Joy of Love in Family
സമത്വം എന്ന വാക്ക് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യരെന്ന നിലയിൽ സ്ത്രീയും പുരുഷനും ഒരേ മഹത്വമുള്ളവരാണ് എന്ന് ബൈബിൾ അസന്നിഗ്ദമായ പലയിടങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന നമ്മളെല്ലാവരും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ക്രിസ്തുവിൽ ഒന്നാണെന്നാണ് (ഗലാത്തിയാ3:28). പത്രോസ് ശ്ലീഹായാകട്ടെ ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശി എന്ന നിലയിൽ അവളെ ബഹുമാനിക്കണം എന്നും പറയുന്നുണ്ട് (1 പത്രോസ് 3:7). നിർഭാഗ്യവശാൽ മഹത്വത്തിലുള്ള സമത്വം കടമകളിലും ഉത്തരവാദിത്വങ്ങളിലും ഉള്ള സമത്വമായി പലരും തെറ്റിദ്ധരിക്കുന്നു എന്നുള്ളതാണ്.
ഇന്ന് പുരുഷൻമാർക്ക് ചെയ്യാവുന്ന ഏറെക്കുറെ എല്ലാ ജോലികളും സ്ത്രീകളും ചെയ്യുന്നുണ്ട്. ബഹിരാകാശത്ത് പോലും സ്ത്രീകൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. പുരുഷന്മാർക്കുള്ളതുപോലെ തന്നെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും ജോലി ചെയ്യാനുള്ള സാഹചര്യം ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ഇത് ഏറെ കുറെ സ്ത്രീകൾ തന്നെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണ് എന്ന് പറയാം - അവസരങ്ങളിലുള്ള ഈ സമത്വം. പക്ഷേ കേരളത്തിലെ പോലെ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് നമുക്ക് പറയാൻ സാധിക്കുകയില്ല. ഈ മേഖലയിൽ ഇന്ത്യാ രാജ്യം എന്ന നിലയിൽ നമുക്ക് ബഹുദൂരം മുന്നേറാനുണ്ട്.
അപ്പോൾ മഹത്വത്തിലും അവസരങ്ങളിലും സമത്വം ഉണ്ടാകേണ്ടതാണെന്ന് നമ്മൾ കണ്ടു. ഇനി നമുക്ക് ദാമ്പത്യ ജീവിതത്തിലേക്ക് വരാം, കുടുംബ ജീവിതത്തിലെ സമത്വം പലരും കടമകളും ഉത്തരവാദിത്വങ്ങളിലും ഉള്ള സമത്വമായി തെറ്റിദ്ധരിക്കാറുണ്ട്. ഭാര്യക്കും ഭർത്താവിനും കുടുംബത്തിൽ നിറവേറ്റേണ്ട കടമകളും ഉത്തരവാദിത്വങ്ങളും വിഭിന്നങ്ങളാണെന്ന വസ്തുത ഇന്ന് പലരും മറന്നു പോയിരിക്കുന്നു. സ്നേഹത്തിന്റെ സന്തോഷത്തിൽ ഫ്രാൻസിസ് മാർപാപ്പ ദമ്പതികളോട്, സമത്വം കർത്തവ്യങ്ങളിലെ സമാനതയായി തെറ്റിദ്ധരിക്കരുതെന്ന് പറയുന്നുണ്ട്.
ദൈവം മനുഷ്യരെ വ്യത്യസ്തങ്ങളായ കഴിവുകളോട് കൂടെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചപ്പോൾ തന്നെ അവരുടെ കർത്തവ്യങ്ങളിലുള്ള വൈവിധ്യവും വിഭാവനം ചെയ്തിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി തൊഴിൽ രംഗത്തേക്ക് വരികയും ഒരു തൊഴിൽ കേന്ദ്രീകൃത മനസ്ഥിതിയോടെ ജീവിതത്തെ കാണാൻ തുടങ്ങുകയും ചെയ്തതോടെ കർത്തവ്യങ്ങളിലുള്ള ഈ വ്യത്യാസം പതുക്കെ ഇല്ലാതായി തുടങ്ങി. എന്നാൽ ഇത് കുടുംബത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, കുഞ്ഞുങ്ങൾക്ക് അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ള അവരുടെ ശൈശവത്തിൽ അത് നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു വലിയ പ്രതിസന്ധിയിലേക്കാണ് കുടുംബങ്ങളെ എത്തിച്ചിരിക്കുന്നത്.
