Page 5

LOAF TIDINGS

Joy of Love in Family

Guest Corner
ബൈബിൾ സ്ത്രീയെ രണ്ടാംകിടയാക്കുന്നുവോ?

“ബൈബിൾ സ്ത്രീയെ പുരുഷന്റെ കീഴിൽ രണ്ടാംകിട വ്യക്തിയായി അവതരിപ്പിക്കുന്നു” എന്ന ആരോപണം ബൈബിളിന്റെ സമഗ്ര സന്ദേശത്തിന്റെയും തിരുസഭയുടെ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് ബോധ്യപ്പെടും. ബൈബിളിലെ സ്ത്രീകളെക്കുറിച്ചുള്ള എല്ലാ വാക്യങ്ങളും സത്യസന്ധമായി അംഗീകരിക്കുകയും അവയെ അവയുടെ കൃത്യമായ ചരിത്രപരവും ദൈവശാസ്ത്രപരവുമായ സന്ദർഭത്തിൽ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

സൃഷ്ടിയിൽ പുരുഷനും സ്ത്രീയും: തുല്യ പദവിയും മഹത്വവും

ഉല്പത്തി 1:27 പറയുന്നു: “അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു"

അതിനാൽ പുരുഷനും സ്ത്രീയും ഒരുപോലെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരുമാണ്. ഭൂമിയുടെ മേലുള്ള ആധിപത്യവും പരിപാലന ചുമതലയും ദൈവം പുരുഷന്മാർക്ക് മാത്രമായി നൽകിയതല്ല; മറിച്ച് മുഴുവൻ മനുഷ്യരാശിക്കും—പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ—ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന ദൗത്യമാണ്.

'സഹായി' (Help-mate / Ezer) എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം ഉല്പത്തി 2:18-ൽ ദൈവം പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവനു ചേർന്ന ഇണയെ ഞാൻ നൽകും.”

ഇവിടെ 'സഹായി' അല്ലെങ്കിൽ 'ഇണ' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രു പദം 'ഏസെർ' (Ezer) എന്നതാണ്. ബൈബിളിൽ ഈ പദം ഒട്ടും താഴ്ന്ന ഒരു സ്ഥാനത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച്, സങ്കീർത്തനങ്ങളിലും മറ്റു പഴയനിയമ പുസ്തകങ്ങളിലും ദൈവം മനുഷ്യന്റെ 'സഹായി' (Ezer) ആണ് എന്ന് വ്യക്തമാക്കാൻ ഈ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്:

“എന്റെ സഹായം (Ezer) കർത്താവിൽനിന്നു വരുന്നു” (സങ്കീർത്തനങ്ങൾ 121:2).

“അവിടുന്ന് നമ്മുടെ സഹായവും (Ezer) പരിചയുമാകുന്നു” (സങ്കീർത്തനങ്ങൾ 33:20).

ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ് സ്ത്രീയെ പുരുഷന്റെ 'സഹായി' എന്ന് വിളിക്കാനും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ബൈബിളിൽ 'സഹായി' എന്നത് താഴ്ന്ന സ്ഥാനത്തെയോ അടിമത്തത്തെയോ അല്ല സൂചിപ്പിക്കുന്നത്; മറിച്ച് പരസ്പരസഹായത്തെയും, സമാന ശക്തിയോടെ കൂടെ നിൽക്കുന്ന കൂട്ടായ്മയെയുമാണ്.

“അവൻ നിന്നെ ഭരിക്കും” (ഉല്പത്തി 3:16)

ഉല്പത്തി 3:16-ൽ പറയുന്നു: “നിനക്കു ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും.”

