Joy of Love in Family
അസ്തമന സൂര്യൻ ചക്രവാള സീമയിലലിയുവാ൯ വെമ്പി പശ്ചിമാ൦ബര൦ അരുണാഭയിൽ മുക്കുന്നു. വടക്കേ മുറ്റത്തെ മാവിലും പ്ലാവിലും ചേക്കേറുന്ന കിളികളുടെ കളകളാരവം റോസേടത്തിയെ ചിന്തയിൽ നിന്നും ഉണർത്തി. പതിവ് കിളികൾക്ക് പുറമേ ഒരു പഞ്ചവർണ്ണതത്ത ഇന്ന് എത്തിയിരിക്കുന്നു. ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നുകിടക്കുന്ന അന്തപ്പേട്ടൻ ഇതൊന്നുമറിയാതെ ചിന്തയിലാണ്ടിരിക്കുന്നു.
ഇതെന്തൊരു കിടപ്പാണ് മനുഷ്യാ...? രണ്ടാമതെടുത്തു വച്ച ചായയും തണുത്തു തുടങ്ങിയിരിക്കുന്നു. ഇതെങ്കിലും കുടിച്ചില്ലെങ്കിൽ ഇന്നിനി വേറെ ചായയില്ല കേട്ടോ? -റോസിയേടത്തി.
വാമഭാഗത്തിന്റെ ശല്യം സഹിക്കാതെ അന്തപ്പേട്ടൻ മടുപ്പോടെ എഴുന്നേറ്റു. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ റോസിയേടത്തി പറഞ്ഞു, നിങ്ങൾ നാളെ വികാരി അച്ചനെ ഒന്ന് കാണൂ. "എന്തിനാണ് നിന്റെ ഏഴാം ചരമ ദിനത്തിന് ക്ഷണിക്കാനാണോ?" അന്തപ്പേട്ടൻ നല്ല മൂഡിലല്ല.
റോസിയേടത്തി പറഞ്ഞു; “നിങ്ങൾ മറ്റു വീടുകളിലെ വഴക്കു തീർക്കാൻ മിടുക്കനാണല്ലോ. അവനവന്റെ കാര്യം വന്നപ്പോൾ ഇങ്ങനെ തളർന്നാലോ? നമുക്ക് നാളെ കുമ്പസാരിച്ച് ദിവ്യബലിയർപ്പിക്കണം. അതിനുശേഷ൦ വികാരിയച്ചനെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ഈ ശനിയാഴ്ച നമ്മുടെ കുടുംബത്തെ സമർപ്പിച്ച് ഒരു കുർബാന അർപ്പിക്കാൻ പറയാം. മക്കളേയും കൊച്ചു മക്കളേയുെമല്ലാം ആ ദിവ്യബലിയിൽ സംബന്ധിക്കാൻ പ്രത്യേകം വിളിക്കാം.
"അവര് വരുമോടീ"? "നമുക്ക് നാളെ കുമ്പസരിച്ച് കുർബാനയിൽ പങ്കെടുത്തിട്ട് അവരെ വിളിക്കാമെന്നേ, വരുമോന്ന് നോക്കാം" - റോസേടത്തി .
അന്തപ്പേട്ടനും റോസിയേടത്തിക്കും ഏഴു മക്കൾ, ഒരാൾ സലേഷ്യൻ അച്ചനാണ് ഷില്ലോംഗിൽ. ഒരു മകൾ മദർ തെരേസയുടെ കോൺവെന്റിൽ ചേർന്ന് ആഫ്രിക്കൻ മിഷനിൽ ജോലി ചെയ്യുന്നു. ബാക്കി അഞ്ചു മക്കൾ നാട്ടിലുണ്ട്. സ്വത്ത് ഭാഗം ചെയ്യാൻ അന്തപ്പേട്ടൻ തീരുമാനിച്ചു. ആള് പഴയ ആർമി ഓഫീസർ ആയിരുന്നു. റിട്ടയേഡ് സുബേദാർ മേജർ. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്വത്തിനെ ചൊല്ലി മക്കൾ തമ്മിൽ മുട്ടൻ വഴക്ക്, അതാണ് ഇപ്പോൾ തീരുമാനമാക്കേണ്ടത്.
മക്കളെ ശനിയാഴ്ചത്തെ കുർബാനയ്ക്ക് കുടുംബസമേതം വരാൻ അവർ സമ്മതിപ്പിച്ചു. മൂത്തവൻ ജോസുകുട്ടി പറഞ്ഞ ചീത്തയെല്ലാം അന്തപ്പേട്ടൻ ക്ഷമയോടെ കേട്ടു. ഇളയവൻ ജോമോനും ഉണ്ട് പരിഭവങ്ങൾ ഏറെ. റോസേടത്തി അവനെയും സമാധാനിപ്പിച്ചു.
