Page 6

LOAF TIDINGS

Joy of Love in Family

കഥ

ലോക്കുണ്ടാക്കിയ പുലിവാല്

Story Image

അലക്സും റജീനയും ഇടവകയിലെ ഗായകസംഘത്തിലെ അംഗങ്ങളായ യുവ ദമ്പതികൾ ആയിരുന്നു. ഒരുപാട് മോഹങ്ങളോടെ പല എതിർപ്പുകളും മറികടന്ന് ഒന്നിച്ചവർ. കോളേജിലെ യുവജനോത്സവത്തിൽ മൽസരിക്കുമ്പോൾ പ്രണയം മൊട്ടിട്ടു. ആദ്യം വീട്ടിൽ അറിഞ്ഞത് എതിർപ്പുകൾക്കിടയാക്കി. എന്നാൽ ഇരുവരും ഉറച്ച നിലപാടുമായി ഇരു കുടുംബങ്ങളുടേയും ഇഷ്ടം നേടിയ ശേഷമാണ് വിവാഹ വാഗ്ദാനത്തിലേക്ക് എത്തിയത്—അത്‌ സ്വപ്നങ്ങൾ നിറഞ്ഞൊരു യാത്രയായിരുന്നു.

അവരുടെ ജീവിതത്തിൽ ഏഴുവർഷം ഒട്ടുമിക്കവാറും അനായാസം ഒഴുകി പോയിരുന്നു. മാതൃകാ ദമ്പതികൾ ആയിരുന്ന അവർ, ഗായകസംഘത്തിൽ പലരുടെയും അസൂയക്ക് പാത്രമായിരുന്നു. എങ്കിലും അവർ അതൊന്നും ഗൗരവമായി എടുത്തില്ല. കാരണം, അവർ തമ്മിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. അവർ എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വെച്ചിരുന്നു. അവർക്ക് മൂന്നു മക്കളും ജനിച്ചു. ഒരു മനോഹരമായ ആരാമം പോലെയായിരുന്നു അവരുടെ വീട്.

പക്ഷേ, കഴിഞ്ഞ ഒരു വർഷമായി പലതും മാറി. അലക്സ് ജോലി സംബന്ധമായി കൂടുതല്‍ തിരക്കിലായി. റജീനയോട് സംസാരിക്കുന്ന സമയം കുറഞ്ഞു. ഓഫീസിലെ ജോലി വീട്ടിൽ എത്തിയാലും തുടർന്നു. അവൻ തന്നിൽ നിന്നും അകലുന്നതുപോലെ റജീനക്ക് തോന്നി തുടങ്ങി.

ഒരിക്കൽ, റജീന അലക്സിന്റെ ഫോൺ എടുത്തപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നതായി കണ്ടു. ഇതു വരെ ഇരുവരുടെയും ഫോൺ ലോക്ക് ചെയ്യാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആ ലോക്ക് റജീനയുടെ മനസ്സിൽ സംശയത്തിന് തുടക്കം കുറിച്ചു. ചോദിച്ചപ്പോൾ അലക്സ് പ്രകോപിതനായി. "എന്തിനാ നീ എന്റെ ഫോൺ എടുത്തത്, നിനക്ക് വേറെ ഫോൺ ഇല്ലേ?" എന്നൊരു ചോദ്യവും. അതോടെ റജീനക്ക് ഉള്ളിൽ സംശയം വളരാൻ തുടങ്ങി. തന്നിൽ നിന്നും മറച്ചു വെക്കാൻ എന്തോ ബന്ധം അലക്സിനുണ്ടോ എന്നായി അവളുടെ ചിന്ത. അതിന് എരിവ് കൂട്ടാൻ ഗായകസംഘത്തിൽ ചിലരുടെ വാക്കുകളും പെരുമാറ്റങ്ങളും കാരണമാവുകയും ചെയ്തു. അലക്സ് ആരോടാണ് എപ്പോഴും ചിരിച്ചു കൊണ്ട് ഫോണിൽ സംസാരിക്കുന്നത് എന്ന് അവർ ചോദിച്ചു.

അവരുടെ ഇടയിൽ നിശബ്ദത ഘനീഭവിച്ചു തുടങ്ങി. സംശയം, മാനസിക അകലം, പരസ്പരം മനസ്സിലാക്കാനാവാത്ത അവസ്ഥ — ഇവ വേരുപിടിക്കാൻ

തുടങ്ങി. ഒടുവിൽ, രണ്ടുപേരും വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചു. വക്കീലിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു, രണ്ടു പേരും.

ഇടവകയിലെ വികാരിയച്ചൻ ഇവർക്ക് ഉണ്ടായ മാറ്റം ശ്രദ്ധിക്കുന്നത് അവർ അറിഞ്ഞില്ല. ഒരേ കുർബാനക്ക് ഒരുമിച്ച് പാടിയിരുന്നവർ ഇപ്പോൾ രണ്ട് കുർബാനക്ക് ആണ് പാടുന്നത്. മാത്രമല്ല, ഒരേ കുർബാനക്ക് വന്നാൽ തന്നെ രണ്ടു പേരും ഒരുമിച്ചു പാടാറില്ല. ഇക്കാര്യത്തെക്കുറിച്ച് അച്ചൻ ചോദിച്ചപ്പോൾ രണ്ടു പേരും ഉഴപ്പൻ മറുപടി നൽകി തൽക്കാലം രക്ഷപ്പെട്ടു പോയി.

