Joy of Love in Family
(മരിക്കുന്നതിന് മുമ്പ് അദ്ദേഹം അവസാനമായി എഴുതിയ കാര്യങ്ങളിൽ ഒന്നിന്റെ ട്രാൻസ്ക്രിപ്റ്റ്. യുവജനങ്ങൾക്കുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള കത്തോലിക്കാ പഠിപ്പിക്കലുകൾ വിവരിക്കുന്ന ഒരു പുസ്തകത്തിന് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ആമുഖത്തിന്റെ പൂർണ്ണരൂപമാണിത്.)
പ്രിയ സുഹൃത്തുക്കളെ,
എന്റെ ജന്മനാടായ അർജന്റീനയിൽ, എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നൃത്തമുണ്ട്, ചെറുപ്പത്തിൽ ഞാൻ പലപ്പോഴും പങ്കെടുത്തിരുന്ന ഒന്ന്: ടാംഗോ. പുരുഷനും സ്ത്രീയും തമ്മിലുള്ള അത്ഭുതകരമായ, സ്വതന്ത്രമായ കളിയാണ് ടാംഗോ, ലൈംഗിക ആകർഷണവും ആകർഷണവും നിറഞ്ഞതാണ്. പുരുഷ-സ്ത്രീ നർത്തകർ പരസ്പരം പ്രണയത്തിലാകുകയും അടുപ്പവും അകലവും, ഇന്ദ്രിയതയും, ശ്രദ്ധയും, അച്ചടക്കവും, അന്തസ്സും അനുഭവിക്കുകയും ചെയ്യുന്നു. അവർ സ്നേഹത്തിൽ സന്തോഷിക്കുകയും സ്വയം പൂർണ്ണമായും മറ്റൊരാൾക്ക് സമർപ്പിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഈ നൃത്തത്തെക്കുറിച്ചുള്ള എന്റെ വിദൂര ഓർമ്മ കൊണ്ടായിരിക്കാം വിവാഹത്തെക്കുറിച്ചുള്ള എന്റെ മഹത്തായ അപ്പോസ്തോലിക പ്രബോധനത്തെ ഞാൻ "അമോറിസ് ലെറ്റീഷ്യ" എന്ന് വിളിച്ചത്: സ്നേഹത്തിന്റെ സന്തോഷം.
പരസ്പരം സ്നേഹിക്കുകയും അവരുടെ സ്നേഹത്തെ മഹത്തായ ഒന്നാക്കി മാറ്റാൻ ധൈര്യപ്പെടുകയും ചെയ്യുന്ന യുവാക്കളെ കാണുന്നത് എന്നെ എപ്പോഴും സ്പർശിക്കുന്നു: "മരണം നമ്മെ വേർപെടുത്തുന്നതുവരെ ഞാൻ നിങ്ങളെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു." എന്തൊരു അസാധാരണമായ വാഗ്ദാനം! തീർച്ചയായും, ഞാൻ അന്ധനല്ല, നിങ്ങളും അന്ധനുമല്ല. മൂന്ന്, അഞ്ച്, ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ന് എത്ര വിവാഹങ്ങൾ പരാജയപ്പെടുന്നു? ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളും അതേ ധൈര്യത്തോടെ വിവാഹമെന്ന കൂദാശ ആരംഭിച്ചിരിക്കാം, പക്ഷേ അവരുടെ പ്രണയം പൂർത്തീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. അപ്പോൾ, വേദന ഒഴിവാക്കുന്നതും, ഒരു ക്ഷണിക നൃത്തത്തിലെന്നപോലെ പരസ്പരം സ്പർശിക്കുന്നതും, പരസ്പരം ആസ്വദിക്കുന്നതും, ഒരുമിച്ച് കളിക്കുന്നതും, പിന്നെ പോകുന്നതല്ലേ നല്ലത്?
