Joy of Love in Family
കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത് . 'കുടുംബ പ്രാർത്ഥന ' എന്ന ശക്തമായ ആയുധം കൊണ്ട് തന്റെ കുടുംബത്തെ മാറ്റിമറിച്ച ഒരമ്മയുടെ അനുഭവമാണത് . ജീവിതം പ്രതിസന്ധികളിൽപ്പെടുന്ന സമയത്ത് അതിനെ അതിജീവിക്കാൻ കുടുംബ പ്രാർത്ഥനയെ ആ അമ്മ ആശ്രയിച്ചു . മുഴു മദ്യപാനിയായ ഭർത്താവ്, എപ്പോഴും വാക്കുകൾ കൊണ്ട് കൊത്തി നോവിക്കുന്ന അമ്മായിയമ്മ ,ജീവിതം തന്നെ വേണ്ടെന്ന് വച്ച സമയത്താണ് ഇടവകയിലെ വാർഷിക ധ്യാനത്തിൽ പങ്കെടുക്കാൻ പോയത്. ആ വാർഷിക ധ്യാനം നയിച്ച ധ്യാന ഗുരു കുടുംബ പ്രാർത്ഥനയെ പറ്റി വാചാലനായി .അദ്ദേഹം പറഞ്ഞു "ഒരുപക്ഷേ എല്ലാദിവസവും ദിവ്യബലിയിൽ പങ്കെടുക്കാൻ നിങ്ങൾക്ക് സാധിച്ചു എന്ന് വരില്ല, എന്നാൽ നിങ്ങളുടെ ഭവനത്തിലെ 'കുടുംബ പ്രാർത്ഥന' എന്നും നിങ്ങൾക്ക് പ്രാർത്ഥിക്കാൻ സാധിക്കും. "ആ കുടുംബ പ്രാർത്ഥനയിൽ ദൈവം അത്ഭുതം
പ്രവർത്തിക്കും". അന്നുമുതൽ ആ അമ്മ തന്റെ മൂന്ന് മക്കളെയും ഒരുമിച്ചിരുത്തി കുടുംബ പ്രാർത്ഥന മുടക്കം ഇല്ലാതെ പ്രാർത്ഥിക്കുവാൻ തുടങ്ങി .
ദൈവം അത്ഭുതം പ്രവർത്തിച്ചു. മുഴുക്കുടിയനായ ഭർത്താവ് കുടി നിർത്തി, പുതിയൊരു ഭവനം നിർമ്മിക്കാൻ സാധിച്ചു .സഹനങ്ങളെ ഏറ്റെടുക്കാൻ ദൈവം ആ അമ്മയെ ശക്തിപ്പെടുത്തി .
"കുടുംബ പ്രാർത്ഥന തന്നെയാണ് താരം "
സിത്താർ പനംകുളം & റെൻസി സിത്താർ
ലോഫ് സെക്രട്ടറി ദമ്പതികൾ
നഷ്‌ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്‌ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. (ലൂക്കാ 19 : 10)
മലയാള സിനിമയിൽ കോടികൾ കൊയ്ത ഒരു ചിത്രമായിരുന്നല്ലോ മഞ്ഞുമ്മൽ ബോയ്സ്. ആ സിനിമയുടെ പ്രധാന കഥാ തന്തു വളരെ ആകർഷണീയമായ ഒന്നായിരുന്നു.
ഡെവിൾസ് കിച്ചൻ എന്ന മരണക്കുഴിയിലേക്ക് കാലു തെറ്റി വീണ ഒരു സ്നേഹിതൻ, പിശാചിൻ്റെ അടുക്കള എന്ന് അപരനാമമുള്ള സമുദ്രനിരപ്പിൽ നിന്ന് 2,200 അടിയോളം ഉയരമുള്ള ഒരു ഗുഹാമുഖത്ത് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന സുഹൃത്തുക്കൾ. സുഹൃത്തിനെ ഇനി തിരിച്ചു കിട്ടില്ലെന്നും കൂടുതൽ പ്രശ്നങ്ങളുണ്ടാകും മുമ്പ് എത്രയും പെട്ടെന്ന്, അവിടെ നിന്ന് രക്ഷപ്പെടാൻ അവരോട് ഉപദേശിക്കുന്ന നാട്ടുകാർ.