വികാരിയച്ചൻ നിർദ്ദേശിച്ചതനുസരിച്ച് ഇടവകയിലെ വിശ്വാസ പരിശീലകരായ ദമ്പതികൾ അവരുടെ വീട് സന്ദർശിച്ചു. മുപ്പത് വർഷത്തെ കുടുംബജീവിതം പിന്നിട്ടവർ. അവരുടെ പക്വതയും അനുഭവവും മൂലം കുശലാന്വേഷണത്തിന് ശേഷം മെല്ലെ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് വിദഗ്ദ്ധമായി അവരെ എത്തിച്ചു.

ദുവർഷങ്ങളോളം അസൂയ ഉളവാക്കുന്ന ദാമ്പത്യം എങ്ങനെ ഇന്നത്തെ നിലയിൽ ആയി എന്ന് ചോദിച്ചപ്പോൾ രണ്ടു പേരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ മെല്ലെ അവർ മൂല കാരണം പറഞ്ഞു. ഭർത്താവിന്റെ ഫോൺ ലോക്ക് ചെയ്തതും വീട്ടിൽ എത്തിയാലും ഭാര്യയുമായി ഉണ്ടായിരുന്ന ആശയവിനിമയം കുറഞ്ഞതുമാണ് വിവാഹമോചനം ആവശ്യപ്പെടാനുളള കാരണം എന്ന് അവർ മനസ്സിലാക്കി.

"നിങ്ങളുടെ ഇതു വരെയുണ്ടായിരുന്ന പ്രണയം എവിടെപ്പോയി?"

"ഒരു ഫോൺ ലോക്കാണ് നിങ്ങളുടെ വിശ്വാസം തകർക്കുന്നത് എങ്കിൽ, ആ ലോക്ക് ചെയ്തത് എന്തിനാണെന്ന് ചിന്തിക്കൂ?" "വിവാഹം എന്ന കൂദാശ അത്ര എളുപ്പം വേർപെടുത്തേണ്ടത് ആണോ?" “ നിങ്ങളുടെ മക്കളുടെ അവസ്ഥ എന്താകും എന്ന് നിങ്ങൾ ചിന്തിച്ചോ?” അവർ ചോദിച്ചു.

ഈ ചോദ്യങ്ങൾ അവരുടെ ഹൃദയത്തിൽ മാറ്റം സൃഷ്ടിച്ചു. അലക്സ് നെറ്റി ചുളിച്ച് പറഞ്ഞു: "ഫോൺ ഞാൻ ലോക്ക് ചെയ്തു എന്നത് ശരിയാണ്, ജോലി സംബന്ധിച്ച ചില സ്വകാര്യ ഫയലുകൾക്കായാണ് അങ്ങനെ ചെയ്തത്. പക്ഷേ അത്, ഞാൻ നിന്നോട് പറയാതിരുന്നത് തെറ്റായിരുന്നു." റജീനയുടെ കണ്ണുകൾ നിറഞ്ഞു. "നിനക്ക് ഒന്നു പറയാമായിരുന്നല്ലോ... ഞാൻ തീർച്ചയായും മനസ്സിലാക്കുമായിരുന്നു. എന്നാലും ഞാനും കുറെ കാടുകയറി ചിന്തിച്ചു പോയി. എനിക്ക് സമാധാനത്തിൽ നിന്നോട് വീണ്ടും ചോദിക്കാമായിരുന്നു. എന്നോട് ക്ഷമിക്കൂ” റജീന പറഞ്ഞു.

പോകുമ്പോൾ ആ മുതിർന്ന ദമ്പതികൾ അവർക്ക് ഒരു ടാസ്ക് നൽകി. പ്രണയം കാലത്ത് പരസ്പരം എഴുതിയ കത്തുകൾ എടുത്ത് രണ്ടു പേരും ഒരുമിച്ചു വായിക്കണം. വിവാഹ ആൽബം വീണ്ടും ഒന്നിച്ച് കാണണം. അങ്ങനെ ചെയ്തപ്പോൾ അവരുടെ പഴയ പ്രണയം തിരിച്ചു വന്നു.

അലക്സ് റജീനയുടെ കൈ പിടിച്ചു പറഞ്ഞു, "ഇനി എന്റെ ഫോണിൽ ലോക്ക് വേണ്ട, കാരണം നീ അതിലേറെ എന്റെ ഉള്ളിൽ ഇരിക്കുന്നു." അവൾ പറഞ്ഞു. ലോക്ക് ഉള്ളത് നല്ലതാണ്. അതിൽ എന്റെ ഫിംഗർ പ്രിന്റ് കൂടി ചേർത്താൽ മതി. അവർ പരസ്പരം ആലിംഗനം ചെയ്തു. അടുത്ത ഞായറാഴ്ച ഗായകസംഘത്തിൽ ഇരുവരും ഒരുമിച്ചു പാടിയത് പലർക്കും അത്ഭുതം ആയി. എന്നാൽ വികാരി അച്ചൻ അപ്പോൾ കർത്താവിനെ നോക്കി ഊറി ചിരിക്കുകയായിരുന്നു.