ശനിയാഴ്ച കുർബാനയ്ക്കിടെ വികാരിയച്ചൻ ഉത്തമ കത്തോലിക്ക കുടുംബ ജീവിതത്തെക്കുറിച്ചും, സഹോദരങ്ങൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും, അയൽക്കാരോടുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചുമൊക്കെ ഒരു പ്രസംഗം നടത്തി. "ശനിയാഴ്ച എന്താ പതിവില്ലാത്ത പ്രസംഗം" പലരും അടക്കം പറഞ്ഞു. ഈ വികാരിക്ക് കുറച്ച് വിവരമൊക്കെയുണ്ട് അന്തപ്പേട്ടൻ മനസ്സിൽ കരുതി .
കുർബാന കഴിഞ്ഞ് എല്ലാവരും തറവാട്ടിൽ ഒന്നിച്ചു. റോസിയേടത്തി എല്ലാവർക്കും പ്രഭാത ഭക്ഷണം വിളമ്പി .വെള്ളേപ്പം, മട്ടൻ സ്റ്റൂ, ബീഫ് കട്ട്ലറ്റ്, ഏത്തപ്പഴം പുഴുങ്ങിയത് ഒക്കെ അടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണം. ആരും പ്രതീക്ഷിക്കാതെ മൂത്തമകൻ ജോസുകുട്ടി കഴിഞ്ഞദിവസം മറ്റുള്ളവരെ ചീത്ത പറഞ്ഞതിന് ക്ഷമ ചോദിച്ചു. അപ്പന്റെ ഏതു തീരുമാനവും തങ്ങൾക്ക് സമ്മതമാണെന്ന് ജോസു കുട്ടിയുടെ ഭാര്യ സെലിൻ എല്ലാവരോടും പറഞ്ഞു. അതോടെ അപ്പൻ തീരുമാനം പറഞ്ഞാൽ മതിയെന്ന് മറ്റു മക്കളും സമ്മതിച്ചു. "നിങ്ങൾ ഭക്ഷണം കഴിക്ക് നമുക്ക് കാര്യങ്ങൾ തീരുമാനം ആക്കാം " -അന്തപ്പേട്ടൻ.
ഭക്ഷണശേഷം അന്തപ്പേട്ടൻ റോസിയേടത്തിയെ വിളിച്ച് അടുത്തിരുത്തി മക്കളോട് തീരുമാനം പറഞ്ഞു . "എനിക്ക് എന്റെ പെൻഷൻ ഉണ്ട്. നിങ്ങൾ എന്നെ നോക്കിയില്ലെങ്കിലും ഞാൻ എങ്ങനെയെങ്കിലും കഴിഞ്ഞോളാം. നിങ്ങളുടെ അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കിക്കൊള്ളണം, അതുപോലെ അച്ചനെയും സിസ്റ്ററിനെയും.
അന്തപ്പേട്ടൻ മൂന്നിടത്തായുള്ള ഭുസ്വത്തുക്കളും വാടക കെട്ടിടങ്ങളും മക്കൾക്ക് തുല്യം ആയി വീതിച്ചു. അച്ചനും സിസ്റ്ററിനും വീതം ഉണ്ട്. തറവാട് അപ്പനും അമ്മയ്ക്കും, കാലശേഷം ഇളയ മകന്. അപ്പനെയും അമ്മയെയും അന്വേഷിക്കാൻ എല്ലാവർക്കും തുല്യ ഉത്തരവാദിത്വം. അവർ തറവാട്ടിൽ ഇളയ മകന്റെ ഒപ്പം താമസിക്കും.
അന്തപ്പേട്ടന്റെ വീട്ടുമുറ്റത്ത് നിന്ന് കൊച്ചുമക്കളുടെ കളികൾ കേട്ട് വഴക്കിന് മധ്യസ്ഥം പിടിക്കാൻ കാത്തിരുന്ന അയൽക്കാർ അത്ഭുതപ്പെട്ടു .
"ഞങ്ങൾ കുടുംബത്തെ ഞങ്ങളുടെ ഒറിജിനൽ വർക്ക് ഷോപ്പിൽ ഒന്ന് സർവീസിങ്ങിന് കയറ്റി. കാര്യങ്ങളൊക്കെ നല്ല കണ്ടീഷൻ ആയി". റോസിയ്യേടത്തി അയൽപക്കത്തെ ഏലിക്കുഞ്ഞിനോട് വിശദീകരിക്കുന്നത് കേട്ട് അന്തപ്പേട്ടൻ ഊറി ചിരിച്ചു.
ഡോ. ജോണി തോമസ്.
അമല മെഡിക്കൽ കോളേജ്, തൃശൂർ.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും ബന്ധവും വളരുന്നതിനായി " സ്നേഹത്തിന്റെ ആനന്ദം " എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെക്കുന്നതാണ്... ഈ മൂന്നു വാക്കുകളും.
