Joy of Love in Family
ഭാര്യയും ഭർത്താവും കർത്താവും ഇഴുകിച്ചേർന്ന ജീവന്റെയും സ്നേഹത്തിന്റെയും ഇഴയടുപ്പം ആണല്ലോ കുടുംബ ജീവിതം. അപ്പനും അമ്മയും മക്കളും ഒന്നിച്ചുള്ള കൂട്ടായ്മയിൽ തമ്പുരാനോടൊപ്പം പണിയുന്ന സ്വർഗത്തിന്റെ മുന്നാസ്വാദനമാണ് കുടുംബം.
*മണ്ണാങ്കട്ടയും കരിയിലയും* പോലെ നല്ല ക്രിസ്തീയ കുടുംബജീവിതം: യാത്രയ്ക്കിടയിൽ എപ്പോഴോ ശക്തമായ കാറ്റുവിശയപ്പോൾ കരിയിലയുടെ മുകളിൽ കയറിയിരുന്ന മണ്ണാങ്കട്ടയെ പോലെ; മറ്റൊരു സമയത്ത് ശക്തമായ മഴ വന്നപ്പോൾ മണ്ണാങ്കട്ട അലിഞ്ഞു പോകാതിരിക്കാൻ കരിയില അതിനു മുകളിൽ കയറിയിരുന്ന് രക്ഷിച്ചത് പോലെ ഭാര്യയും ഭർത്താവും ഒരുമയോടു കൂടി മുന്നോട്ടു പോകുന്ന ക്രിസ്തീയ ദാമ്പത്യം മനോഹരമായ കാഴ്ചയാണ്.
ജീവന്റെയും സ്നേഹത്തിന്റെയും ദൃഢ ബദ്ധമായ ഒരു സമൂഹമായിട്ടാണ് ദൈവത്തിന്റെ പദ്ധതിയിൽ കുടുംബം സ്ഥാപിക്കപ്പെട്ടത്. അതിനാൽ വർദ്ധിതമായ ജീവന്റെയും സ്നേഹത്തിന്റെയും ഒരു സമൂഹമായി തീരുമാനമുള്ള ദൗത്യം അതിനുണ്ട്.
ഭാര്യയും ഭർത്താവും തങ്ങളുടെ ശക്തികളും കഴിവുകളും പങ്കുവെച്ച് പരസ്പരം പൂരുകങ്ങളായി മുന്നോട്ടു പോകുമ്പോഴല്ലേ ജീവിതം കൂടുതൽ മനോഹരമാക്കുന്നത് എന്ന് നാം കാണുന്നു.
ഭാര്യയും ഭർത്താവും ഒരു മനസ്സോടെ പരസ്പര ധാരണയിൽ മുന്നോട്ടുപോകുമ്പോൾ ഈശോ അനുഗ്രഹിച്ച ഒരു കുടുംബജീവിതം നയിക്കുവാൻ നമുക്ക് സാധിക്കുന്നു.
ഉല്പത്തി 27 “അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽ അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.”
ഒരു മനസ്സോടെ പരസ്പര സ്നേഹത്തോടെയും പങ്കുവെക്കലുകളോടെയും ഭാരങ്ങൾ പരസ്പരം വഹിച്ച് ഒന്നിച്ചു കർത്താവിനോട് ചേർന്ന് നമുക്ക് പ്രയാണം ചെയ്യാം.
ഭാര്യയും ഭർത്താവും കർത്താവിൽ ഒഴുകി ചേരുന്ന മനോഹരമായ *നദി പോലെ* ഇടക്ക് മെലിഞ്ഞും ഇടയ്ക്ക് നിറഞ്ഞും ഒഴുകുവാൻ ദൈവം അനുഗ്രഹിക്കട്ടെ, വ്യക്തികളുടെ സവിശേഷമായ ഈ ഒരു പങ്കുവയ്ക്കലിലൂടെ ദൈവരാജ്യ അനുഭവം സ്വന്തമാക്കുവാൻ നമുക്ക് ശ്രമിക്കാം
ബിജു ആന്റണി & ഹിമ ബിജു.