ഈ വാക്യത്തെ സ്ത്രീയുടെമേൽ പുരുഷന് ദൈവം നൽകിയ ശാശ്വതമായ അധികാരമോ നിയമമോ ആയി വായിക്കരുത്. മറിച്ച്, ഇത് മനുഷ്യൻ പാപം ചെയ്തതിന്റെ അനന്തരഫലമായി സൃഷ്ടിയുടെ സന്തുലിതാവസ്ഥയിൽ വന്ന തകർച്ചയെക്കുറിച്ചുള്ള വിവരണമാണ് . പാപം മൂലം പരസ്പരസ്നേഹത്തിന്റെയും സമത്വത്തിന്റെയും സ്ഥാനത്ത് സ്വാർത്ഥതയും ആധിപത്യവും കടന്നുകൂടി. ആധിപത്യത്തിന്റെ ഈ ദോഷം ചരിത്രത്തിലുടനീളം കൂടുതലായി അനുഭവിക്കേണ്ടി വന്നത് സ്ത്രീക്കാണ്. സ്ത്രീ പുരുഷന്റെ “വസ്തുവോ” “സ്വത്തോ” ആകാൻ പാടില്ല. സ്ത്രീയെ അപമാനിക്കുന്ന പുരുഷൻ സ്വന്തം മനുഷ്യമഹത്വത്തെ തന്നെയാണ് കുറയ്ക്കുന്നത്.

എഫെസോസ് 5:23 – “ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്”: ഇത് ഭരിക്കാനുള്ള അനുവാദമാണോ?

എഫെസോസ് 5:23-ൽ വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു:

" ക്രിസ്‌തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്‌സാണ്‌"

എന്നാൽ ഇതിന്റെ തുടർന്നു വരുന്ന വാക്യങ്ങൾ (എഫെസോസ് 5:25-28) ഈ വാക്യത്തിന് നൽകുന്ന അർത്ഥം ഭരണത്തിന്റെയോ അധികാരത്തിന്റെയോ അല്ല, മറിച്ച് സ്വയം സമർപ്പിക്കുന്ന സ്നേഹത്തിന്റേതാണ്:

"ഭര്‍ത്താക്കന്‍മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്‌ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്‌തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം. അവന്‍ സഭയെ വിശുദ്‌ധീകരിക്കുന്നതിന്‌, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത്‌ അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെപ്രതിഷ്‌ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്‌ധയുമായിരിക്കുന്നതിനും വേണ്ടിയാണ്‌. അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്‌"

1 കൊരിന്ത്യർ 14:34–35: സ്ത്രീകൾ സഭകളിൽ മൗനം പാലിക്കണമോ?

1 കൊറിന്ത്യർ 14:34–35-ൽ സ്ത്രീകൾ സഭകളിൽ മൗനം പാലിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ ഈ വാക്യങ്ങളെ മാത്രം അടിസ്ഥാനമാക്കി എല്ലാ കാലത്തേക്കുമായി സ്ത്രീകൾക്ക് സഭയിൽ സംസാരിക്കാനോ സാക്ഷ്യം നൽകാനോ അവകാശമില്ല എന്ന് നിഗമനത്തിലെത്തുന്നത് ശരിയായ വ്യാഖ്യാനമല്ല.

കൊറിന്ത്യ സഭയിൽ നിലനിന്നിരുന്ന ചില പ്രത്യേക ആരാധനാക്രമ പ്രശ്നങ്ങളെയും അച്ചടക്കമില്ലായ്മയെയും ക്രമീകരിക്കാൻ വിശുദ്ധ പൗലോസ് നൽകിയ പ്രാദേശികവും താൽക്കാലികവുമായ നിർദ്ദേശമായിരുന്നു അത്. ഇതേ പൗലോസ് ശ്ലീഹാ തന്നെ 1 കൊറിന്ത്യർ 11:5-ൽ സ്ത്രീകൾ പ്രവചിക്കുന്നതിനെയും പ്രാർത്ഥിക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നുമുണ്ട്. അതിനാൽ, ഈ ഭാഗം സ്ത്രീയുടെ അടിസ്ഥാനപരമായ മനുഷ്യഅന്തസിനെയോ സംസാരിക്കാനുള്ള അവകാശത്തെയോ നിഷേധിക്കുന്ന സാർവത്രിക വിധി അല്ല.