പുരുഷനെന്ന നിലയിൽ ഭർത്താവ് കുടുംബത്തിന്റെ തലവനാണെന്നും ജോലി ചെയ്തു കുടുംബത്തെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് അവന്റെ കർത്തവ്യം. സ്ത്രീ തന്റെ മാതൃസഹജമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് പകരം ഒരിക്കലും ബാഹ്യ ജോലികൾ ചെയ്യാൻ നിർബന്ധിതരാകരുത് എന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്നുണ്ട്. ഒരു ഭാര്യക്ക് മാതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ പ്രാഥമിക ഉത്തരവാദിത്വം കുടുംബനാഥൻ ഏറ്റെടുക്കേണ്ടതുണ്ട്. അതുപോലെ പുരുഷന് ആധിയില്ലാതെ പുറമേ പോയി ജോലി ചെയ്യുന്നതിന് വീട്ടിലെ ഉത്തരവാദിത്വങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം സ്ത്രീയും ഏറ്റെടുക്കേണ്ടതുണ്ട്. മഹത്വത്തിൽ സമത്വമുണ്ടെന്ന് പറയുകയും എന്നാൽ ഭർത്താവ് കുടുംബത്തിന്റെ തലവനും സംരക്ഷകനും ആവുകയും ചെയ്യുന്നത് എങ്ങനെ? ഇങ്ങനെയൊരു സംശയം സ്വാഭാവികമായും ഉണ്ടാകാം. ഇവിടെ ഭർത്താവ് ദൈവത്താൽ നിയോഗിക്കപ്പെട്ട കർത്തവ്യമാണ് ചെയ്യുന്നത്. ഭർത്താവ് ഭാര്യയുടെ ശിരസ്സാണ് എന്ന് പൗലോസ് ശ്ലീഹ പറയുന്നുണ്ടല്ലോ (എഫേ 5:23). ഒരു ഓഫീസിലെ കാര്യം നോക്കാം,പലതരം ജോലികൾ ചെയ്യുന്നവരുണ്ട് ഒരു ഓഫീസിൽ. എന്നാൽ MD യുടെ ജോലിയല്ല മാനേജർ ചെയ്യുന്നത്. എന്നാൽ മൊത്തത്തിൽ എല്ലാവരും സമന്മാർ തന്നെ...
തിരുകുടുംബം എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകയാണ്. അവിടെ ദൈവപുത്രനായ ഈശോയും അമലോൽഭവയായ മറിയവും ഉണ്ടായിട്ടും തിരു കുടുംബത്തെ നയിക്കുവാൻ ദൈവം തിരഞ്ഞെടുത്തത് ഔസേപ്പിതാവിനെയാണ്. പ്രാഥമികമായി കുടുംബത്തെ നയിക്കുവാനുള്ള കർത്തവ്യം ഭർത്താവിൽ നിക്ഷിപ്തമാണ്. ഇത് കുടുംബത്തിന്റെ പൊതുനന്മയ്ക്കു വേണ്ടിയാണ്......