സീനിയർ മാനേജർ, ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്
ഒരു പക്ഷി ആകാശത്തിലൂടെ മനോഹരമായി പറക്കുന്നത് നാം കണ്ടിട്ടില്ലേ? അതിന് രണ്ട് ചിറകുകളുണ്ട്. ഒരു ചിറകിന് മറ്റേ ചിറകിനേക്കാൾ പ്രാധാന്യം കൂടുതലാണെന്ന് പക്ഷിക്ക് പറയാനാവില്ല. ഒരു ചിറക് മാത്രം ശക്തമായി വീശിയാൽ പക്ഷിക്ക് നേരെ പറക്കാനാവില്ല. രണ്ട് ചിറകുകളും ഒരേ താളത്തിൽ പ്രവർത്തിക്കുമ്പോഴാണ് അതിന് ഉയരങ്ങളിലേക്ക് പറന്നുയരാൻ കഴിയുന്നത്.
ദാമ്പത്യജീവിതവും ഇതുപോലെയാണ്. ഭർത്താവും ഭാര്യയും ഒരു കുടുംബജീവിതത്തിന്റെ രണ്ട് ചിറകുകളാണ്. ഒരാൾ മാത്രം തീരുമാനിക്കുകയും മറ്റൊരാൾ അനുസരിക്കുകയും ചെയ്യുന്ന ബന്ധമല്ല വിവാഹം. ഇരുവരും പരസ്പരം കേൾക്കുകയും മനസ്സിലാക്കുകയും തീരുമാനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുമ്പോഴാണ് കുടുംബം സന്തോഷത്തോടെ മുന്നോട്ടുപോകുന്നത്.
ഒരു ഗ്രാമത്തിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന ഒരു വലിയ ആൽമരമുണ്ടായിരുന്നു. അതിന്റെ തായ്ത്തടിയിലൂടെ ചുറ്റിപ്പടർന്ന് വളരുന്ന മനോഹരമായ ഒരു വള്ളിച്ചെടിയും അവിടെയുണ്ടായിരുന്നു. മരത്തിന്റെ താങ്ങിൽ വള്ളിച്ചെടി ഉയരങ്ങളിലേക്ക് വളർന്നു. അതിൽ മനോഹരമായ പൂക്കൾ വിരിഞ്ഞു.
ഒരു ദിവസം മരം അഹങ്കാരത്തോടെ ചോദിച്ചു:
"നിനക്ക് സ്വന്തമായി നിൽക്കാൻ പോലും കഴിയില്ല. എന്റെ താങ്ങില്ലായിരുന്നെങ്കിൽ നീ എങ്ങനെ ഇത്ര ഉയരത്തിൽ വളരുമായിരുന്നു?"
വള്ളിച്ചെടി വിനയത്തോടെ മറുപടി പറഞ്ഞു:
"ശരിയാണ്, നിന്റെ താങ്ങ് എനിക്ക് ആവശ്യമാണ്. പക്ഷേ നിന്റെ ശിഖരങ്ങളിൽ പൂക്കൾ വിരിയുമ്പോൾ നിന്റെ സൗന്ദര്യം വർധിക്കുന്നില്ലേ? നീ എനിക്ക് താങ്ങാകുന്നു; ഞാൻ നിന്റെ സൗന്ദര്യമായി മാറുന്നു. നമ്മൾ രണ്ടുപേരും വ്യത്യസ്തരാണ്, പക്ഷേ പരസ്പരം ആവശ്യമാണ്."
കാലം കടന്നുപോയി. ഒരു ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായി. മരത്തിന്റെ ചില ശിഖരങ്ങൾ ഒടിഞ്ഞുവീണു. വള്ളിച്ചെടിയും കാറ്റിൽ ആടിയുലഞ്ഞു. എങ്കിലും അത് മരത്തെ മുറുകെപ്പിടിച്ചു നിന്നു. അന്ന് മരം തിരിച്ചറിഞ്ഞു: താൻ മാത്രമല്ല മറ്റൊരാൾക്ക് താങ്ങാകുന്നത്; തനിക്കും മറ്റൊരാളുടെ സാന്നിധ്യവും കരുതലും ആവശ്യമാണെന്ന്.
ഈ കഥ നമ്മെ പഠിപ്പിക്കുന്നത്, ഒരാൾ മറ്റൊരാളെക്കാൾ വലിയവനോ ചെറിയവളോ അല്ല; ഇരുവരും പരസ്പരം താങ്ങും കരുത്തുമായി മാറുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്.