ഇത് വിശ്വസിക്കരുത്! സ്നേഹത്തിൽ വിശ്വസിക്കുക, ദൈവത്തിൽ വിശ്വസിക്കുക, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സ്നേഹത്തിന്റെ സാഹസികത ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുക. സ്നേഹം ശാശ്വതമായിരിക്കാൻ ആഗ്രഹിക്കുന്നു; "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ" എന്നത് സ്നേഹമല്ല. നമ്മൾ മനുഷ്യർക്ക് യാതൊരു മുൻവിധിയും കൂടാതെ അംഗീകരിക്കപ്പെടാനുള്ള ആഗ്രഹമുണ്ട്, ഈ അനുഭവം ഇല്ലാത്തവർ പലപ്പോഴും - അറിയാതെ - ജീവിതകാലം മുഴുവൻ ഒരു മുറിവ് വഹിക്കുന്നു. പകരം, ഒരു ബന്ധത്തിൽ പ്രവേശിക്കുന്നവർ ഒന്നും നഷ്ടപ്പെടുത്തുന്നില്ല, പക്ഷേ എല്ലാം നേടുന്നു: ജീവിതം അതിന്റെ പൂർണ്ണതയിൽ.
ദൈവത്തിന്റെ വിശ്വസ്ത സ്നേഹത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ബന്ധത്തിന് ഒരു അടിത്തറ പണിയാൻ നിങ്ങളെ സഹായിക്കുന്നതിന്, നിങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞാൻ മുഴുവൻ സഭയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പഴയതുപോലെ നമുക്ക് തുടരാനാവില്ല: പലരും മനോഹരമായ ആചാരം മാത്രമേ കാണുന്നുള്ളൂ. പിന്നീട്, കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ വേർപിരിയുന്നു. വിശ്വാസം നശിച്ചു. മുറിവുകൾ പൊട്ടിപ്പുറപ്പെടുന്നു. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട കുട്ടികൾ പലപ്പോഴും ഉണ്ടാകാറുണ്ട്. എനിക്ക്, ഇത് ടാംഗോ മോശമായി നൃത്തം ചെയ്യുന്നത് പോലെയാണ്. ടാംഗോ പഠിക്കേണ്ട ഒരു നൃത്തമാണ്. വിവാഹത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ ഇത് കൂടുതൽ സത്യമാണ്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതിന് മുമ്പ്, ശരിയായ തയ്യാറെടുപ്പ് ആവശ്യമാണ്. ഒരു കാറ്റെക്യൂമെനേറ്റ്, ഞാൻ പറയാൻ പോലും ധൈര്യപ്പെടും, കാരണം എല്ലാ ജീവിതവും സ്നേഹത്തിലാണ് നടക്കുന്നത്, സ്നേഹം നിസ്സാരമായി കാണേണ്ട ഒന്നല്ല.
ഒരുപക്ഷേ കാറ്റെച്ക്യുമെനേറ്റ് എന്ന വാക്കിന് നിങ്ങൾക്ക് ഒരു അർത്ഥവുമില്ലായിരിക്കാം. ആദിമ സഭയിൽ, ഒരു ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും "കാറ്റെക്ശുമെനേറ്റ്" എന്ന് വിളിക്കപ്പെടുന്നതിലൂടെ കടന്നുപോകേണ്ടി വന്നു, പലപ്പോഴും വർഷങ്ങളോളം നീണ്ടുനിന്ന പഠനത്തിന്റെയും വ്യക്തിപരമായ സ്ഥിരീകരണത്തിന്റെയും ഒരു യാത്ര. വിവാഹമെന്ന കൂദാശയ്ക്ക് സമാനമായ ഒരു രൂപീകരണത്തെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്: അത് നിങ്ങളെ നിരാശയിൽ നിന്നും, അസാധുവായതോ അസ്ഥിരമായതോ ആയ വിവാഹങ്ങളിൽ നിന്ന് രക്ഷിക്കും.
