Joy of Love in Family
ഫ്രാന്‍സിസ് മാര്‍പാപ്പ കുടുംബങ്ങളെ സ്‌നേഹിച്ച പാപ്പ ആയിരുന്നു. ഇന്നത്തെ കുടുംബങ്ങളുടെ സാധ്യതകളും, പരിമിതികളും, വെല്ലുവിളികളും അദ്ദേഹം പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു. കുടുംബങ്ങളിലേക്ക് കൂടുതല്‍ തുറവിയുള്ള സഭയെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. “സ്‌നേഹത്തിന്റെ സന്തോഷം” എന്ന അദ്ദേഹത്തിന്റെ അപ്പസ്‌തോലിക പ്രബോധനം ആധുനിക കുടുംബങ്ങള്‍ക്കുള്ള മാര്‍ഗ്ഗദീപമാണ്.
കുടുംബത്തില്‍ അമ്മമാര്‍ ത്യാഗത്തിന്റെ മൂര്‍ത്തിഭാവങ്ങളാണെന്നും അവര്‍ സ്വയം കേന്ദ്രീകൃത വ്യക്തിവാദത്തിന്റെ വ്യാപനത്തിനുള്ള മറുമരുന്നാണെന്നും പറയുമ്പോള്‍ കുടുംബത്തില്‍ അപ്പന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മാതൃകയാകണമെന്നും വൃദ്ധജനങ്ങള്‍ ‘പ്രാര്‍ത്ഥനയുടെ കവികള്‍’ ആകണമെന്നും കുട്ടികള്‍ ആര്‍ദ്രതയുടെ അദ്ധ്യാപകരാണ് എന്നൊക്കെയാണ് പോപ്പ് ഫ്രാന്‍സിസന്റെ കുടുംബ ഭാഷ്യം.
കുടുംബം സാഹോദര്യത്തിന്റെ വിളനിലങ്ങള്‍ ആകുമ്പോഴാണ് “നാമെല്ലാവരും സഹോദരങ്ങള്‍” എന്ന ലോകവീക്ഷണത്തിലേക്ക് വളരാന്‍ സാധിക്കൂ എന്ന യാഥാര്‍ത്ഥ്യം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുടുംബ പ്രബാധനത്തിന്റെ പ്രധാനപ്പെട്ട ദര്‍ശനമാണ്. കുടുംബ ബന്ധങ്ങളെ പരിപോഷിപ്പിക്കാന്‍ പരി.പിതാവ് മുന്നോട്ട് വയ്ക്കുന്ന അനുവാദം ചോദിക്കുക (Excuse Me), നന്ദി പറയുക (Thanks), തെറ്റിന് ക്ഷമാപണം ചെയ്യുക (Sorry), തുടങ്ങിയ മൂന്ന് കാര്യങ്ങള്‍ വളരെ പ്രസിദ്ധമായിട്ടുള്ള കുടുംബ സൂക്തങ്ങളാണ്.
ഒരു വ്യക്തിയോട് ഒരു കാര്യത്തെ കുറിച്ച് ജീവിതാവസനം വരെ ക്ഷമിക്കാന്‍ സാധിക്കുന്ന വ്യക്തിക്കു മാത്രമാണ് കുടുംബജീവിതത്തിന്റെ മനോഹാരിത ആസ്വാദിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ആത്മീയ ഉപദേശം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാത്രം സ്വന്തമാണ്.
സ്വര്‍ഗ്ഗ സൗഭാഗ്യത്തിന്റെ അന്തിമ ലക്ഷ്യത്തിലെത്തി ചേരുന്ന യാത്ര കുടുംബത്തിലാണ് ആരംഭിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിത ലക്ഷ്യത്തിലേക്ക് കുടുംബങ്ങളെ നയിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് തന്റെ സ്വര്‍ഗ്ഗീയ യാത്ര നടത്തിയിരിക്കുന്നത്.
"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല" ഏശയ്യാ 40 : 31.
റവ. ഡോ. ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി
ഡയറക്ടർ, ലോഫ്
പോവുക വന്ദ്യ ഗുരോ, പോവുക മുറപോൽ, വിൺ മണവറ ചേരാൻ..
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്)
(വൈദികരുടെ സംസ്കാര ശുശ്രൂഷയിലെ ഗീതത്തിൽ നിന്നും)
..പേജ് -1 ൽ നിന്നും തുടരുന്നു
എല്ലായ്പ്പോഴും സമാധാനവും നീതിയും തേടുന്ന, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരായിരിക്കാനും ഭയമില്ലാത്ത, യേശുക്രിസ്തുവിനോട് വിശ്വസ്തതയുള്ള സ്ത്രീ-പുരുഷന്മാരായി വർത്തിക്കുന്ന ഒരുമയുള്ള സഭയിൽ പത്രോസിന്റെ പിൻഗാമിയായിരിക്കാനും നിങ്ങളോടൊപ്പം ചരിക്കാനുമായി എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കർദ്ദിനാളന്മാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
"നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കു വേണ്ടി ഒരു മെത്രാനുമാണ്" എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ മകനാണ് ഞാൻ. ഈയർത്ഥത്തിൽ, നമുക്കെല്ലാവർക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുള്ള മാതൃരാജ്യത്തേക്ക് പ്രയാണം ചെയ്യാം.
റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദ്യം! ഒരു മിഷനറി സഭയായിരിക്കാൻ, പാലങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന, ഈ ചത്വരം പോലെ എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന ഒരു സഭയായിരിക്കാൻ നാം നിരന്തരം പരിശ്രമിക്കണം.
ഇന്ന് പോംപേയിയിലെ മാതാവിനോടുള്ള പ്രാർത്ഥനാ ദിനമാണ്. നമ്മുടെ അമ്മയായ മറിയം എപ്പോഴും നമ്മോടൊപ്പം നടക്കാനും, അടുത്തുനിൽക്കാനും, അവളുടെ മധ്യസ്ഥതയിലും സ്നേഹത്തിലും നമ്മെ സഹായിക്കാനും ആഗ്രഹിക്കുന്നു.
അതുകൊണ്ട് ഞാൻ നിങ്ങളോടൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ ദൗത്യത്തിനായി, മുഴുവൻ സഭയ്ക്കും വേണ്ടി, ലോക സമാധാനത്തിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം, നമ്മുടെ അമ്മയായ മറിയത്തിൽ നിന്ന് ഈ പ്രത്യേക കൃപയ്ക്കായി നമുക്ക് യാചിക്കാം.
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടു കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ! ആമേൻ!
പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