ഉൽപത്തി 1:27 നമ്മെ ഓർമിപ്പിക്കുന്നത് സ്ത്രീയും പുരുഷനും ഒരുപോലെ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നാണ്. അതുകൊണ്ട് സ്ത്രീക്കും പുരുഷനും ഒരേ അന്തസ്സും മൂല്യവുമുണ്ട്. വിവാഹം അധികാരത്തിന്റെ ബന്ധമല്ല; സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പരസ്പര സമർപ്പണത്തിന്റെയും വിശുദ്ധ കൂട്ടായ്മയാണ്.
കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നതിലും മക്കളെ വളർത്തുന്നതിലും സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും പരസ്പരം ബഹുമാനിക്കുന്നതിലും ഈ സമത്വം പ്രകടമാകണം. ഭാര്യയുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും ഭർത്താവ് പ്രാധാന്യം നൽകണം. അതുപോലെ ഭർത്താവിന്റെ അധ്വാനത്തിനും വികാരങ്ങൾക്കും ഭാര്യയും വിലകൽപ്പിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അധികാരം ഉപയോഗിച്ചല്ല, സ്നേഹത്തോടെയും സംഭാഷണത്തിലൂടെയും പരിഹാരം കണ്ടെത്തണം.
പക്ഷിക്ക് രണ്ട് ചിറകുകളും മരത്തിന് വള്ളിച്ചെടിയുടെ പൂക്കളും വള്ളിച്ചെടിക്ക് മരത്തിന്റെ താങ്ങും ആവശ്യമാണ്. അതുപോലെ ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം ആവശ്യമാണ്.
ഒരു കുടുംബത്തിന്റെ വിജയം ആരാണ് കൂടുതൽ ശക്തൻ എന്നതിലല്ല; ആരാണ് കൂടുതൽ സ്നേഹിക്കുന്നത്, മനസ്സിലാക്കുന്നത്, വിട്ടുവീഴ്ച ചെയ്യുന്നത്, കൂടെ നിൽക്കുന്നത് എന്നതിലാണ്.
രണ്ട് ചിറകുകളും ഒരേ താളത്തിൽ വീശുമ്പോഴേ പക്ഷിക്ക് ഉയരത്തിൽ പറക്കാനാകൂ. അതുപോലെ സ്ത്രീയും പുരുഷനും തുല്യ അന്തസ്സോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് മുന്നേറുമ്പോഴാണ് ദാമ്പത്യജീവിതം ദൈവം ആഗ്രഹിക്കുന്ന മനോഹരമായ കുടുംബജീവിതമായി മാറുന്നത്.
 വിജോ വിൽസൺ & സിനി ചാക്കോ.
എഡിറ്റർ, ലോഫ് മീഡിയ.
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. ഒരു പുരുഷനെ പൂർണ്ണനാക്കുന്നത് അവന്റെ ഭാര്യയാണ് , തിരിച്ചും.... ഉല്പത്തി 2 : 23- “അപ്പോൾ മനുഷ്യൻ പറഞ്ഞു, ഒടുവിൽ ഇതാ! ഇവളാണ് എന്റെ അസ്ഥകളിൽ നിന്നുള്ള അസ്ഥിയും, മാംസത്തിൽ നിന്നുള്ള മാംസവും!” പുരുഷനും സ്ത്രീയും ഏക ശരീരമാണ്. അതാണ് അവരുടെ സമത്വത്തിന്റെ രഹസ്യവും. ഒരു കുടുംബത്തിലുള്ള സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്തങ്ങൾ വിഭിന്നമെങ്കിലും രണ്ടുപേരും ചേർന്ന് ഭംഗിയായി നിർവഹിക്കുവാൻ സാധിക്കണം. ഓരോ കുടുംബവും ഒരു സർവ്വകലാശാലയാണ്. അപ്പൻ തന്റെ അമ്മയ്ക്ക് വീട്ടിൽ കൊടുക്കുന്ന ബഹുമാനവും സ്നേഹവും സ്ഥാനവും കണ്ടുപഠിക്കുന്ന മകന് തന്റെ കുടുംബജീവിതം കെട്ടിപടുക്കുവാനുള്ള ബാലപാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നു. ഗലാത്തിയ 3 : 28, 29 “യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വാതന്ത്ര്യനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ് . നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ അബ്രഹത്തിന്റെ സന്തതികളാണ്; വാഗ്ദാനം അനുസരിച്ചുള്ള അവകാശികളും ആണ്.” ദൈവപുത്ര സ്ഥാനത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ്.