ഈശോ മിശിഹായ്ക്ക് സ്ത്രീകളോടുള്ള സമീപനം

ഈശോയുടെ സ്ത്രീകളോടുള്ള സമീപനം തന്റെ കാലഘട്ടത്തിലെ സാമൂഹിക മാനദണ്ഡങ്ങൾക്ക് തികച്ചും വിരുദ്ധവും വിപ്ലവകരവുമായിരുന്നു:

ഈശോയുടെ സ്ത്രീകളോടുള്ള സമീപനം തന്റെ കാലഘട്ടത്തിലെ സാമൂഹിക മാനദണ്ഡങ്ങൾക്ക് തികച്ചും വിരുദ്ധവും വിപ്ലവകരവുമായിരുന്നു:

ഈശോ സ്ത്രീകളോട് പരസ്യമായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

പാപിനിയെന്ന് സമൂഹം തള്ളിക്കളഞ്ഞ സ്ത്രീയെ തല്ലിക്കൊല്ലാൻ സമ്മതിക്കാതെ അവളുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. രക്തസ്രാവമുള്ള സ്ത്രീയോട് “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി” (ലൂക്കാ 8:48) എന്ന് പറഞ്ഞ് അവളെ ചേർത്തുപിടിച്ചു. കാനാന്യസ്ത്രീയോട് “സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്” (മത്തായി 15:28) എന്ന് പ്രഖ്യാപിച്ചു. ദരിദ്രവിധവയുടെ സമർപ്പണത്തെ എല്ലാവർക്കും മാതൃകയായി അവതരിപ്പിച്ചു. ഉയിർത്തെഴുന്നേറ്റ മിശിഹായെ ആദ്യം കണ്ടതും സഹോദരന്മാരോട് ആ സന്തോഷവാർത്ത അറിയിക്കാൻ നിയോഗിക്കപ്പെട്ടതും മറിയം മഗ്ദലീന എന്ന സ്ത്രീയായിരുന്നു.

Key Themes in following documents

Mulieris Dignitatem (പോപ്പ് ജോൺ പോൾ II, 1988):

സ്ത്രീയുടെ അന്തസ്സ് , വിളി, പുരുഷ–സ്ത്രീ ബന്ധം എന്നിവയെക്കുറിച്ചുള്ള ഈ അപ്പസ്തോലിക ലേഖനം, പുരുഷനും സ്ത്രീയും ഒരുപോലെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട തുല്യ മഹത്വമുള്ള മനുഷ്യവ്യക്തികളാണെന്ന് പഠിപ്പിക്കുന്നു. ഉല്പത്തി ഗ്രന്ഥത്തിലെ “സഹായി” എന്നത് അധീനതയെയല്ല, മറിച്ച് പരസ്പരസഹായത്തെയും കൂട്ടായ്മയെയും സൂചിപ്പിക്കുന്നു. “അവൻ നിന്നെ ഭരിക്കും” എന്നത് ദൈവത്തിന്റെ ആദിമനിയമമല്ല; പാപം മൂലം പുരുഷ–സ്ത്രീബന്ധത്തിൽ കടന്നുവന്ന ആധിപത്യത്തെയും തകർച്ചയെയും സൂചിപ്പിക്കുന്നു. ഈശോ മിശിഹാ തന്റെ വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളുടെ മാന്യത ഉയർത്തിപ്പിടിച്ചു.