ഗർഭധാരണം, പ്രസവം, ശൈശവദിശയിലുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും മൂലം കുടുംബത്തിൽ സ്ത്രീകൾ ശാരീരികമായും വൈകാരികമായും മാനസികമായും ഒരുപാട് വെല്ലുവിളിയിലൂടെ കടന്നുപോകുന്നുണ്ട്. പുരുഷൻ ഈ പ്രക്രിയയ്ക്ക് പുറത്തായതിനാൽ സ്ത്രീകളോട് പ്രത്യേക ഒരു കടപ്പാട് പുരുഷനുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു വയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ അവസരങ്ങളിൽ അവരോടുള്ള പ്രത്യേക ശ്രദ്ധയും കരുതലും സഹായവും ഭാര്യമാർക്ക് നൽകുന്നതിൽ ഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ വളർത്തുന്നതിൽ അമ്മമാർക്കുള്ള പോലെ തന്നെ കടമ പിതാക്കന്മാർക്കും ഉണ്ട് എന്ന് മാർപാപ്പ പറഞ്ഞുവയ്ക്കുന്നുണ്ട്.
ആധുനിക കുടുംബങ്ങളിലെ കർത്തവ്യങ്ങൾ ഏറെക്കുറെ ഭർത്താവും ഭാര്യയും ഒരുമിച്ചാണ് ചെയ്യുന്നത്. അണു കുടുംബങ്ങൾ മുന്നോട്ടുപോകാൻ ഇത് അത്യന്താപേക്ഷിതമാണ്. എന്നാൽ പ്രാഥമികമായി കുടുംബത്തിലെ നാഥനും നാഥക്കുമുള്ള കർത്തവ്യങ്ങളിൽ വൈവിധ്യം ഉണ്ടെന്ന് അംഗീകരിക്കുന്നത് കുടുംബത്തിന്റെ പൊതു നന്മയ്ക്കും മക്കളുടെ രൂപീകരണത്തിനും സഹായിക്കും. അതുകൊണ്ട് മഹത്വത്തിൽ സമരാണെന്ന് പറയുമ്പോൾ തന്നെ ഭാര്യാ ഭർത്താക്കന്മാർക്കുള്ള പ്രാഥമിക കർത്തവ്യങ്ങളിൽ വ്യത്യാസമുണ്ടെന്ന് നാം മനസ്സിലാക്കണം.....
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിനിടയിൽ "നരവംശ ശാസ്ത്രപരവും സാംസ്കാരികവുമായ മാറ്റങ്ങൾ" (അമോരിസ് ലേറ്റിഷ്യ, 32) കൂടുതൽ പ്രകടമായിത്തീർന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ, സിനഡൽ വിവേചനത്തിന്റെ പാതയിൽ സഭയെ കൂടുതൽ സജീവമായി ഉൾപ്പെടുത്താൻ ആഗ്രഹിച്ചു. കുടുംബത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്റെ പതിനാലാമത് പൊതു സമ്മേളനത്തിനിടെ, 2015 ഒക്ടോബർ 17-ന് നടത്തിയ പ്രസംഗത്തിൽ, ദൈവജനത്തിനുള്ളിൽ "പരസ്പരം ശ്രവിക്കുന്ന" (mutual listening) ഒരു അന്തരീക്ഷം അദ്ദേഹം ആഹ്വാനം ചെയ്തു: "ദൈവസഭകളോട് അവിടുന്ന് എന്താണ് അരുളിച്ചെയ്യുന്നത്" (വെളിപാട് 2:7) എന്ന് മനസ്സിലാക്കാൻ, എല്ലാവരും ചേർന്ന് "സത്യത്തിന്റെ ആത്മാവായ" (യോഹന്നാൻ 14:17) പരിശുദ്ധാത്മാവിനെ ശ്രവിക്കണം. "കുടുംബങ്ങളെ നേരിട്ട് ഉൾപ്പെടുത്താതെയും, അവരുടെ സന്തോഷങ്ങളും പ്രത്യാശകളും, ദുഃഖങ്ങളും വേദനകളും കേട്ടറിയാതെയും കുടുംബത്തെക്കുറിച്ച് സംസാരിക്കുക സാധ്യമല്ല" എന്ന് അദ്ദേഹം വിശദീകരിച്ചു. [4]