ഇന്ന് വിവാഹ ജീവിതത്തിൽ നിന്നും പല പെൺകുട്ടികളും മാറിനിൽക്കുന്നത് എന്തിന് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവൾ ഈ ലോകത്തിൽ സാക്ഷ്യം വഹിച്ച കുടുംബ തകർച്ചകൾ തന്നെ പ്രധാന കാരണം. വിവാഹശേഷം തന്റെ സ്വാതന്ത്ര്യം, ജോലി എന്നിവ നഷ്ടപ്പെടുമോ എന്ന ഭയം, അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടേണ്ടി വരുമോ എന്ന തോന്നൽ, കഷ്ടപ്പെട്ട് പഠിച്ച് നേടിയ ഡിഗ്രി, പി ജി സർട്ടിഫിക്കറ്റുകൾ....... മേശയുടെ ഒരു മൂലയിൽ ഒതുങ്ങുമോ എന്ന പേടി. നമ്മൾ നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഒരുപാഠം ഉണ്ട്; സ്ത്രീയെ സ്നേഹിക്കാൻ, ബഹുമാനിക്കാൻ, അവളെ ഒരു ഉപഭോഗ വസ്തുവായി തരം താഴ്ത്താതിരിക്കാൻ, അവളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ,
അവളുടെ കഴിവുകൾക്ക് ഉത്തേജനം പകരാൻ, തന്നത്താൻ സ്നേഹിക്കുന്നത് പോലെ തന്നെ അവളെ സ്നേഹിക്കാൻ.....
നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന കുറെ മാറ്റങ്ങൾ പ്രശംസനീയമാണ്. സ്കൂൾതലം മുതൽ മിക്ക ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പ്രാധാന്യവും അവസരങ്ങളും ലഭിക്കുന്നുണ്ട്. പാഠ്യപദ്ധതികളിലും പാഠ്യേതര പദ്ധതികളിലും സമത്വം പാലിക്കപ്പെടുന്നു എന്നുള്ളത് സന്തോഷകരമാണ് . ജോലി സാധ്യതകളും, ഉപരിപഠന സാധ്യതകളും അതുപോലെതന്നെ പണ്ട് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന പല മേഖലകളിലേക്കും സ്ത്രീക്ക് കടന്ന് ചെല്ലാൻ സാധിച്ചു. അതുപോലെ തന്നെയാണ് നമ്മുടെ കുടുംബങ്ങളിലും പ്രവർത്തിക്കേണ്ടത്.
ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ദൂരമാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ദൂരം. അകന്നു കഴിയുന്ന മാതാപിതാക്കൾക്ക് മക്കൾക്ക് നല്ല മാതൃകയാക്കാൻ ബുദ്ധിമുട്ടുണ്ട്. തുല്യ പ്രാധാന്യം നൽകി ജീവിതപങ്കാളിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലെ മക്കൾ വഴിതെറ്റിപ്പോകാനും വിവാഹജീവിതം വേണ്ടെന്നു വയ്ക്കാനുമുള്ള സാദ്ധ്യതകൾ വിരളമാണ്. ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിനിയായ സ്ത്രീയോടൊത്ത് വിവേകത്തോടെ ജീവിക്കാൻ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ പത്രോസിന്റെ വാക്കുകൾ നമുക്ക് സ്മരിക്കാം. ദൈവസന്നിധിയിൽ അമൂല്യമായ സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്നമണിഞ്ഞ ആന്തരിക വ്യക്തിത്വത്തിന് ഉടമകളാകാൻ ഭാര്യമാരെയും ശ്ലീഹാ ഓർമിപ്പിക്കുന്നു.....
ഡോ. ബെറ്റ്‌സി തോമസ്
പ്രൊഫസർ ഗൈനെക്കോളജി