YOUCAT എന്റെ നിർദ്ദേശം സ്വീകരിച്ചത് കണ്ടപ്പോൾ എനിക്ക് എത്ര സന്തോഷമായി! വർഷങ്ങൾക്ക് മുമ്പ് ഈ പദ്ധതിയെക്കുറിച്ച് ഞാൻ ആദ്യമായി കേട്ടപ്പോൾ, 30 രാജ്യങ്ങളിൽ നിന്നുള്ള യുവ കത്തോലിക്കർ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, ഞാൻ ടീമിനോട് "അമോറിസ് ലെറ്റിഷ്യ" വായിക്കാനും അത് യുവത്വത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്പോൾ, അവർ വിജയിച്ചതായി ഞാൻ കാണുന്നു! വിവാഹ കൂദാശയിലേക്കുള്ള പാതയിലെ ഒരു ഉത്തമ കൂട്ടാളിയാണ് ഈ പുസ്തകം. പ്രണയത്തിന്റെ സന്തോഷത്തെക്കുറിച്ച് ആകർഷകവും പോസിറ്റീവുമായ രീതിയിൽ ഇത് സംസാരിക്കുന്നു, പക്ഷേ വിജയകരമായ ഒരു പങ്കിട്ട ജീവിതത്തിലേക്കുള്ള വഴിയിലെ തടസ്സങ്ങളെ ഇത് അവഗണിക്കുന്നില്ല.
വിവാഹത്തിനുള്ള ഏത് തരത്തിലുള്ള തയ്യാറെടുപ്പിനും ഇത് അടിസ്ഥാന വായനയായി എടുക്കുക, അത് മാട്രിമോണിയൽ കാറ്റെക്യുമെനേറ്റ് എന്ന തലക്കെട്ടിന് അർഹമാണ്. വിവാഹ തയ്യാറെടുപ്പ് കോഴ്സുകളിൽ തീർച്ചയായും പങ്കെടുക്കുക! അവർ കൂടുതൽ ആവശ്യപ്പെടുന്നവരാണെങ്കിൽ, നല്ലത്. ദമ്പതികളായോ നിങ്ങൾ സുഹൃത്തുക്കളായ മറ്റ് ദമ്പതികളായോ ഈ പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യുക. “അമോറിസ് ലെറ്റീഷ്യ”യിൽ ഞാൻ എഴുതിയതുപോലെ, “യുവ പ്രണയത്തിൽ, നൃത്തം - പടിപടിയായി, അത്ഭുതം നിറഞ്ഞ കണ്ണുകളോടെ പ്രത്യാശയിലേക്കുള്ള ഒരു നൃത്തം - നിർത്തരുത്.”
നിങ്ങളുടേത്,
ഫ്രാൻസിസ് മാർപാപ്പ
ലോകാരംഭം മുതൽ ഇന്നുവരെ അനുസ്യൂതം നിലനിന്ന ഒരേയൊരു പ്രസ്ഥാനം കുടുംബമാണ്. സഭ പോലും സ്ഥാപിതമായിട്ട് രണ്ടായിരം വർഷമേ ആയിട്ടുള്ളൂ. ഈശോയുടെ ആദ്യത്തെ അത്ഭുതവും ഒരു കുടുംബത്തിൽ ആണെന്നത് യാദൃശ്ചികം അല്ല. ദൈവം കുടുംബങ്ങളെ അത്രമാത്രം സ്നേഹിക്കുന്നു .
ബൈബിൾ താളുകളിൽ നാം ധാരാളം കുടുംബങ്ങളെ കണ്ടുമുട്ടുന്നു. അതിൽ പ്രതിസന്ധികൾ ഇല്ലാത്ത ഒരു കുടുംബത്തെ എങ്കിലും നമുക്ക് കണ്ടെത്താൻ സാധിക്കുമോ? തിരുകുടുംബം ഉൾപ്പെടെ!