സിനഡൽ വിവേചന പ്രക്രിയയുടെ ഫലങ്ങൾ ശേഖരിക്കപ്പടുമ്പോൾ, 'അമോരിസ് ലേറ്റിഷ്യ' (Amoris Laetitia) ഇന്നും നാം പരിശോധിക്കേണ്ട വിലപ്പെട്ട പ്രബോധനങ്ങൾ നൽകുന്നു: "കുടുംബ പ്രതിസന്ധികൾ"ക്കിടയിലും "സ്നേഹഗാഥകൾ" നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന, ദൈവത്തിന്റെ സ്നേഹപൂർണ്ണവും കരുണാമയവുമായ സാന്നിധ്യത്തെക്കുറിച്ചുള്ള തിരുവചന പ്രത്യാശ (AL 8); "യേശുവിന്റെ നോട്ടം" സ്വീകരിക്കാനുള്ള ക്ഷണവും (AL 60), "ദാമ്പത്യ-കുടുംബ സ്നേഹത്തിന്റെ വളർച്ചയും ശക്തിപ്പെടുത്തലും ആഴപ്പെടലും" നിരന്തരം പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനവും (AL 89); വിവാഹജീവിതത്തിലെ സ്നേഹം "എപ്പോഴും ജീവൻ നൽകുന്നു" (AL 165) എന്നും, അവതാരരഹസ്യം (Incarnation) നമ്മെ പഠിപ്പിക്കുന്നതുപോലെ, അത് അതിന്റെ "പരിമിതമായ, ഭൗമികമായ" തലത്തിൽത്തന്നെ 'യഥാർത്ഥ'മാണ് (AL 113) എന്നും തിരിച്ചറിയാനുള്ള ആഹ്വാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. "പുതിയ അജപാലന രീതികളുടെ" (AL 199) ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകേണ്ടതിനെക്കുറിച്ചും (കാണുക: AL, ഏഴാം അധ്യായം) ഫ്രാൻസിസ് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. അതോടൊപ്പം, മാനദണ്ഡങ്ങളെക്കുറിച്ചുള്ള സങ്കുചിത കാഴ്ചപ്പാടുകൾ മറികടന്നുകൊണ്ട്, കുടുംബങ്ങളിലെ ബലഹീനതകളെ തിരിച്ചറിയാനും, അവരോടൊപ്പം നടക്കാനും, അവരെ ഉൾച്ചേർക്കാനും (കാണുക: AL, എട്ടാം അധ്യായം), "കുടുംബജീവിതത്തിൽ വികസിക്കുന്ന ആത്മീയത"യെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം സഭയെ ക്ഷണിക്കുന്നു.
'പ്രത്യാശയുടെ ജൂബിലി' (Jubilee of Hope) വേളയിൽ ടോർ വെർഗാറ്റയിൽ (Tor Vergata) ഒത്തുചേർന്ന യുവജനങ്ങളോട് ഞാൻ പറഞ്ഞതുപോലെ, ബലഹീനത എന്നത് "സൃഷ്ടിയുടെ അത്ഭുതത്തിന്റെ ഭാഗമാണ്... എല്ലാം സ്ഥിരവും മാറ്റമില്ലാത്തതുമായ ഒരു ജീവിതത്തിനല്ല നമ്മെ സൃഷ്ടിച്ചിരിക്കുന്നത്; മറിച്ച്, സ്നേഹത്തിൽ സ്വയം ദാനം ചെയ്യുന്നതിലൂടെ നിരന്തരം പുതുക്കപ്പെടുന്ന ഒരു അസ്തിത്വത്തിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്." [5] കുടുംബത്തെക്കുറിച്ചുള്ള സുവിശേഷം യുവതലമുറയ്ക്ക് പ്രഘോഷിക്കുന്ന ദൗത്യം നിറവേറ്റുന്നതിന്, വിവാഹമെന്ന വിളിയുടെ സൗന്ദര്യം ബലഹീനതകൾക്കിടയിൽത്തന്നെ തിരിച്ചറിയാൻ നാം പഠിക്കണം. അങ്ങനെ, "ദൈവകൃപയിലുള്ള വിശ്വാസവും" (AL 36) വിശുദ്ധിയിലേക്കുള്ള ക്രിസ്തീയമായ ആഗ്രഹവും വീണ്ടും ഉണർത്താൻ സാധിക്കും. കൂടാതെ, സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള ദാരിദ്ര്യവും അക്രമവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ നാം പിന്തുണയ്ക്കുകയും വേണം. പ്രയാസങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമ്പോഴും, "ആയിരക്കണക്കിന് ചെറുതും എന്നാൽ യാഥാർത്ഥ്യ ബോധമുള്ളതുമായ പ്രവൃത്തികളാൽ" (AL 315) രൂപപ്പെട്ട "കുടുംബ സ്നേഹത്തിന്റെ ആത്മീയത" ജീവിതത്തിൽ പകർത്തുന്ന കുടുംബങ്ങളെപ്രതി നാം കർത്താവിന് നന്ദി പറയുന്നു. കുടുംബ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഇടയന്മാർ, ശുശ്രൂഷകർ, വിശ്വാസി കൂട്ടായ്മകൾ, സഭാപരമായ പ്രസ്ഥാനങ്ങൾ എന്നിവരോടുള്ള എന്റെ നന്ദിയും ഞാൻ അറിയിക്കുന്നു.