തിരക്കിട്ട ജീവിതത്തിന്റെ ബദ്ധപ്പാടുകളിൽ പെട്ട് സ്വന്തം ജോലികളുടെ ഉത്തരവാദിത്വ തിരക്കുകൾക്കിടയിലും ഇന്ന് ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതും പങ്കുവയ്ക്കുന്നതും പ്രാർത്ഥിക്കുന്നതും കുറഞ്ഞുവരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ക്വാളിറ്റി പ്രൈവറ്റ് ടൈം കുറഞ്ഞുവരുന്നത് മൂലം കുടുംബബന്ധങ്ങൾ കൂടുതൽ ശിഥിലമാകുന്നു.
ഇവിടെയാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ മൂന്ന് മാന്ത്രിക വാക്കുകൾ ഏറെ പ്രസക്തമാകുന്നത്. പരസ്പരം പറ്റുന്ന തെറ്റുകളും കുറവുകളും തുറന്നുപറഞ്ഞ് പരസ്പരം സോറി പറയാൻ ശ്രമിക്കുന്ന ദമ്പതിമാർക്ക് ദൈവ സ്നേഹത്തിന്റെ കാരുണ്യം നിറഞ്ഞ അനുഭവങ്ങൾ ഏറി വരും. പരസ്പരം ക്ഷമിക്കാനും ക്ഷമ നൽകുവാനും ശ്രമിക്കുന്ന ദമ്പതിമാർ നസ്രത്തിലെ തിരുകുടുംബത്തിന്റെ നല്ല മാതൃകകളായി തീരുന്നു.
പരസ്പരം കുറ്റം പറയുന്ന ഭാര്യാഭർത്താക്കന്മാരാകാതെ ഭാര്യ ഭർത്താവിനായും തിരിച്ചും ചെയ്യുന്ന കാര്യങ്ങൾക്ക് കൃതജ്ഞതാ മനോഭാവം (Attitude of Gratitude) ഉണ്ടാകുന്നത് ഏറെ നല്ലതാണ്. ചെറിയ കാര്യങ്ങൾക്കു പോലും നന്ദി പറയാൻ ഉള്ള മനോഭാവം കുടുംബബന്ധങ്ങൾ ഏറെ ആഴമുള്ളതാകുവാൻ സഹായിക്കും. ചെറിയ കാര്യങ്ങളിൽ പോലും കൃത്ജ്ഞത പ്രകാശിപ്പിക്കുന്നത് ഒരു നല്ല ശീലമാണ്.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര ധാരണ വളര്‍ത്തുവാൻ സാധിച്ചാൽ പരസ്പരം അടക്കി ഭരിക്കുന്നവരല്ലാതാവുകയും സ്നേഹം പങ്കുവയ്ക്കുന്ന വേദികളായി മാറുകയും ചെയ്യും. പരസ്പരം please എന്നു പറയുന്നത് വഴി, കേവലം ഒരു ഔപചാരിക വാക്കിനേക്കാൾ ഉപരി ഒരു സ്നേഹ ചൈതന്യ ശൈലി തന്നെ വളർത്തിയെടുക്കുവാനും നമുക്ക് സാധിക്കും.
സമ്പൂർണ ആത്മദാനം: എഫെസൂസ് 5:25-ൽ കാണുന്നതുപോലെ, ക്രിസ്തു മനുഷ്യരാശിക്കുവേണ്ടി ത്യാഗം ചെയ്തതുപോലെ, രണ്ട് പങ്കാളികളും പരസ്പരം പൂർണ്ണമായും സ്വയം സമർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. പരസ്പരം തുറന്നു സംസാരിക്കുവാൻ അൽപസമയം മാറ്റിവയ്ക്കുന്നത് ദമ്പതികൾ തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ ആഴപ്പെട്ട് വളരുവാൻ സഹായിക്കും. പരസ്പരം എല്ലാം തുറന്നുപറയുകയും അനുദിന ജീവിതത്തിലെ തമാശകളും വിജയങ്ങളും കുറവുകളും തുറന്നു പങ്കുവെക്കുന്ന ഭാര്യാഭർത്താക്കന്മാർ സ്വർഗ്ഗീയ ആനന്ദം അനുഭവിക്കുന്ന കുടുംബങ്ങളായി മാറും.
തങ്ങളുടെ ദുഃഖങ്ങളും സങ്കടങ്ങളും കർത്താവിന്റെ സന്നിധിയിലേക്ക് ഉയർത്തി പരസ്പരം പങ്കുവെച്ചും പ്രാർത്ഥിച്ചും ദൈവസന്നിധിയിലേക്ക് നമ്മുടെ ജീവിതപങ്കാളിയെയും മക്കളെയും നമുക്ക് ഉയർത്താം. അത് വഴി ഏത് ജീവിത പ്രതിസന്ധികളെയും അതിജീവിച്ച് സ്നേഹത്തിന്റെ ആനന്ദം നിറയുന്ന കുടുംബമായി നമ്മുടെ കുടുംബങ്ങൾ മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം!
ബിജു ആന്റണി & ഹിമ ബിജു.
സീനിയർ മാനേജർ,
ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,
നെല്ലായ ബ്രാഞ്ച്.