നെ സി.സി.എമ്മിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെയും ഭാര്യ ഡോ.സോണിയയുടെയും ജീവിതത്തിൽ വലിയൊരു ദൈവാനുഗ്രഹം ആയിട്ടാണ് ഞങ്ങൾ കരുതുന്നത്. അധികം വൈകാതെ ഞങ്ങൾ ഇടവകയിലെ സി.സി.എം. ഗ്രൂപ്പിന്റെയും രൂപത ടീമിന്റെയും ഭാഗമായി.
സി.സി.എം. രൂപത ഡയറക്ടർ ബഹുമാനപ്പെട്ട ഡേവിസ് കിഴക്കുംതലയച്ചന്റെ പ്രതിബദ്ധതകളെ കുറിച്ചുള്ള ക്ലാസുകൾ വളരെ സഹായകരമായിരുന്നു. ഓരോ പ്രതിബദ്ധതയും ക്രമേണ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി.
ദൈവം കഴിഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ജീവിതപങ്കാളിയാണെന്ന ബോദ്ധ്യം ഞങ്ങൾക്ക് ലഭിച്ചു. "അവൾ അനാദി മുതലേ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്." തോബിത് 6:17. ജീവിതപങ്കാളിക്ക് കൊടുക്കേണ്ട സ്നേഹം, ബഹുമാനം, ആദരവ് വേണ്ടപോലെ കൊടുക്കാൻ ഈ ബോധ്യം ഞങ്ങളെ പ്രേരിപ്പിച്ചു.
അതുപോലെ, ദമ്പതിമാരുടെ യോജിപ്പാണ് ഒരു കുടുംബത്തിലെ ദൈവാനുഗ്രഹത്തിന്റെ അടിസ്ഥാനം എന്ന തിരിച്ചറിവുണ്ടായി. "വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും."
മത്തായി 18:19. ഈ തിരിച്ചറിവ് ഞങ്ങളെ വലിയ ഐക്യത്തിലേക്കും ലയത്തിലേക്കും നയിച്ചു. (പ്രഭാഷകൻ 25:1)
പലപ്പോഴും ചെറിയ കാര്യങ്ങളുടെ പേരിലാണ് പല ദമ്പതിമാരും തമ്മിൽ തെറ്റി പിരിയുന്നത്. അതുകൊണ്ടുതന്നെ, ഒരു വാക്കുകൊണ്ടു പോലും പരസ്പരം മുറിപ്പെടുത്താതിരിക്കാൻ ഞങ്ങൾ വളരെയധികം പരിശ്രമിക്കുന്നു. എന്തെങ്കിലും തെറ്റുപറ്റിയാൽ ഉടൻ ക്ഷമ ചോദിക്കുന്നു.
“ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കുക” എന്നത് ശരിക്കും വലിയൊരു വെല്ലുവിളിയാണ്. സ്നേഹിച്ച് സ്നേഹിച്ച് മറ്റൊരു ഈശോ ആയി മാറാൻ നമ്മൾ ആഗ്രഹിക്കണം. ദമ്പതിമാരുടെ പരസ്പരമുള്ള സ്നേഹം വലിയൊരു സുവിശേഷപ്രഘോഷണം ആണെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്. (യോഹ 13:35). ഞങ്ങളുടെ ദാമ്പത്യസ്നേഹം മക്കൾക്കും മറ്റു ചെറുപ്പക്കാർക്കും വലിയൊരു ആകർഷണമായി മാറാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സ്വയം വളരുന്നതോടൊപ്പം ജീവിതപങ്കാളിയെ കൂടി വളർത്താൻ ഞങ്ങൾ പ്രത്യേകം പരിശ്രമിക്കുന്നു. കഴിഞ്ഞ അനേകം വർഷങ്ങളായി സ്ഥിരമായി ഒരു ആത്മീയ പിതാവിന്റെ അടുത്ത് കുമ്പസാരിക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവവചനം പഠിക്കാൻ ഞങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.
സി.സി.എം. ശരിക്കും ഭാര്യക്കും ഭർത്താവിനും ഒരുമിച്ചു വളരാനുള്ള ഒരു മനോഹരമായ വേദിയാണ്. ഇപ്പോൾ ഒരുമിച്ചു ശുശ്രൂഷ ചെയ്യാൻ കർത്താവ് ഞങ്ങളെ പ്രത്യേകമായി അഭിഷേകം ചെയ്തിരിക്കുകയാണ്. നല്ല കുടുംബങ്ങൾക്ക് രൂപം കൊടുക്കാൻ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പരിശ്രമിക്കുന്നു. കുടുംബങ്ങൾ ഉണരുമ്പോൾ സഭ ഉണരും. പുതിയൊരു പന്തക്കുസ്ത സംജാതമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഡോ. റെജു വർഗീസ് കല്ലേലി
LOAF ന്റെ വാർഷിക ധ്യാനം 2026 ഏപ്രിൽ 10, 11, 12 തീയതികളിൽ DBCLC യിൽ വച്ച് ഭക്തിപൂർവ്വം നടന്നു. ഇത്തവണ വന്നു പോയുള്ള ധ്യാനമായിരുന്നു. Fr. ജോൺസൺ MCBS ന്റെയും ബ്രദർ ടോമി കുളത്തുവയൽ ന്റെയും ആത്മീയ നേതൃത്വത്തിൽ നടന്ന ഈ ധ്യാനം പങ്കെടുത്ത ഓരോ കുടുംബത്തിനും പുതിയ ഒരു ആത്മീയ ചൈതന്യം പകർന്നു നൽകിയ ഒന്നായിരുന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന ധ്യാനത്തിൽ വിശുദ്ധ കുര്‍ബാന, ആത്മീയ ക്ലാസുകൾ, ദമ്പതികൾക്കുള്ള കൗൺസിലിംഗ് സെഷനുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
കുട്ടികൾക്ക് പ്രായാടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി പ്രത്യേകം ധ്യാനം ക്രമീകരിച്ചിരുന്നു. എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികൾക്ക് തൃശ്ശൂരിൽ നിന്നുള്ള Living Rhema Academy ടീം ധ്യാനം നയിച്ചു. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആലപ്പുഴയിൽ നിന്നുള്ള ടീമും എൽ.കെ.ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് FCC, Charity സിസ്റ്റേഴ്സും ധ്യാനം നയിച്ചു.
ഈ ധ്യാനം വിജയകരമായി സംഘടിപ്പിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ ലോഫ് അംഗങ്ങൾക്കും ആത്മീയ നേതൃത്വത്തിനും, പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
"ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിനു വകയില്ല, അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം."
-- 1 കോറി 9:16