സുവിശേഷം പ്രഘോഷിക്കുന്നതിനും അതിന് സാക്ഷ്യം വഹിക്കുന്നതിനുമുള്ള സഭയുടെ ദൗത്യത്തിൽ പങ്കുചേരാൻ കർത്താവ് കുടുംബങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. [6] പത്തു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ ഉപരിയായി, കുടുംബങ്ങൾക്ക് പ്രത്യേകമായ അജപാലനപരമായ ശ്രദ്ധ നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. വാസ്തവത്തിൽ, അൽമായ വിശ്വാസികളിലൂടെയും, പ്രത്യേകിച്ചും കുടുംബങ്ങളിലൂടെയും മാത്രം സഭയ്ക്ക് "ഭൂമിയുടെ ഉപ്പായി" [7] മാറാൻ കഴിയുന്ന ചില സ്ഥലങ്ങളും സാഹചര്യങ്ങളും ഉണ്ട്. അതിനാൽ, വിവാഹ ജീവിതത്തിലേക്കും കുടുംബ ജീവിതത്തിലേക്കും കർത്താവ് വിളിക്കുന്നവർക്ക് ക്രിസ്തുവിൽ തങ്ങളുടെ ദാമ്പത്യസ്നേഹം പൂർണ്ണമായി ജീവിക്കാൻ കഴിയുന്നതിനും, വിവാഹമെന്ന വിളിയുടെ സൗന്ദര്യത്തിലേക്ക് യുവജനങ്ങൾ സഭയ്ക്കുള്ളിൽ ആകർഷിക്കപ്പെടുന്നതിനും വേണ്ടി, ഈ മേഖലയിൽ സഭയുടെ പ്രതിബദ്ധത പുതുക്കുകയും കൂടുതൽ ആഴപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
കുടുംബങ്ങളെ നിരന്തരം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, 'അമോരിസ് ലേത്തിസിയ' (Amoris Laetitia) എന്ന രേഖയെ ആധാരമാക്കിയും, പ്രാദേശിക സഭകളിൽ നിലവിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ കണക്കിലെടുത്തുകൊണ്ടും, ഇന്നത്തെ കുടുംബങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഒരു 'സിനഡൽ വിവേചന' (synodal discernment) പ്രക്രിയയിലേക്ക് കടക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. പരസ്പരം ശ്രവിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനായി, ലോകമെമ്പാടുമുള്ള എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ (മെത്രാൻ സമിതികളുടെ) അധ്യക്ഷന്മാരെ 2026 ഒക്ടോബറിൽ വിളിച്ചുകൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തിലേക്ക് ഈ യാത്രയെ ഞാൻ സമർപ്പിക്കുന്നു.
വത്തിക്കാനിൽ നിന്ന്, 2026 മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ.
ലിയോ പതിനാലാമൻ മാർപ്പാപ്പ