പ്രതിസന്ധികൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമ്മൾ ആലോചിച്ചിട്ടുണ്ടോ ?അതൊരുതരം വിരസതയിലേക്ക് നമ്മെ എത്തിക്കുകയും, വിരസത മാറ്റാൻ നാം പുതിയ മേച്ചിൽ പുറങ്ങൾ തേടി അലയുകയും അത് പാപമേഖലകളിലേക്ക് നമ്മെ എളുപ്പത്തിൽ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യും എന്നതിന് സംശയം വേണ്ട.
പ്രതിസന്ധികൾ ദൈവഹിതം ആണ് . പരീക്ഷകൾ ഒന്നുമില്ലാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി ഒന്ന് ആലോചിച്ചു നോക്കിക്കേ, അതുപോലെ തന്നെയാണ് കുടുംബജീവിതവും. ഓരോ പ്രതിസന്ധിയും അതിനെ നാം തരണം ചെയ്യുന്ന വിധവും നമ്മെ കൂടുതൽ ജ്ഞാനികൾ ആക്കുന്നു. നമ്മുടെയും മറ്റുള്ളവരുടെയും തെറ്റുകളിൽ നിന്ന് നാം എന്തുമാത്രം പാഠങ്ങൾ പഠിച്ചു!
കുടുംബ ജീവിതത്തിലെ രണ്ട് മാന്ത്രിക വാക്കുകളാണ് 'Power of humilty' & 'Power of silence. 'വിനയം എവിടെയും എപ്പോഴും', 'മൗനം ആവശ്യമുള്ളിടത്ത് ധാരാളം' എന്നതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം. ഫ്രാൻസിസ് പാപ്പാ കുടുംബങ്ങളെ കുറിച്ച് നമ്മോട് സംസാരിക്കുന്നു, "The perfect family doesn't exist, nor is there a perfect husband or a perfect wife, and let's not talk about the perfect mother in law !" അതെ നാം എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട അപൂർണ്ണരായ മനുഷ്യർ മാത്രം .
നാമിന്ന് അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളും തന്നെ അനുഭവിച്ച് നമുക്ക് മുന്നേ കടന്നുപോയ ഒരു കുടുംബം നമുക്ക് മാതൃകയായി ഉണ്ട്. ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വസ്തതയ്ക്ക് കളങ്കമേൽക്കുമ്പോൾ, തന്നിൽ നിന്നല്ലാതെ ഗർഭം ധരിച്ച പരിശുദ്ധ മാതാവിനെ പൂർണ്ണമായി സ്വീകരിച്ച യൗസേപ്പിതാവിനെ നമുക്ക് ഓർക്കാം. സാമ്പത്തിക ഞെരുക്കങ്ങളിൽ പെടുമ്പോൾ ഒന്നു സമാധാനമായി പുത്രനെ പ്രസവിക്കാൻ പോലും സാധിക്കാതെ പല വാതിലുകളും കൊട്ടിയടക്കപ്പെട്ട പരിശുദ്ധ അമ്മയെ നമുക്ക് ഓർക്കാം. നമ്മുടെ ജീവനും പേരിനും പ്രശസ്തിക്കും പ്രതിസന്ധികൾ ഉയരുമ്പോൾ സ്വന്തം ദേശത്ത് നിന്നും ബന്ധുക്കളിൽ നിന്നും അകന്ന് യാതൊരു പരിചയവും ഇല്ലാത്ത ഒരു രാജ്യത്ത് പാർക്കേണ്ടി വന്ന തിരുകുടുംബത്തെ നമുക്ക് സ്മരിക്കാം. മക്കൾ ശാരീരികമായി നമ്മുടെ കൂടെയുണ്ടെങ്കിലും മാനസികമായി അകന്നു പോകുന്ന സന്ദർഭങ്ങളിൽ കാണാതെ പോയ യേശുവിനെ അന്വേഷിച്ച് തിരിച്ചു നടക്കുന്ന യൗസേപ്പിതാവിനെയും മാതാവിനെയും നമുക്ക് സ്മരിക്കാം. ദൈവമായിരുന്നിട്ടും മനുഷ്യരായ മാതാപിതാക്കൾക്ക് പൂർണവിനയത്തോടെ കീഴ് വഴങ്ങി ജീവിച്ച ഈശോ നമ്മുടെ കുടുംബങ്ങളിൽ നാം പുലർത്തേണ്ട വിനയത്തിന്റെ മാതൃകയാകട്ടെ. എന്തിനും ഏതിനും നാവുകൊണ്ട് മറ്റുള്ളവരെ എതിരിട്ട് ശീലമാക്കിയ നമ്മളെ യൗസേപ്പിതാവിന്റെ മൗനത്തിന്റെ അനന്തസാധ്യതകൾ ആകർഷിക്കട്ടെ. ഈശോയുടെ മൂന്നുവർഷത്തെ പരസ്യ ജീവിതകാലത്ത് പാവം അമ്മയുടെ കാതിൽ എത്തിയ വാർത്തകൾ ഇതൊക്കെ ആയിരുന്നിരിക്കില്ലേ?