Story Image

 ഡോ സുനി തോമസ്

പ്രൊഫസ്സർ, റേഡിയോഡയഗ്നോസിസ്

മെഡിക്കൽ കോളേജ്, തൃശ്ശൂർ.

 

Q & A
കത്തോലിക്കാ സഭയിലെ പ്രതിസന്ധീ അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിൽ കത്തോലിക്കാ മെന്റർ കുടുംബങ്ങളുടെ / അൽമായ കുടുംബ സംഘടനകളുടെ പങ്ക് എന്താണ്?

 കത്തോലിക്കാ സഭയ്ക്കുള്ളിൽ പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാ മെന്റർ കുടുംബങ്ങളും കുടുംബങ്ങളുടെ അൽമായ സംഘടനകളും നിർണായക പങ്ക് വഹിക്കുന്നു. ക്രിസ്തീയ സുകൃതങ്ങൾ ആയ ദാനധർമ്മം, കൂട്ടായ്മ, ഐക്യദാർഢ്യം എന്നീ തത്വങ്ങളിൽ വേരൂന്നിയ ഇത്തരം ഗ്രൂപ്പുകൾ, ദാമ്പത്യ സംഘർഷം, സാമ്പത്തിക ബുദ്ധിമുട്ട്, മരണം, ആസക്തി, അല്ലെങ്കിൽ വൈകാരിക സംഘർഷങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആത്മീയവും പ്രായോഗികവുമായ സഹായം വാഗ്ദാനം ചെയ്യുന്നു.

സ്വന്തം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ മാർഗനിർദേശം, വൈകാരിക പിന്തുണ, പ്രോത്സാഹനം എന്നിവ വാഗ്ദാനം ചെയ്യുന്ന ക്രിസ്തീയ വിശ്വാസം നിറഞ്ഞ ജീവിതത്തിന്റെ ഉദാഹരണങ്ങളായി മെന്റർ കുടുംബങ്ങൾ പ്രവർത്തിക്കുന്നു. അവർ സഹവർത്തിത്വത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യം നൽകുന്നു. പലപ്പോഴും, ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനും, പരസ്പരം ക്ഷമിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാർത്ഥനയും കൗദാശിക ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനും, പ്രത്യേകിച്ച് ദിവ്യകാരുണ്യത്തിലും അനുരഞ്ജനത്തിലും അധിഷ്ഠിതമായ ബന്ധം പുനസ്ഥാപിക്കുന്നതിനും അവർ സഹായിക്കുന്നു.

കുടുംബങ്ങളുടെ അൽമായ സംഘടനകൾ പലപ്പോഴും ഇടവകകളിലോ രൂപതകളിലോ പ്രവർത്തിക്കുന്നു, കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന ശൃംഖലകൾ സംഘടിപ്പിക്കുന്നു, കുടുംബ ധ്യാനങ്ങൾ, കൗൺസിലിംഗ് സേവനങ്ങൾ, വിശ്വാസ രൂപീകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.

തുറന്ന പങ്കു വെപ്പിനും മുറിവുണക്കലിനും സൗഖ്യത്തിനും സുരക്ഷിതമായ ഇടങ്ങൾ അവർ സൃഷ്ടിക്കുന്നു, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ കുടുംബങ്ങളെ സഭയുമായും അവരുടെ വിശ്വാസവുമായും പരസ്പരം വരും ഉളള ബന്ധം നിലനിർത്താൻ സഹായിക്കുന്നു.

അവരുടെ സാന്നിധ്യത്തിലൂടെയും ശുശ്രൂഷയിലൂടെയും ഈ അൽമായ ഗ്രൂപ്പുകൾ ഗാർഹിക സഭയെ ശക്തിപ്പെടുത്തുകയും, ആവശ്യമുള്ളവർക്ക് ആശ്വാസവും സൗഖ്യവും വാഗ്ദാനം ചെയ്യുന്ന ഒരു ഫീൽഡ് ആശുപത്രിയാകാനുള്ള സഭയുടെ ആഹ്വാനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വിവാഹത്തിൽ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു (CCC 1601-1666), വിവാഹം ദൈവത്തിന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഉടമ്പടിയാണെന്ന് എടുത്തുകാണിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പരസ്പര ബന്ധം പരിപോഷിപ്പിക്കുന്നതിലൂടെ, ദമ്പതികൾക്ക് ഐക്യത്തിൽ വളരാനും അവരുടെ ജീവിതത്തിൽ ആ സ്നേഹം പ്രതിഫലിപ്പിക്കാനും കഴിയും.

(CCC - 1601-1666)

Story Image

 ഡോ ടോണി ജോസഫ്

ഓർത്തോപീഡിക് സർജൻ, പാലക്കാട് ജില്ലാ ആശുപത്രി

1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10