“What is Man?” (പോന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ, 2019):

ബൈബിളിന്റെ വെളിച്ചത്തിൽ മനുഷ്യന്റെ മഹത്വവും ബന്ധങ്ങളും പരിശോധിക്കുന്ന ഈ പഠനം, ഈശോ തന്റെ കാലഘട്ടത്തിൽ സ്ത്രീകളെ പൊതുവായി വിലകുറച്ച് കാണുന്ന സാഹചര്യങ്ങൾക്കിടയിലും അവരോട് പ്രത്യേക ബഹുമാനവും ശ്രദ്ധയും കാണിച്ചുവെന്ന് എടുത്തുപറയുന്നു. സ്ത്രീകൾ ഈശോയെ അനുഗമിക്കുകയും അവന്റെ ദൗത്യത്തിൽ പങ്കാളികളാകുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യസാക്ഷികളാകുകയും ചെയ്തു. എന്നിരുന്നാലും, ഈ രേഖയുടെ വിശാലമായ വിഷയം സ്ത്രീകളെക്കുറിച്ചുമാത്രമല്ല; ബൈബിളിലെ സമഗ്രമായ മനുഷ്യശാസ്ത്രമാണ്.

Letter to Women (പോപ്പ് ജോൺ പോൾ II, 1995):

സ്ത്രീകൾ കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് നന്ദി പറയുന്ന ഈ കത്ത്, സ്ത്രീകളുടെ മാന്യതയും ദൗത്യവും ഉയർത്തിപ്പിടിക്കുന്നു. ചരിത്രത്തിൽ സ്ത്രീകൾ നേരിട്ട അനീതികൾക്കും അവരുടെ മാന്യത നിഷേധിക്കപ്പെട്ട സാഹചര്യങ്ങൾക്കും പോപ്പ് ജോൺ പോൾ II ഖേദം പ്രകടിപ്പിക്കുന്നു. സ്ത്രീകളെ ചൂഷണത്തിൽനിന്നും ആധിപത്യത്തിൽനിന്നും മോചിപ്പിക്കുന്നതിൽ ഈശോയുടെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

Pacem in Terris (പോപ്പ് ജോൺ XXIII, 1963):

സമാധാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ഈ ചാക്രികലേഖനം, സ്ത്രീകൾ സ്വന്തം അന്തസ്സിനെക്കുറിച്ച് ബോധമുള്ളവരായി കുടുംബത്തിലും പൊതുജീവിതത്തിലും മനുഷ്യവ്യക്തികൾക്കുള്ള അവകാശങ്ങളും കടമകളും ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീയുടെ മഹത്വവും അവളുടെ സാമൂഹിക പങ്കാളിത്തവും അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് രേഖ ഇവിടെ വ്യക്തമാക്കുന്നത്.

10. വിവാഹകൂദാശയുടെ കൃപ

ഈ ജീവിതം മനുഷ്യശക്തികൊണ്ട് മാത്രം സാധ്യമല്ല. അതുകൊണ്ടാണ് ക്രിസ്തു വിവാഹത്തെ ഒരു കൂദാശയാക്കിയിരിക്കുന്നത്. വിവാഹ കൂദാശയിലൂടെ ദമ്പതികൾക്ക് പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും സഹിക്കാനും ത്യജിക്കാനും വിശുദ്ധിയിൽ വളരാനും ആവശ്യമായ കൃപ ലഭിക്കുന്നു. അതിനാൽ ക്രിസ്തീയ ദമ്പതികൾ പറയേണ്ടത്: “നമ്മൾ രണ്ടുപേരും ചേർന്ന് ജീവിതം നയിക്കുന്നു” എന്നതിലുപരി, “ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിൽ, പരസ്പരം ചേർന്ന് വിശുദ്ധിയിലേക്ക് വളരുകയാണ്” എന്നതാണ്.

ചുരുക്കത്തിൽ :

പുരുഷനും സ്ത്രീയും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട, തുല്യരായ വ്യക്തികളാണ്. അവരുടെ വ്യത്യാസങ്ങൾ പരസ്പരവിരോധത്തിനല്ല പരസ്പരസഹകരണത്തിനും കൂട്ടായ്മയ്ക്കുമാണ്. സ്ത്രീയെ ബഹുമാനിക്കുകയും അവളുടെ മാന്യതയും അവകാശങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നത് ബൈബിളിനും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കും പൂർണ്ണമായി അനുസൃതമാണ്.

Story Image

 വിൽഫി വിൽസൺ

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12