കനത്ത മഴയും, പ്രതികൂലമായ സാഹചര്യങ്ങളും, സഹായം കിട്ടുമെന്ന് സ്വഭാവികമായും പ്രതീക്ഷിക്കാവുന്ന അധികാരികളുടെ ഭാഗത്ത് നിന്ന് തിരുത്തരവാദിത്വരഹിതവും ക്രൂരവുമായ പെരുമാറ്റങ്ങൾ. ഒടുവിൽ മനസ്സില്ലാ മനസോടെയുള്ള രക്ഷാപ്രവർത്തനങ്ങൾ. അവർക്കു മുൻപിൽ ഒരു എളുപ്പ മാർഗ്ഗമുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയവനെ മറക്കുക,, മരണത്തിന് ഏൽപ്പിച്ചു കൊടുത്തു തിരിച്ച് സ്വന്തം സുരക്ഷിതത്വത്തിലേക്ക് മടങ്ങുക. അതു തന്നെയാണ് ഏല്ലാവരും അവരോട് പറഞ്ഞു കൊണ്ടിരിക്കുന്നതും.
പക്ഷേ അങ്ങനെ എളുപ്പത്തിൽ, അപകടത്തിൽപ്പെട്ട് മൃതപ്രായനായ തങ്ങളുടെ സുഹൃത്തിനെ ഉപേക്ഷിച്ച് തിരിച്ചു പോകാൻ അവർക്കാകുമായിരുന്നില്ല. അത്രയും പ്രിയപ്പെട്ടവനായിരുന്ന ചങ്ങാതിയെ പിശാചിൻ്റെ അടുക്കളക്കകത്ത് നിന്ന് വീണ്ടെടുത്ത് രക്ഷിക്കാൻ കൂട്ടത്തിലൊരാൾ സ്വന്തം ജീവൻ പണയപ്പെടുത്തി മരണം പതിയിരിക്കുന്ന ആ തണുത്ത ഗുഹക്കകത്തെ ഇരുട്ടിലൂടെ താഴോട്ടിറങ്ങുന്നു. ഒരു കൂടപ്പിറപ്പ് പോലും ചെയ്യാൻ തയ്യാറാകാത്ത ഒരു പ്രവൃത്തി. 'ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണു സഹോദരന്‍.’ (സുഭാഷിതങ്ങള്‍ 17 : 17 ) ഈ തിരുവെഴുത്ത് അന്വർത്ഥമാവുകയായിരുന്നു.
ഒടുവിൽ അയാൾ അവനെ അഗാധഗർത്തത്തിൽ നിന്ന് ജീവനിലേക്ക് തിരികെ കൊണ്ടു
വരുന്നു. യഥാർത്ഥ ജീവിത കഥയിൽ ഈ വേഷമാടിയ 'സിജു ഡേവിസ്' എന്ന സുഹൃത്തിനിരിക്കട്ടെ ഒരു 'ബിഗ് സല്യൂട്ട്'.
തിരുവചനം പറയുന്നു : "പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു." (യോനാ 2 : 6 )
യോനായുടെ ജീവനെ പാതാളത്തിൽ നിന്ന് പൊക്കിയെടുത്തതു പോലെ തന്നെയാണ് അവിടുന്ന് നമ്മെയും ചില പാപത്തിൻ്റെ അഗാധഗർത്തങ്ങളിൽ നിന്ന് കരം നീട്ടി പൊക്കിയെടുത്തത്. ശരിക്കും ആർക്കും രക്ഷിക്കാനാവാത്ത സാത്താൻ്റെ അടുക്കളയിൽ അകപ്പെട്ടവരായിരുന്നു നമ്മൾ. അവൻ ഇറങ്ങി വന്നു, ഒരാളെ രക്ഷിക്കാനല്ല അനേകരെ രക്ഷിക്കാൻ. വി.പൗലോസിൻ്റെ വാക്കുകൾ നോക്കാം.
അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്‌തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്‌തുവെന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്‌തുക്കളെയും പൂരിതമാക്കാന്‍ വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്‌തവനും. എഫേസോസ് 4 : 8-10
ക്രിസ്തു ഇറങ്ങി വന്ന് നമ്മെ വീണ്ടെടുത്ത അഗാധ ഗർത്തങ്ങൾ നിരവധിയല്ലേ, ഒന്നും നാം മറന്നു കൂടാ ആ സ്നേഹത്തെ അടയാളപ്പെടുത്തുന്ന ഈ ഗാനം ശ്രദ്ധിച്ചു വായിക്കാം, ഒപ്പം നമുക്കായി ദൈവം ഒരുക്കിയ രക്ഷാകര പദ്ധതിയെ ഓർത്ത് നന്ദി പറയാം…
Lord, I lift Your name on high.
Lord, I love to sing Your praises.
I'm so glad You're in my life;
I'm so glad You came to save us
You came from Heaven to earth
To show the way.
From the Earth to the cross,
My debt to pay.
From the cross to the grave,
From the grave to the sky;
Lord, I lift Your name on high.