ചുങ്കക്കാരുടെയും, പാപികളുടെയും, വേശ്യകളുടെ കൂടെ ആയിരിക്കുന്ന പുത്രൻ, പുരോഹിതരെയും നിയമജ്ഞരെയും എതിർക്കുന്നവൻ, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന രീതിയിൽ ശത്രുക്കൾ ഉള്ളവൻ! അവസാനം ലോകത്തിലെ ഏറ്റവും ക്രൂരമായ മരണത്തിന് മകൻ ഏൽപ്പിക്കപ്പെട്ടപ്പോൾ അവസാന നിമിഷം വരെ അവന്റെ കൂടെ ആയിരുന്നവൾ . ഇവരൊക്കെ തന്നെയല്ലേ പിതാവായ ദൈവം നമുക്ക് തന്ന ഏറ്റവും വലിയ Crisis managers?
നമുക്ക് തിരിഞ്ഞു നടക്കാം, തിരുകുടുംബത്തിലേക്ക്! ജീവിതപങ്കാളിയുടെ സ്നേഹ ശൂന്യമായ പെരുമാറ്റം, അകാരണമായ കോപം, സാമ്പത്തിക ഞെരുക്കം, പരസ്പര വിശ്വസ്തത ഇല്ലായ്മ, ജോലി മേഖലയിലെ പ്രതിസന്ധികൾ, നമ്മുടെ സ്വപ്നങ്ങളിലേക്ക് മക്കൾ വളരാതിരിക്കുന്ന അവസരങ്ങൾ, അവരെക്കുറിച്ചുള്ള ഇന്നിന്റെ ആകുലതകൾ, സാങ്കേതിക മേഖലയിലെ വിപ്ലവങ്ങൾ കൊണ്ടുള്ള ജീവിത പ്രശ്നങ്ങൾ, ഇവയെല്ലാം നമ്മെ അലട്ടുമ്പോൾ നമ്മുടെ ഇന്ദ്രിയങ്ങളെ വിശുദ്ധീകരിച്ചുകൊണ്ട് നമുക്ക് കർത്താവിന്റെ കുരിശിൻ ചുവട്ടിൽ ആയിരിക്കാം. ലോകത്തിലെ ഏറ്റവും മാരകമായ ആണവായുധത്തെക്കാൾ വീര്യം കൂടിയ ഒരു ആയുധമാണ് നമ്മുടെ നാവ് എന്ന് നമുക്ക് മറക്കാതിരിക്കാം. "സകല വിദ്വേഷവും ക്ഷോഭവും, ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ "(എഫേ 4 :31).നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോകാതിരിക്കട്ടെ!
ഡോ. ബെറ്റ്‌സി തോമസ്
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.
എഫേസോസ് 4 : 26-27