ഈ വരികളിൽ എല്ലാമുണ്ട്. നമ്മെ വീണ്ടെടുക്കുവാനുള്ള യേശുവിൻ്റെ ആത്മത്യാഗത്തിൻ്റെ രക്ഷാപ്രവർത്തനങ്ങളുടെ ഒരു നഖചിത്രം. ഈശോയോട് ആദ്യമുണ്ടായിരുന്ന സ്നേഹം നമുക്ക് കൈമോശം വന്നിട്ടുണ്ടോ, ഒന്ന് വിലയിരുത്താം.
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
ആത്മ നിറവിൽ ലോഫ് മാസ ധ്യാനം
മാർച്ച് മാസം എട്ടാം തീയതി സെൻറ് മേരിസ് മൈനർ സെമിനാരി ചാപ്പലിൽ വച്ച് ലോഫ് മാസ ധ്യാനം നടക്കുകയുണ്ടായി.
ജെറുസലേം ധ്യാനകേന്ദ്രത്തിലെ ഫാദർ തോമസ്കുട്ടി നുണ്ടയ്ക്കൽ സി എം ഐ ദൈവവചനം പങ്കുവെച്ചും ആരാധന നയിച്ചും ലോഫ് അംഗങ്ങളെ പുതിയൊരു ആത്മീയ ഉണർവിലേക്ക് നയിച്ചു.
ജപമാലയോടെ ആരംഭിച്ച കൂട്ടായ്മ പിന്നീട് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിച്ചു.
കുടുംബങ്ങൾക്കു വേണ്ടി ഫ്രാൻസിസ് മാർപാപ്പ രചിച്ച 'സ്നേഹത്തിൻ്റെ സന്തോഷം ( Joy of Love) എന്ന പ്രബോധനത്തിൽ അദ്ദേഹം പറഞ്ഞു വച്ച " Young love needs to keep dancing towards the future with immense hope.” ആശയം പോലെ ദാമ്പത്യയാത്രയുടെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കായി ലോഫ് കുടുംബങ്ങൾ ഒരുക്കുന്ന ' Loaf Couples Retreat 'ഇക്കഴിഞ്ഞ മെയ് 16, 17, 18 തിയതികളിൽ രൂപതയുടെ കുടുംബ പ്രേഷിത ഭവനമായ ഫാമിലി അപ്പസ്തോലേറ്റിൽ വച്ച് നടത്തപ്പെട്ടു.
ലോഫ് ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളിയച്ചൻ്റേയും അസി.ഡയറക്ടർ റവ.ഫാ. അനീഷ് കുത്തൂരിന്റെയും ആത്മീയ നേതൃത്വത്തിൽ ലോഫ് ദമ്പതികൾ വിവിധങ്ങളായ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാന, ധ്യാന ചിന്തകൾ, ഫാമിലി ഷെയറിങ് (കൗൺസിലിംഗ്), ആന്തരിക സൗഖ്യ ആരാധന, പാനൽ ഷെയറിങ്, അഭിഷേക
പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കടുത്ത വേനൽ ചൂടിനെ അവഗണിച്ച്, തിരക്കുകളൊക്കെ മാറ്റി വച്ച് മൂന്ന് ഡോക്ടർമാരുൾപ്പടെയുള്ള ദമ്പതികൾ ധ്യാനത്തിൽ പങ്കു ചേർന്നു. റവ.ഡോ.അലക്സ് മരോട്ടിക്കൽ, ഡോ: റെജു കല്ലുവേലിൽ (പോട്ട ധന്യ Hosp:) സി.ഡാഫിനി M.S.M.I തുടങ്ങിയവരുടെ ക്ലാസുകളും ശുശ്രൂഷകളും പങ്കെടുത്തവർക്ക് ആത്മീയ ഉൾക്കാഴ്ചകളും, ആന്തരീക സൗഖ്യവും പ്രധാനം ചെയ്തു.
ലോഫിൻ്റെ മുൻ പ്രസിഡൻ്റായിരുന്ന ഡോ: ജോർജ്ജ് ലിയോൺസ്, അനി ജോർജ്ജ് ദമ്പതികളുടെ നേതൃത്വത്തിൽ റിട്രീറ്റ് മിനിസ്ട്രി എല്ലാറ്റിനും നേതൃത്വം വഹിച്ചു. അടുത്ത ധ്യാനം ജൂൺ മാസം രണ്ടാം വാരാന്ത്യത്തിൽ ജൂൺ 13, 14,15 തിയതികളിൽ നെടുപുഴ ജോർദ്ദാനിയ ധ്യാന മന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബങ്ങൾ ഈ നമ്പറിൽ ( 8921049153 ) വിളിക്കുക.